വാഷിങ്ടൻ : ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ രൂപീകരിച്ച ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യിൽ നിന്ന് തലവനായ ഇലോൺ മസ്ക് പുറത്തേക്കെന്ന് റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ ‘പൊളിറ്റിക്കോ’ ആണ് ഇലോൺ മസ്ക് ഡോജിൽ നിന്ന് പടിയിറങ്ങുന്നതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഇലോൺ മസ്‌ക് ഉടൻ തന്നെ സർക്കാർ പദവിയിൽനിന്നു പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാബിനറ്റ് അംഗങ്ങളോടും മറ്റ് അടുത്ത ബന്ധുക്കളോടും പറഞ്ഞതായും ‘പൊളിറ്റിക്കോ’ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
സർക്കാർ ഫണ്ടിങ് വെട്ടിക്കുറയ്ക്കുന്നതിനും വിവിധ യുഎസ് ഏജൻസികളെ പിരിച്ചുവിടുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനാണ് ട്രംപിന്റെ അടുത്ത അനുയായിയായ മസ്കിനെ പ്രത്യേക സർക്കാർ ജീവനക്കാരനായി ഡോജിന്റെ തലപ്പത്ത് നിയമിച്ചത്. എന്നാൽ ഡോജിലെ തന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മസ്‌ക് ഉടൻ തന്നെ തന്റെ ബിസിനസ് രംഗത്തേക്കു മടങ്ങുമെന്നാണു പുറത്തുവരുന്ന സൂചനകൾ. എന്നാൽ മസ്ക് എന്ന് ഡോജ് വിടുമെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് വൈറ്റ് ഹൗസ് വൃത്തങ്ങളോ മസ്‌കുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘പൊളിറ്റിക്കോ’ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ ഉയർന്നിട്ടുണ്ട്. ഇലക്ട്രിക് വാഹന വിൽപ്പന രംഗത്ത് 2% ഇടിവ് രേഖപ്പെടുത്തിയിരുന്ന ടെസ്‌ലയുടെ ഓഹരികൾ 3% വരെ ഉയർന്നു. 130 ദിവസത്തെ കാലാവധിയിലാണ് മസ്കിനെ പ്രത്യേക സർക്കാർ ജീവനക്കാരനായി നിയമിച്ചതെന്നും മെയ് അവസാനത്തോടെ മസ്കിന്റെ കാലാവധി അവസാനിക്കുമെന്നുമാണ് റിപ്പോർട്ട്.