എ.എസ് ശ്രീകുമാര്‍
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഈറ്റാനഗറിലെ ജിറോയിലുള്ള ‘ബ്ലൂപൈന്‍’ ഹോട്ടലിന്റെ 305-ാം നമ്പര്‍ റൂമില്‍ മലയാളി ദമ്പതിമാരെയും വനിതാ സുഹൃത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസമാണ് മൂവരുടെയും ജീവിതാന്ത്യം കുറിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. ”സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു…” എന്നാണ് മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുള്ളത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ‘കാവില്‍’ പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ്‌നഗറിലെ അധ്യാപിക ലത മങ്കേഷിന്റെയും ഏക മകളായ ദേവി (40), ഭര്‍ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ റിട്ടേഡ് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥനായ എം.വി തോമസിന്റെയും കെ.എഫ്.സ് റിട്ടയേഡ് മാനേജര്‍ അന്നമ്മ തോമസിന്റെയും മകനായ നവീന്‍ തോമസ് (40), വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മേലേത്തുമേലെ ജംങ്ഷന്‍ ശ്രീരാഗത്തില്‍, എച്ച്.എല്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന കെ അനില്‍കുമാറിന്റെയും ജി ബാലാംബികയുടെയും ഏക മകളും തിരുവനന്തപുരം ചെമ്പക സ്‌കൂളിലെ അധ്യാപികയുമായ ആര്യാ നായര്‍ (29) എന്നിവരെയാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടത്.
മൂവരും അവസാനമായി ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലുകളും ആത്മഹത്യാക്കുറിപ്പുമെല്ലാം മരണാനന്തര ജീവിതം ഇഷ്ടപ്പെടുന്ന സാത്താന്‍സേവയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ദേവിയും ആര്യയും തമ്മിലുള്ള പിരിയാനാകാത്ത സൗഹൃദമാണോ ഒരുമിച്ചുള്ള മരണത്തിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. നവീനും ദേവിയും ആര്യയും അവസാന ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്റിയാണെന്ന് ഇവരുടെ ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണ്. മരണാനന്തരം എന്തു സംഭവിക്കും, അതു സംബന്ധിച്ചുള്ള ആധ്യാത്മിക കാര്യങ്ങള്‍, ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ബ്രൗസിങ് ഹിസ്റ്ററിയിലുണ്ട്.
ദേവി പുനര്‍ജന്‍മത്തില്‍ വിശ്വസിക്കുന്നുവെന്ന് സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ടന്നും അടുത്തകാലത്തായി ഇത്തരം വിശ്വാസങ്ങള്‍ കൂടുതലായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തില്‍നിന്നു രക്തം വാര്‍ന്നുള്ള മരണവും അന്ധവിശ്വാസത്തിന്റെ ഭാഗമാണെന്നാണത്രേ. ഇവരുടെ ശരീരമാസകലം ബ്ലേഡുകൊണ്ട് വരഞ്ഞ മുറിവുകളുണ്ട്. ആര്യയ്ക്ക് നാട്ടില്‍ വലിയ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ദേവിക്കും നവീനും കുറേനാളായി മറ്റുള്ളവരുമായി ബന്ധമില്ലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മാത്രമാണ് ആശയവിനിമയം നടത്തിയിരുന്നത്.
ദുര്‍മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന ചില വെബ്‌സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറേമാസങ്ങളായി നവീനും ദേവിയും ആര്യയും ജീവിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം. ജീവിതവിരക്തി, സമൂഹത്തോടു പ്രതിബദ്ധതയില്ലായ്മ തുടങ്ങിയ ആശയങ്ങളാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. പുനര്‍ജന്‍മത്തിന് സാത്താന്‍ ആരാധനകളിലൂടെയുള്ള മരണമാണ് ഇവര്‍ സേര്‍ച്ച് ചെയ്തിരുന്നത്.
തിരുവനന്തപുരം അയുര്‍വേദ കോളേജിലെ പഠനകാലത്താണ് നവീനും ദേവിയും പരിചയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഭിന്ന സമുദായക്കാരായ ഇവരുടെ വിവാഹം 13 വര്‍ഷം മുന്‍പായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന നവീനും ദേവിയും പ്രാക്ടീസ് ഉപേക്ഷിച്ചതും പുനര്‍ജന്‍മ ആശയങ്ങളുടെ പിന്നാലെ പോയതിനാലാണെന്നാണ് കരുതുന്നത്. ഒന്നരവര്‍ഷമായി ആരോടും സംസാരിക്കാതെ നവീന്‍ മുറിയടച്ചിരിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ദേവിയുടെയും ആര്യയുടെയും ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിക്കുന്നു
ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ദേവിയും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന ആര്യയും അടുത്ത സുഹൃത്തുക്കളായിരുന്നു. സ്‌കോളര്‍ഷിപ്പോടെ ജര്‍മനിയില്‍ പോയാണ് ദേവി ജര്‍മന്‍ ഭാഷ പഠിച്ചത്. നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലും കേക്ക് നിര്‍മാണത്തിലും സജീവമായിരുന്നു. ദേവി കോവിഡ് കാലത്തിന് മുന്‍പ് സ്‌കൂളില്‍നിന്ന് രാജിവെച്ചിരുന്നു. ആര്യ സുഖമില്ലെന്ന് പറഞ്ഞ് ഒരാഴ്ചമുന്‍പ് സ്‌കൂളില്‍ നിന്ന് ലീവെടുക്കുകയുണ്ടായി.
ദേവിയും ആര്യയും നല്ല അധ്യാപകരായാണ് സ്‌കൂളിലും അറിയപ്പെട്ടിരുന്നത്. ആര്യ വീട്ടുകാരോട് പറയാതെയാണ് പോയത്. ആര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ആര്യയുടെ അച്ഛന്‍ കെ അനില്‍കുമാര്‍ മാര്‍ച്ച് 27-ന് വീട്ടുകാര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതിപ്പെട്ടതനുസരിച്ച് ഒരു മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിക്കും നവീനുമൊപ്പമാണ് പോയതെന്ന് പോലീസിന് മനസിലാകുന്നത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ആത്മഹത്യാ കുറിപ്പിനൊപ്പം ബന്ധുക്കളെ വിളിക്കാനുള്ള ഫോണ്‍ നമ്പറും എഴുതിവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറ്റാനഗര്‍ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയുന്നത്. ഇന്നലെ (ഏപ്രില്‍ 2) രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.
മേയ് ആറിന് ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ഏകമകളുടെ വിവാഹക്ഷണക്കത്ത് മാതാപിതാക്കളായ അനില്‍കുമാറും ബാലാംബികയും നേരിട്ടാണ് ബന്ധമുത്രാദികള്‍ക്ക് എത്തിച്ചത്. സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണ് ആര്യയുടേത്. വീടിനു സമീപമാണ് അനില്‍കുമാറിന്റെ സഹോദരങ്ങളും കുടുംബവും താമസിക്കുന്നത്. എല്ലാവര്‍ക്കും ആര്യയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. എന്നാല്‍ ആര്യയുടെ വിവാഹം നിശ്ചയിച്ചതിനുപിന്നാലെയുള്ള കൂട്ടമരണത്തില്‍ ഇവര്‍ക്കു തമ്മില്‍ വേര്‍പിരിയാനുള്ള വിഷമമാണോയെന്നതും അന്വേഷണ പരിധിയില്‍ വരും.
മാര്‍ച്ച് 27-നാണ് നവീനും ദേവിയും ടൂറിന് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് തിരുവനന്തപുരം വിമാനത്താവളം വഴി അരുണാചലിലേക്ക് യാത്രയായത്. വിനോദയാത്രയായതിനാല്‍ ബന്ധുക്കളും സംശയിച്ചില്ല. കൊല്‍ക്കത്ത, ഗുവാഹത്തി വഴിയാണ് അരുണാചലിലേക്ക് പോയതെന്നാണ് വിവരം. ഇവര്‍ പോയ കാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഇന്നലെ കണ്ടെടുത്തിരുന്നു. നവീനിന്റെ സഹോദരി നീതു തോമസ് കുടുംബസമേതം അമേരിക്കയിലാണ്.