ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കത്തില്‍ കിടുങ്ങിയിരിക്കുകയാണ് ലോകം. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണികള്‍ തകര്‍ന്നതിനൊപ്പം സാമ്പത്തിക മാന്ദ്യഭീഷണിയും ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടയിലും പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ആപ്പിള്‍ ട്രംപിന്റെ പകരച്ചുങ്കത്തെ സ്മാര്‍ട്ടായാണ് നേരിട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പകരച്ചുങ്കം നിലവില്‍ വരുന്നതിന് മുമ്പായി പരമാവധി ഉത്പന്നങ്ങള്‍ യുഎസ്സിലെത്തിക്കുകയാണ് ആപ്പിള്‍ ചെയ്തത്. ഏപ്രില്‍ അഞ്ച് മുതലാണ് ട്രംപ് ഏര്‍പ്പെടുത്തിയ 10 ശതമാനം പകരച്ചുങ്കം നിലവില്‍ വന്നത്. ഇതിന് മുമ്പായി അഞ്ച് വിമാനങ്ങള്‍ നിറയെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ആപ്പിള്‍ യുഎസ്സിലേക്ക് കയറ്റിയയച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പകരച്ചുങ്കം നിലവില്‍ വന്നെങ്കിലും ഇന്ത്യ ഉള്‍പ്പെടെ ഒരു രാജ്യത്തും ഐഫോണിന് വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല എന്ന് ആപ്പിളിലെ വൃത്തങ്ങള്‍ പറഞ്ഞു. ട്രംപിന്റെ പകരച്ചുങ്കം കാരണമുണ്ടാകാനിടയുള്ള ആഘാതം ലഘൂകരിക്കാനാണ് ചരക്കുനീക്കം മന്ദഗതിയില്‍ നടക്കുന്ന സീസണായിട്ടുപോലും കമ്പനി ഇത്രയധികം ഫോണുകള്‍ ഒറ്റയടിക്ക് യുഎസ്സിലേക്ക് കയറ്റിയയച്ചത്.
ഇന്ത്യയിലും ചൈനയിലും ഉത്പാദിപ്പിക്കുന്ന ഐഫോണുകള്‍ ഇത്രയധികം എണ്ണം ഒന്നിച്ച് സംഭരിച്ച് വെക്കുന്നതിലൂടെ ഫോണുകള്‍ നിലവിലുള്ള വിലയില്‍ തന്നെ വില്‍ക്കാന്‍ താത്കാലികമായി ആപ്പിളിന് സാധിക്കും. അടുത്ത ഏതാനും മാസങ്ങളിലേക്ക് ആവശ്യമായ ഐഫോണുകള്‍ യുഎസ്സിലെ ആപ്പിളിന്റെ വെയര്‍ഹൗസുകളില്‍ സ്റ്റോക്കുണ്ടെന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലവര്‍ധിക്കുകയാണെങ്കില്‍ അത് യുഎസ്സില്‍ മാത്രമല്ല, ഇന്ത്യ ഉള്‍പ്പെടെ എല്ലാ മാര്‍ക്കറ്റുകളിലും ഉണ്ടാകുമെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.