ഒരു സംഗീത കുടുംബത്തിൽ ജനിച്ച മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ എം ജി ശ്രീകുമാർ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്
തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയ നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും മലയാള സിനിമയിൽ വേരുറപ്പിച്ചതോടെ ഉറ്റവരും ഉടയവരും ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന ശ്രീകുമാറും സാവകാശം മലയാള സിനിമ പിന്നണി ഗായകൻ ആയി മാറി
1983 ൽ പ്രിയൻ സംവിധാനം ചെയ്തു മോഹൻലാൽ അഭിനയിച്ച പൂച്ചയ്ക്കൊരുമൂക്കുത്തി എന്ന മുഴുനീള ഹാസ്യ ചിത്രത്തിൽ ആണ് ശ്രീക്കുട്ടൻ പാടി തുടങ്ങിയത് എങ്കിലും എൺപത്തിയാറിൽ പുറത്തിറങ്ങിയ പ്രിയൻ മോഹൻലാൽ കൂട്ടുകെട്ടിന്റെ തന്നെ താളവട്ടം സിനിമയിലെ ഗാനങ്ങൾ പാടിയാണ് ശ്രീക്കുട്ടൻ മലയാളികളുടെ ഇടയിൽ സുപരിചിതൻ ആകുന്നത്
തുടക്ക കാലത്ത് പ്രിയദർശൻ സിനിമയിലെ സ്‌ഥിരം ഗായകൻ ആയിരുന്ന ഗാനഗന്ധർവ്വൻ യേശുദാസും ആയി ചെപ്പ് എന്ന സിനിമയുടെ ഗാന റിക്കോർഡിങ്നു ഇടയിൽ സ്റ്റുഡിയോയിൽ വച്ചു പ്രിയന് അഭിപ്രായ വ്യത്യാസം ഉണ്ടായതാണ് പിന്നീടുള്ള പ്രിയൻ മോഹൻലാൽ കൂട്ടു കെട്ടിന്റെ ചിത്രങ്ങളിലെ സ്‌ഥിരം ഗായകൻ ആകുവാനും അതുവഴി മലയാള സിനിമ പിന്നണി ഗാന രംഗത്ത് പേരെടുക്കുവാനും ശ്രീക്കുട്ടന് സാധിച്ചത്
മോഹൻലാലിന്റെ ശബ്ദവും ആയി സാമ്യം ഉള്ളതുകൊണ്ട് മോഹൻലാൽ അഭിനയിക്കുന്ന മറ്റു സംവിധായകരുടെ ചിത്രങ്ങളിലും പാടുവാൻ ഉള്ള അവസരം വൈകാതെ ശ്രീക്കുട്ടനെ തേടി എത്തി
താളവട്ടം കൂടാതെ ബോക്സ്‌ഓഫീസ് ഹിറ്റുകൾ ആയ പ്രിയന്റെ ചിത്രം, കിലുക്കം സിബിമലയിലിന്റെ സൂപ്പർ ഹിറ്റ് മൂവികൾ ആയ ഹിസ്ഹൈനെസ്അബ്‌ദുള്ള, കിരീടം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ പാടി ഹിറ്റാക്കിയ ശ്രീക്കുട്ടൻ യേശുദാസ് കഴിഞ്ഞാൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള മുൻനിര ഗായകൻ ആയി മാറി
അടിപൊളി ഗാനങ്ങളുടെ രാജകുമാരൻ എന്നു വിളിക്കുന്ന അടുപ്പക്കാർ സ്നേഹത്തോടെ എം ജി അണ്ണൻ എന്നു വിളിക്കുന്ന ശ്രീകുമാർ പാടി തകർത്ത ഗാനങ്ങൾ ആണ് തൊണ്ണൂറ്റി ഒന്നിൽ പുറത്തിറങ്ങിയ അഭിമന്യു എന്ന ചിത്രത്തിലെ രാമായണ കാറ്റേ രാവണപ്രഭുവിലെ തകിലു പുകിലു നരസിംഹത്തിലെ പളനിമല എന്നു തുടങ്ങുന്ന ഗാനങ്ങൾ. കേരളത്തിലും വിദേശത്തുമുള്ള ഏതു സ്റ്റേജ് പ്രോഗ്രാമിലും ഈ ഗാനങ്ങളിൽ ഒന്നില്ലാതെ കലാശക്കൊട്ടു ഉണ്ടാകില്ല
ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഇഡ്ഡലിയും സാമ്പാറും ചട്ണിയും ആണെങ്കിലും മൂന്നു നേരവും ഭക്ഷണത്തിനു ശേഷം മാമ്പഴം കഴിക്കണമെന്ന് എം ജി അണ്ണന് നിർബന്ധം ഉണ്ട്
റിക്കോർഡിങ് കൂടുതലും എറണാകുളത്തു ആയതോടെ തിരുവനന്തപുരത്തു നിന്നും സ്‌ഥിര താമസം കൊച്ചിയിലേക്ക് മാറ്റുവാൻ ആലോചിച്ചപ്പോൾ എം ജി അണ്ണനെ ഏറ്റവും കൂടുതൽ അലട്ടിയ പ്രശ്നം കൊച്ചിയിൽ വാങ്ങുന്ന വീടിന്റെ മുറ്റത്തു മാവ് ഉണ്ടോ എന്നുള്ളത് ആയിരുന്നു. ഒടുവിൽ ബോൾഗാട്ടിയിൽ വീട് വാങ്ങുന്നതിനു മുൻപ് അവിടുത്തുകാരൻ ആയ നടൻ ധർമജൻ ബോൾഗാട്ടിയെ വിളിച്ചു വീട്ടു മുറ്റത്തു മാവ് ഉണ്ടോ എന്നു ഉറപ്പു വരുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്
