കീവ്: വെടിനിർത്തൽ ചർച്ച റഷ്യ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തിൽ യു.എസുമായുള്ള ബന്ധം ശക്തമാക്കാൻ യുക്രെയ്ൻ നീക്കം. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ട പ്രകാരം യു.എസിന് ധാതുസമ്പത്ത് കൈമാറാൻ യുക്രെയ്ൻ തയാറാകും. അപൂർവമായ ധാതുസമ്പത്ത് പങ്കുവെക്കുന്നത് സംബന്ധിച്ച് യു.എസുമായി ഈ ആഴ്ചയാണ് ചർച്ച നടത്തുക.
ഇതിനായി യുക്രെയ്ൻ പ്രതിനിധി സംഘം ഉടൻ യു.എസ് സന്ദർശിക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി യൂലിയ സ്വിരിദെങ്കോ അറിയിച്ചു. വിദേശകാര്യം, സാമ്പത്തികം, നീതിന്യായം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിമാരാണ് പ്രതിനിധി സംഘത്തിലുണ്ടാകുകയെന്നും അവർ പറഞ്ഞു.
ഓവൽ ഓഫിസിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതോടെയാണ് ധാതുസമ്പത്ത് കൈമാറൽ കരാർ നീക്കങ്ങൾ സ്തംഭിച്ചത്. കരാറിന്റെ പുതുക്കിയ കരട് യു.എസ് മാർച്ച് അവസാനം യുക്രെയ്ന് കൈമാറിയിട്ടുണ്ട്. അപൂർവമായ ധാതുക്കൾ മാത്രമല്ല, ഇന്ധനവും വാതകവും നൽകണമെന്നാണ് പുതുക്കിയ കരടിൽ യു.എസ് ആവശ്യപ്പെടുന്നത്.
യുക്രെയ്ന് ആയുധങ്ങളും ഇന്റലിജൻസ് സേവനങ്ങളും നൽകണമെങ്കിൽ ധാതുസമ്പത്ത് കൈമാറണമെന്നാണ് യു.എസ് നേരത്തെ സ്വീകരിച്ച നിലപാട്. കരാറിന് തയാറാവാതിരുന്നതോടെ യുക്രെയ്നുള്ള ആയുധ സഹായങ്ങൾ യു.എസ് പിൻവലിച്ചിരുന്നു.
വെടിനിർത്തൽ നടപ്പാക്കുമ്പോൾ യു.എസ് പിന്തുണ ഉറപ്പാക്കാൻ ധാതുസമ്പത്ത് കൈമാറൽ കരാർ യുക്രെയ്ന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുമായുള്ള ബന്ധം ട്രംപ് പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ കരാർ യുക്രെയ്ന് നിർണായകമാണ്.