ടെക്‌സസ്: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് തുടരുന്ന രാഷ്ട്രീയ വേട്ടക്കായി സര്‍ക്കാരിനെ ആയുധമാക്കുന്നതിന്റെ ഉദാഹരണമാണ് തനിക്കെതിരായ പുതിയ കേസെന്ന് ജഡ്ജി കെ.പി ജോര്‍ജ് പ്രതികരിച്ചു. കെ.പി ജോര്‍ജിനെതിരെ ഗുരുതരമായ മണി ലോണ്ടറിംഗ് കുറ്റങ്ങള്‍ ചുമത്തിയതായി ഫോര്‍ട്ട് ബെന്‍ഡ് ഡിസ്ട്രിക്ട് അറ്റോര്‍ണി യാണ് അറിയിച്ചത്. ഇത് ഒരു തേര്‍ഡ് ഡിഗ്രി ഫെലനി ആണ്.
ജയില്‍ രേഖകള്‍ പ്രകാരം 30,000 ഡോളറില്‍ കൂടുതലും 150,000 ഡോളറില്‍ താഴെയുമുള്ള കള്ളപ്പണം വെളുപ്പിക്കല്‍ എന്നാണ് കുറ്റം. കോടതി രേഖകള്‍ പ്രകാരം, 2019 ജനുവരി 12-നും 2019 ഏപ്രില്‍ 22-നും ഇടയിലാണ് കുറ്റകൃത്യം നടന്നത്. അദ്ദേഹത്തിന്റെ ജാമ്യ തുക ഓരോ കുറ്റത്തിനും 10,000 ഡോളര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ രണ്ട് മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമല്ല, കാരണം കുറ്റപത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് ഫോക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫേസ്ബുക്കില്‍ വ്യാജ പേജ് ഉണ്ടാക്കി അപകീര്‍ത്തികരവും വംശീയവുമായ പ്രസ്താവനകള്‍ അതില്‍ നടത്താന്‍ കൂട്ട് നിന്നു എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജോര്‍ജിനെ അറസ്‌റ് ചെയ്തിരുന്നു. അത് മിസ്‌ഡെമീണര്‍ (ലഘുവായ കുറ്റം) മാത്രമായിരുന്നു. സത്യസന്ധതയ്ക്കും ധാര്‍മ്മികതയ്ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അന്വേഷണം തുടരുകയാണെന്നും ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. അറസ്റ്റിനെതിരെ ശക്തമായ പ്രസ്താവനയുമായാണ് കെ.പി ജോര്‍ജ് രംഗത്ത് വന്നത്.
”തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, ഞാന്‍ എപ്പോഴും സത്യസന്ധതയോടും സുതാര്യതയോടും കൂടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എന്റെ സ്വന്തം പ്രചാരണത്തിനായി സ്വന്തം ഫണ്ട് കടം കൊടുക്കുന്നതിലും പിന്നീട് ആ വായ്പ തിരിച്ചടയ്ക്കുന്നതിലും നിയമവിരുദ്ധമായി ഒന്നുമില്ല. ഇത് ഒരു സാധാരണവും നിയമപരവുമായ രീതിയാണ്. നിര്‍ഭാഗ്യവശാല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് തുടരുന്ന രാഷ്ട്രീയ വേട്ടക്കായി സര്‍ക്കാരിനെ ആയുധമാക്കുന്നതിന്റെ ഉദാഹരണമാണിത്…” കെ.പി ജോര്‍ജ് പറയുന്നു.
”മനപൂര്‍വം എന്റെ പ്രശസ്തിക്കും സ്വഭാവത്തിനും കളങ്കം വരുത്താന്‍ വേണ്ടി, പൂര്‍ണ്ണമായ സന്ദര്‍ഭമോ വസ്തുതകളോ വെളിപ്പെടുത്താതെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നു. സത്യം വിജയിക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അതേസമയം, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജനങ്ങളെ സേവിക്കുന്നതിനും അവര്‍ക്കായി പോരാടുന്നതിനും എപ്പോഴത്തെയും പോലെയും അതേ സമര്‍പ്പണത്തോടെയും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്…” കെ.പി ജോര്‍ജ് വ്യക്തമാക്കി. അതേസമയം, ഡെമോക്രാറ്റായ കെ.പി ജോര്‍ജ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.