വാഷിങ്ടണ്‍: യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 34 ശതമാനം തീരുവ ചുമത്തിയ ചൈനീസ് നിലപാടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന സ്വീകരിച്ചത് ശരിയായ സമീപനമല്ല. അവര്‍ ഭയന്നെന്നും ഒരിക്കലും അത് അവര്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത് ബുധനാഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള ചൈനയുടെ പ്രഖ്യാപനം വന്നത്.
ഇക്കൊല്ലം ആദ്യം അമേരിക്ക, ചൈനയ്ക്കു മേല്‍ 20 ശതമാനം തീരുവ ചുമത്തിയിരുന്നു. ബുധനാഴ്ച വീണ്ടും 34 ശതമാനം തീരുവ കൂടെ പ്രഖ്യാപിച്ചതോടെ ചൈനയ്ക്കു മേല്‍ അമേരിക്ക ചുമത്തിയ നികുതി 54 ശതമാനമായിമാറി. യുഎസിലേക്കുള്ള സമേറിയം, ടെര്‍ബിയം, സ്‌കാന്‍ഡിയം, യിട്രിയം തുടങ്ങിയ മീഡിയം-ഹെവി റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയിലാണ് ചൈന നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത്. ഇത് ഏപ്രില്‍ നാല് മുതല്‍ നിലവില്‍വരും.