വാഷിംഗ്ടൺ: മാസങ്ങളോളം ബഹിരാകാശത്ത് കുടുങ്ങിയ ശേഷം ഭൂമിയിൽ തിരിച്ചെത്തിയ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ഭൂമിയിലെത്തി ആഴ്ച്ചകൾക്കുള്ളിൽ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതായി സുനിത തന്നെ സാക്ഷ്യപ്പെടുത്തി.
കഴിഞ്ഞ ദിവസം നാല് മൈൽ ദൂരം ഓടി. ഇപ്പോഴും പൊതുജനം ഞങ്ങളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ നൽകുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതായി പറഞ്ഞ സുനിത. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിൽക്കുമ്പോൾ ജോലിയിൽ മാത്രമാണ് ശ്രദ്ധിച്ചതെന്നും ഭൂമിയിലെ വിവാദങ്ങൾ ആ സമയത്ത് ശ്രദ്ധിച്ചതേ ഇല്ലെന്നും അവര്‍ വ്യക്തമാക്കി..
ദൗത്യങ്ങൾ തുടരുന്നതിനാൽ തിരിച്ചുവരവിന്റെ കാര്യത്തിൽ ആശങ്കയേ ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് വേണ്ടി ഡ്രാഗൺ പേടകത്തിലെ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നവർക്ക് നന്ദിയുണ്ടെന്നും സ്റ്റാർലൈനർ മികച്ച പേടകമാണെന്നും അവർ പറഞ്ഞു.
സ്റ്റാർലൈനർ പ്രതിസന്ധിയുടെ കാര്യത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് സഹയാത്രികൻ ബുച്ച് വിൽമോർ പറഞ്ഞു. പേടകത്തിന്റെ കമാൻഡർ എന്ന നിലയ്ക്ക് തനിക്കും ഉത്തരവാദിത്തമുണ്ട്. ഈ ദൗത്യത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു . ഇനിയുള്ള ദൗത്യങ്ങളിൽ ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേർത്തു