Monday, January 20, 2025

HomeAmericaഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു

spot_img
spot_img

കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് 27 രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഡോക്ടർ എൻ ഗോപാലകൃഷ്ണൻ 1982 മുതൽ 25 വർഷക്കാലം സിഎസ്‌ഐആറിൽ സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു. 1993 94 കാലഘട്ടത്തിൽ കാനഡയിലെ ആൽബർട്ട സർവ്വകലാശാലയിൽ വിസിറ്റിങ് സയന്റിസ്റ്റ് ആയി. ഇന്ത്യയിലെയും വിദേശത്തെയും സർവ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കൽറ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുഎസ്, കാനഡ, യുകെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അദ്ദേഹം നിരവധി തവണ സന്ദർശിക്കുകയും ഇന്ത്യൻ, വിദേശ സർവകലാശാലകളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

എൻ ഗോപാലകൃഷ്ണനും സഹപ്രവർത്തകരും ചേർന്ന് 1999ൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം.

ശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും കോർത്തിണക്കി നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ, ഗ്രന്ഥങ്ങൾ, പഠനങ്ങൾ എന്നിവയെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.

മംഗലാപുരത്തുനിന്ന് വന്ന് കുമ്പളത്ത് താമസമാക്കിയ പരമ്പരയിൽ പെട്ട പൂജാരിയും ശാന്തിക്കാരനുമായ നാരായണൻ എമ്പ്രാന്തിരിയുടേയും കൊച്ചി രാജാവിന്റെ വിഷവൈദ്യൻ കേശവൻ എമ്പ്രാന്തിരിയുടെ മകൾ സത്യഭാമയുടെ മകനായി തൃപ്പുണിത്തുറയിൽ 1955 ലായിരുന്നു ജനനം.

ഭാര്യ: പരേതയായ രുഗ്മണി. മക്കൾ: ഹരീഷ്(ഐടി, ബംഗളൂരു), ഹേമ. മരുമകൻ: ആനന്ദ്. സഹോദരങ്ങൾ: എൻ. ശ്രീനിവാസൻ, എൻ.വാസുദേവൻ, എൻ. ബാലചന്ദ്രൻ, എൻ.രാജഗോപാൽ, വനജ ശ്രീനിവാസൻ.

ലളിതമായ അദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ അദ്ദേഹം 6000ൽ അധികം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. 60 പുസ്തകങ്ങൾ എഴുതിയ ഇദ്ദേഹം പ്രഭാഷണങ്ങളുടെ 200 എംപി3 സിഡികളും 50 വീഡിയോ സിഡികളും പുറത്തിറക്കി.ഏഴ് പേറ്റന്റ് സ്വന്തമായിട്ടുള്ള ഗോപാലകൃഷ്ണൻ കെമിസ്ട്രിയിൽ രണ്ട് എംഎസ്‌സിയും സോഷ്യോളജിയിൽ എംഎയും ബയോകെമിസ്ട്രിയിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. 29 വർഷത്തെ ഗവേഷണ കാലയളവിൽ 50 റിസേർച്ച് പേപ്പറുകൾ രാജ്യാന്തരതലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രഗവേഷണത്തിനുള്ള ആറ് പുരസ്‌കാരവും ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിനുള്ള ഒൻപത് രാജ്യാന്തര പുരസ്‌കാരവും രണ്ട് രാജ്യാന്തര ഫെല്ലോഷിപ്പും നേടി. നിലവിൽ കാനഡ ആൽബർട്ട യൂണിവേഴ്‌സിറ്റി ഫെല്ലോയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments