വാഷിങ്ടൺ: ചൈന അമേരിക്കക്കെതിരെ പ്രഖ്യാപിച്ച 34 ശതമാനം പകരം തീരുവ പിൻവലിക്കണമെന്ന് ട്രംപ്. അല്ലെങ്കിൽ 50 ശതമാനം അധിക തീരുവ നാളെ മുതൽ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. “ഏപ്രിൽ 8-നകം, ചൈന 34 ശതമാനം താരിഫ് നയം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 50 ശതമാനം അധിക തീരുവ ചുമത്തും. ഇത് ഏപ്രിൽ 9 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലായിരിക്കും. കൂടാതെ, ചൈന ഞങ്ങളുമായി അഭ്യർത്ഥിച്ച കൂടിക്കാഴ്ചകൾ സംബന്ധിച്ച എല്ലാ ചർച്ചകളും അവസാനിപ്പിക്കും. കൂടിക്കാഴ്ചയ്ക്ക് അഭ്യർത്ഥിച്ച മറ്റ് രാജ്യങ്ങളുമായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കും” -എന്നാണ് ട്രൂത്ത് സോഷ്യൽ എന്ന പോസ്റ്റിലൂടെ ട്രംപ് പറഞ്ഞത്.
ഏപ്രിൽ 2നാണ് ചൈന ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഈ വർഷം ആദ്യം ചൈനയ്ക്ക് മേൽ 20 ശതമാനം തീരുവയാണ് അമേരിക്ക ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് പുറമേ കഴിഞ്ഞദിവസം 34 ശതമാനം തീരുവകൂടി ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ അമേരിക്ക ചൈനക്കുമേൽ ചുമത്തിയ നികുതി 54 ശതമാനമായിരുന്നു.
ട്രംപിന്റെ പ്രതികാര ചുങ്കത്തിന് തിരിച്ചടിയായി അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ഉൽപ്പന്നങ്ങൾക്കും ചൈന 34% അധിക തീരുവ ചുമത്തിയിരുന്നു. അപൂർവ ഭൗമ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. പ്രതിരോധ മേഖലയിലുൾപ്പെടെ 30ഓളം യുഎസ് സംഘടനകൾക്കും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്‌ക്കാനെന്ന പേരിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾക്ക് 10 മുതൽ 49 ശതമാനം വരെ ഇറക്കുമതി ചുങ്കം ചുമത്തിയത്. പകരത്തിനുപകരമായി തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിൽ 20 ശതമാനം ചുങ്കമാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ‘ഡിസ്‌കൗണ്ട്’ കഴിച്ച് 27 ശതമാനമാണ് ട്രംപ് ചുമത്തിയത്. ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയത്.