വാഷിങ്ടൻ : കാത്തിരിപ്പിനൊടുവിൽ വിവിധ ലോകരാജ്യങ്ങൾക്കുള്ള തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 50 ശതമാനം മുതൽ 10 ശതമാനം വരെ തിരിച്ചടിത്തീരുവയാണ് 185 ലോകരാജ്യങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ചത്. തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചതിലൂടെ യുഎസ് വീണ്ടും ലോകത്തിലെ മികച്ച സാമ്പത്തിക ശക്തിയായി ഉയരുമെന്ന് ട്രംപ് അറിയിച്ചു. 50 ശതമാനം തിരിച്ചടിത്തീരുവ ചുമത്തപ്പെട്ട ലെസോതോ, സെന്റ് പിയറേ ആന്റ് മിക്വിലോൺ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുൻപിൽ. ഏഷ്യൻ രാജ്യമായ കംബോഡിയയ്ക്ക് 49 ശതമാനമാണ് തിരിച്ചടിത്തീരുവ. ലാവോസ്, മഡഗാസ്കർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും തിരിച്ചടിത്തീരുവയിൽ ‘കൈനിറയെ’ കിട്ടിയ രാജ്യങ്ങളാണ്.
ഇന്ത്യയ്ക്ക് 26 ശതമാനം തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചപ്പോൾ അയൽരാജ്യങ്ങളായ ചൈനയ്ക്ക് 34 ശതമാനവും പാക്കിസ്ഥാന് 29 ശതമാനവുമാണ് തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ഭൂകമ്പത്തിന്റെ കെടുതിയിൽ വലയുന്ന മ്യാൻമാറിന് 44 ശതമാനവും ആഭ്യന്തരയുദ്ധത്തിൽ നിന്ന് കരകയറുന്ന ശ്രീലങ്കയ്ക്ക് 44 ശതമാനവും തിരിച്ചടിത്തീരുവ ട്രംപ് പ്രഖ്യാപിച്ചു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്ക്ക് 41 ശതമാനവും ഇറാഖിന് 39 ശതമാനവുമാണ് തിരിച്ചടിത്തീരുവ. സുഹൃത്ത് രാഷ്ട്രമായ ഇസ്രയേലിന് 17 ശതമാനവും ജപ്പാന് 24 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ആണ് തിരിച്ചടിത്തീരുവ.