മനാമ: അമേരിക്കക്ക് വൻ തിരിച്ചടിയായി ആളില്ലാ ചാര വിമാനം യമനിലെ ഹൂതി വിമതർ വെടിവച്ചിട്ടു. യുഎസ് നിർമ്മിത അത്യാധുനിക എംക്യു9 റീപ്പർ ഡ്രോണാണ് മിസൈൽ ഉപയോഗിച്ച് തകർത്തത്. മധ്യ യെമൻ പ്രവിശ്യയായ മാരിബിന് മുകളിൽ പ്രാദേശികമായി നിർമ്മിച്ച ഭൂതലവ്യോമ മിസൈൽ ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി പറഞ്ഞു. റീപ്പർ തകർന്നതായി അസോസിയേറ്റഡ് പ്രസ്സിനോട് അമേരിക്കൻ സൈന്യം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഡ്രോൺ തകർത്തത്. തകർന്നുവീണ ചാര വിമാനം കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങൾ ഹൂതികൾ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. യമനിൽ അമേരിക്ക ശക്തമായ ബോംബാക്രമണം തുടരുന്നതിനിടെയാണ് ഹൂതി തിരിച്ചടി.
യമനിലെ സായുധ സേനയ്ക്ക് അവരുടെ ശത്രുക്കളെ ഞെട്ടിക്കുന്ന വിശാലവും പ്രധാനപ്പെട്ടതുമായ സൈനിക ശേഷിയുണ്ടെന്ന് ഹൂതി പ്രതിരോധ മന്ത്രി മേജർ ജനറൽ മുഹമ്മദ് നാസർ അൽഅതിഫി മുന്നറിയിപ്പ് നൽകി.
യമനിലെ ഹൂതി സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അവകാശപ്പെടുന്നതിന് പിന്നാലെയാണ് തിരിച്ചടിയായി ആളില്ലാ ചാര വിമാനം ഹൂതികൾ വെടിവെച്ചിട്ടത്.
2014നുശേഷം ഹൂതികൾ വെടിവെച്ചിടുന്ന 20-ാമത്തെ എംക്യു9 റീപ്പർ ഡ്രോണാണിത്. ഇതിൽ 16 എണ്ണവും പലസ്ഥീനിൽ ഇസ്രയേൽ അധിനിവേശ യുദ്ധം ആരംഭിച്ചശേഷമാണ്. യുഎസ് സൈന്യത്തിന്റെ അഭിമാനമായ ഈ ഡ്രോണിൽ റഡാർ, പ്രിസിഷൻ സെൻസറുകൾ, നിരീക്ഷണ സംവിധാനങ്ങൾ, ലക്ഷ്യത്തിൽ കൃത്യമായ ആക്രമണം നടത്താനുളള സംവിധാനം എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങൾ ഉണ്ട്. ലേസർ ഗൈഡഡ് മിസൈലുകളും ബോംബുകളും വഹിക്കാനും തീവ്രമായ കാലാവസ്ഥയിൽ പ്രവർത്തിക്കാനും 40 മണിക്കൂർ വരെ വായുവിലൂടെ സഞ്ചരിക്കാനും കഴിയും. ശരാശരി 3 കോടി ഡോളർ (ഏതാണ്ട് 257 കോടി രൂപ) ചിലവ് വരുന്ന ഈ ഡ്രോണിന് 50,000 അടി ഉയരത്തിൽ പറക്കാൻ കഴിയും. 40, 000 അടിവരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ചാരവിമാനം തുടർച്ചയായി ഹൂതി വിമതർ വെടിവെച്ചിടുന്നത് അവരുടെ സൈനിക ശേഷിയെ കാണിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇറാന്റെ 358 പോലുള്ള ഭൂതല മിസൈലുകൾ ഹൂതികൾക്ക് ഉണ്ടെന്നാണ് അമേരിക്ക കരുതുന്നത്.