വാഷിങ്ടൺ: ലോകം കാത്തിരിക്കുന്ന അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്) വൈറ്റ് ഹൗസിൽ നടക്കും. പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങൾക്കും എതിരെ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടില്ല.
പ്രഖ്യാപന ചടങ്ങിന് ‘മെയ്ക്ക് അമേരിക്ക വെൽത്തി എഗെയ്ൻ’ എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കക്ക് ലഭിക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. തിരിച്ചടിത്തീരുവ പ്രാബല്യത്തിലായാൽ യുഎസിൽ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു വില കൂടുന്നതു കയറ്റുമതിയെ പ്രതികൂലമായി ബാധിക്കാം. സമുദ്രോൽപന്ന–വസ്ത്ര കയറ്റുമതി രംഗങ്ങളിൽ കേരളത്തിൽ ആകാംക്ഷയും ആശങ്കയുമുണ്ട്.
ഭൂരിഭാഗം ഇറക്കുമതിക്കും 20 ശതമാനത്തോളം തീരുവ ചുമത്താനാണു ട്രംപ് ഭരണകൂടം തയാറെടുക്കുന്നതെന്നാണു റിപ്പോർട്ട്. ഇതിൽനിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കില്ലെന്നാണു സൂചന. അതേസമയം, അന്യായ തീരുവകൾ ഇന്ത്യ കാര്യമായി വെട്ടിക്കുറയ്ക്കുമെന്നു കേട്ടുവെന്നും ഇതു നേരത്തേയാവാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
യുഎസിന് അന്യായ തീരുവ ചുമത്തുന്ന ഇന്ത്യ അടക്കം രാജ്യങ്ങളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടു മണിക്കൂറുകൾക്കകമാണു ട്രംപിന്റെ പരാമർശം. അമേരിക്കൻ കാർഷികോൽപന്നങ്ങൾക്ക് 100% തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നു പട്ടികയിലുണ്ട്. ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് ഇതിനകം യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം, താരിഫുകൾ വരുന്നതിൽ അമേരിക്കയിൽ മാത്രമല്ല ആഗോളതലത്തിൽ നിക്ഷേപകരും വ്യവസായികളും ആശങ്കയിലാണ്. ട്രംപ് സാർവത്രികമായി 20% താരിഫ് ഏർപ്പെടുത്തിയാൽ 5.5 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ 7% ആയി ഉയർരുമെന്നും യുഎസ് ജിഡിപി 1.7% കുറയുമെന്നും മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ, ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാൻഡിയെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ നികുതി ചുമത്തലിനെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തിരിച്ചടി നൽകുമെന്ന് പറഞ്ഞിരുന്നു. ചൈനയടക്കമുള്ള രാജ്യങ്ങളും അമേരിക്കൻ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. താരിഫ് ഒഴിവാക്കാനുള്ള പ്രതീക്ഷയിൽ യുഎസുമായി ചർച്ച തുടരുമെന്നാണ് ഇന്ത്യൻ സർക്കാറിന്റെ നയം.