രഞ്ജിത് ചന്ദ്രശേഖർ
ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളില്‍ നാല് ദശകങ്ങളില്‍ ഏറെ ആയി പൈതൃകവും പാരമ്പര്യവും സമഗ്രമായി പിന്തുടര്‍ന്ന് ഹൈന്ദവ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഷിക്കാഗോ ഗീതാമണ്ഡലം വിഷു പൂജയും ആഘോഷങ്ങളും ഏപ്രില്‍ 13ന് ശനിയാഴച രാവിലെ പത്തു മണി തൊട്ടു ഗീതാ മണ്ഡലം തറവാട് ക്ഷേത്രത്തില്‍ വച്ച് നടന്നു. മന്ത്ര പ്രസിഡന്റ് ശ്രീ ശ്യാം ശങ്കര്‍ മുഖ്യ അതിഥി ആയി പങ്കെടുത്തു.
മന്ത്രയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഗീതാമണ്ഡലം കുടുംബ അംഗങ്ങള്‍ നല്‍കുന്ന ഊര്‍ജം വില മതിക്കാന്‍ ആവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് തന്നെ കണ്ടു മടുത്ത നിര്‍ജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് വ്യത്യസ്തമായി മലയാളീ ഹൈന്ദവ കുടുംബങ്ങളില്‍ തരംഗം ആവാന്‍ മന്ത്രക്ക് സാധിച്ചുവെന്ന് മന്ത്ര പ്രസിഡന്റിന് സ്വാഗതം അരുളിക്കൊണ്ട് ഗീതാ മണ്ഡലം പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.മന്ത്രയുടെ മുന്നോട്ടു ള്ള പ്രവര്‍ത്തനങ്ങളില്‍ ഗീതാമണ്ഡലം കുടുംബ അംഗങ്ങള്‍ നല്‍കുന്ന ഊര്‍ജം വില മതിക്കാന്‍ ആവാത്തതാണെന്ന് ശ്രീ ശ്യാം ശങ്കര്‍ അറിയിച്ചു.മന്ത്ര ആധ്യാത്മിക അധ്യക്ഷന്‍ ശ്രീ ആനന്ദ് പ്രഭാകര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മഹാഗണപതി ഹോമങ്ങളോടെയാണ് ഈ വര്‍ഷത്തെ മഹാവിഷു പൂജകള്‍ ആരംഭിച്ചത്. തുടര്‍ന്ന് പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും വിശേഷാല്‍ ശ്രീകൃഷ്ണ പൂജ നടത്തി. അതിനുശേഷം കണിക്കൊന്നയാല്‍ അലങ്കരിച്ച ക്ഷേത്രങ്കണത്തില്‍,സര്‍വ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനുമുന്നില്‍ എഴുതിരി വിളക്കുകള്‍ തെളിച്ച്,പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളില്‍, ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കണ്‍മഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും,ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ചിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്.