വത്തിക്കാന്‍ സിറ്റി: രോഗികളുടെയും ആരോഗ്യ പരിപാലന സംഘടനകളുടെയും ജൂബിലി, ഏപ്രില്‍ മാസം ആറാം തീയതി ഞായറാഴ്ച്ച, വത്തിക്കാന്‍ സ്‌ക്വയറില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയോടെ ആഘോഷിച്ചു. വിശുദ്ധ ബലിയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പായും വത്തിക്കാന്‍ ചത്വരത്തിലേക്ക് കടന്നെത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
”എല്ലാവര്‍ക്കും ഞായറാഴ്ച ആശംസകള്‍, വളരെ നന്ദി…” ചുരുങ്ങിയ വാക്കുകളില്‍, നേര്‍ത്ത ശബ്ദത്തിലുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആശംസ, നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്. ഏകദേശം ഇരുപത്തിനായിരത്തിനു മുകളില്‍ വിശ്വാസികളാണ് ജൂബിലി ആഘോഷത്തില്‍ പങ്കാളികളായത്.
രോഗികള്‍ക്കൊപ്പം, ഒരു സാധാരണ തീര്‍ത്ഥാടകനായി കടന്നുവന്ന പാപ്പാ, അനുരഞ്ജന കൂദാശ സ്വീകരിക്കുകയും, രോഗികള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുകയും, വിശുദ്ധ വാതിലിലൂടെ ദേവാലയത്തില്‍ പ്രവേശിക്കുകയും ചെയ്തു. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന വിശുദ്ധ ബലിക്ക്, സുവിശേഷവല്‍ക്കരണ ഡിക്കസ്റ്ററിയുടെ അടിസ്ഥാന ചോദ്യങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ പ്രോ-പ്രിഫെക്റ്റായ ആര്‍ച്ചുബിഷപ്പ് റിനോ ഫിസിക്കെല്ല മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ ബലിമധ്യേ ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശവും ആര്‍ച്ചുബിഷപ്പ് വായിച്ചു. ഫ്രാന്‍സിസ് പാപ്പാ മടങ്ങിപ്പോകവേ, വിശ്വാസികള്‍ ചേര്‍ന്ന് പരിശുദ്ധ അമ്മയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ആവേ, ആവേ എന്ന ഗാനവും ആലപിച്ചു.
തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പായുടെ കൃതജ്ഞതാ വാക്കുകള്‍ വിവിധ ഭാഷകളില്‍ വായിക്കപ്പെട്ടു. ഈ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഫ്രാന്‍സിസ് പാപ്പാ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും, ജൂബിലി തീര്‍ത്ഥാടനം ഫലസമൃദ്ധമായിരിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്യുന്നുവെന്ന് സന്ദേശത്തില്‍ എടുത്തു പറഞ്ഞു. തന്റെ ആരോഗ്യത്തിനായി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച എല്ലാവരോടും പാപ്പാ നന്ദി പറയുന്നുവെന്നും, തന്റെ അപ്പസ്‌തോലിക ആശീര്‍വാദം എല്ലാവര്‍ക്കും നല്‍കുന്നുവെന്നും സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.