ഇപ്പോഴത്തെ അണ്ണന്റെ പ്രധാന പ്രോഗ്രാം ആയ ഫ്‌ളവേഴ്സ് ചാനലിലെ കുട്ടികളുടെ മ്യൂസിക് ഷോ സ്റ്റാർസിങ്ങറിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് അണ്ണന് മാമ്പഴം കഴിക്കണമെന്ന് നിർബന്ധം ആണ്. ഒരിക്കൽ മാമ്പഴം കിട്ടുവാൻ വൈകിയതുകൊണ്ട് ഷോയുടെ ഷൂട്ടിങ്നു അണ്ണൻ വൈകിയാണ് സ്റ്റുഡിയോയിൽ കയറിയത് എന്നാണ് പറഞ്ഞു കേൾക്കുന്നത്
സിനിമയിൽ കാലുറപ്പിച്ച ശേഷം അണ്ണന് നാട്ടിൽ ഗാനമേള നടത്തുന്നതിലും താല്പര്യം വിദേശത്തെ സ്റ്റേജ് പ്രോഗ്രാമുകൾ ആയിരുന്നു. എൺപതുകളുടെ ഒടുവിൽ ആദ്യം ഗൾഫ് നാടുകളിൽ ആണ് ആദ്യം പ്രോഗ്രാമിന് പോയിരുന്നത് എങ്കിലും അധികം താമസിയാതെ അണ്ണൻ അമേരിക്കയിൽ പ്രോഗ്രാമുകൾ നടത്തുവാൻ തുടങ്ങി. അൻപതു സ്റ്റേറ്റ് ഉള്ള അമേരിക്കയിൽ അൻപതു ഇടത്തും അണ്ണൻ പ്രോഗ്രാമിനായി പോയിട്ടുണ്ട്. ഒരു പതിനഞ്ചു വർഷം മുൻപ് ഒരു പ്രോഗ്രാമിനായി അമേരിക്കയിൽ വന്ന അണ്ണൻ ആ ട്രിപ്പിൽ തന്നെ ഇരുപതു സ്റ്റേറ്റിൽ ആണ് പോയത്. അമേരിക്കയിൽ സ്‌ഥിരമായി താമസിക്കുന്ന ഏതെങ്കിലും മലയാളി അൻപതു സ്റ്റേറ്റും കണ്ടിട്ടുണ്ടോ എന്നു സംശയം ആണ്
ഇപ്പോൾ കുറെ നാളുകൾ ആയി അണ്ണൻ പോകുന്നത് ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ ആണ്. ഏതു രാജ്യത്തു ഏതു മലയാളി അസോസിയേഷൻന്റെ പ്രോഗ്രാമിന് ചെല്ലുന്നതിനു മുൻപ് അണ്ണൻ ഭാരവാഹികളെ വിളിച്ചു പറയും ഒരു കുട്ട മാമ്പഴം സംഘടിപ്പിക്കണം എന്നു. കാരണം പ്രോഗ്രാമിന് മുൻപും ശേഷവും അണ്ണന് മാമ്പഴം നിർബന്ധം ആണ്
കഴിഞ്ഞ ദിവസം ആണ് അണ്ണന്റെ ബോൾഗാട്ടിയിലെ വീട്ടിൽ നിന്നും മാങ്ങാണ്ടി കായലിലേയ്ക്കു വലിച്ചെറിഞ്ഞതിനു ഗവണ്മെന്റ് ഇരുപത്തിഅയ്യായിരം രൂപ പിഴ അടപ്പിച്ചത്. വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ പ്രത്യേക ഉത്തരവിൻമേലായിരുന്നു നടപടി
ആദ്യ കാലത്ത് താൻ സിനിമയിൽ പിച്ച വയ്ക്കുന്നതിനു ചെറിയ പാര ആയിരുന്ന ദാസേട്ടനുമായി ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു എങ്കിലും ഉണ്ണിമേനോൻ, ജോളി എബ്രഹാം, ജി വേണുഗോപാൽ, ബിജു മേനോൻ തുടങ്ങിയ പ്രതിഭ തെളിയിച്ച ഗായകർ വളരാൻ അനുവദിക്കാത്തത്തിൽ ഇരുവരും ഒരേ മനസ്സായിരുന്നു. ഇനിയിപ്പോൾ മേൽ പറഞ്ഞ രക്ഷപെടാത്ത ഗായകരുടെ ആരുടെയെങ്കിലും ബന്ധു ആണോ മന്ത്രി രാജേഷ് എന്നറിഞ്ഞു കൂടാ
പൊതുവെ പോക്കറ്റിൽ നിന്നും പണം ചിലവാക്കുന്നതിൽ വലിയ പിശുക്കുള്ള എം ജി അണ്ണൻ പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ ഇനിയിപ്ലോൽ പണ്ടു സൂപ്പർ ഹിറ്റായ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിന്റെ കിളിച്ചുണ്ടൻമാമ്പഴം എന്ന ചിത്രത്തിലെ കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ട് എന്ന ഹിറ്റ് ഗാനം പാടിയതിനു അണ്ണന് കിട്ടിയ ഇരുപത്തിഅയ്യായിരം രൂപയുടെ ടാക്സ് അന്നു അടയ്ക്കാഞ്ഞിട്ടാണോ രാജേഷ് ഇപ്പോൾ പിടിച്ചത് എന്നും പറയാൻ പറ്റില്ല.

(സുനിൽ വല്ലാത്തറ ഫ്ലോറിഡ)