റിയാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനം സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റാണ് ട്രംപിന്റെ സൗദി സന്ദർശനത്തിൽ സ്ഥിരീകരണം നൽകിയത്. തീയതിയും വിശദാംശങ്ങളും പിന്നീട് പ്രഖ്യാപിക്കും. യുക്രൈനിലെ യുദ്ധമവസാനിപ്പിക്കാനുള്ള വെടിനിർത്തൽ പ്രധാന ചർച്ചയാകും. എന്നാൽ ഗസ്സയുടെ കാര്യത്തിൽ അത്തരം ഒരു ഉറപ്പ് നൽകാനാകില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി. അടുത്ത മാസമാണ് ട്രംപ് സൗദിയിലേക്കെത്തുന്നത്.
അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാകും ഇത്. കഴിഞ്ഞ തവണ അധികാരമേറ്റപ്പോഴും ട്രംപിന്റെ ആദ്യ സന്ദർശനം സൗദിയിലേക്കായിരുന്നു. സൗദി യുഎസിൽ സംഘടിപ്പിച്ച ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ പ്രത്യേക എഡിഷനിൽ മുഖ്യാതിഥിയായി എത്തിയതും ട്രംപായിരുന്നു. സൗദി കിരീടാവകാശിയുമായി അടുത്ത ബിസിനസ് ബന്ധം ട്രംപിനുണ്ട്. വരാനിരിക്കുന്ന സന്ദർശനത്തിലും വിവിധ കരാറുകൾ ഒപ്പുവെക്കും. ഇസ്രായേലുമായുള്ള സൗദി ബന്ധത്തിന് കിണഞ്ഞ് ശ്രമിച്ച യുഎസ് പ്രസിഡണ്ടാണ് ട്രംപ്. നിലവിലെ ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ പശ്ചാത്തലത്തിൽ ബന്ധത്തിലേക്ക് സൗദി നീങ്ങില്ല. നീങ്ങണമെങ്കിൽ അതിന് പകരമായി സൗദി ചോദിക്കുന്നത് ഫലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കലാണ്. ഇത് ഇസ്രായേലിന് സ്വീകാര്യമല്ലാത്തതിനാൽ അവരുമായി നയതന്ത്ര ബന്ധത്തിലേക്ക് ട്രംപിന്റെ ഈ വരവ് വഴിതുറക്കില്ലെന്നാണ് റിപ്പോർട്ടുകൾ.