പി.പി ചെറിയാൻ
ഡാളസ്/ ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജ് രണ്ടാം വർഷ എം.എ മലയാളം വിദ്യാർഥി ഗിഫ്ടി ജോർജ്ജിന് ഇനി എല്ലാം കേൾക്കാം. പ്രകൃതിയുടെ കളകളാനാദവും അദ്ധ്യാപകരുടേയും കൂട്ടുകാരുടേയും ശബ്ദം ഇനി ഗിഫ്ടിക്ക് ഭംഗിയായി കേൾക്കാം.
രണ്ടു ചെവികൾക്കും കേൾവി നഷ്ടപ്പെട്ട ഈ വിദ്യാർത്ഥിക്ക് ചികിത്സക്കായി കാശില്ലാതെ വന്നപ്പോഴാണ് അമേരിക്കൻ മലയാളിയും ഡാളസ് നിവാസിയുമായ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ജോസഫ് ചാണ്ടി മുഴവുൻ ചികിത്സാ ചിലവും നൽകിയത്.
കട്ടപ്പന സീയോണ സ്പീച്ച് സെൻ്ററിൽ നിന്നും ഉടൻ തന്നെ കേൾവിസഹായിയും ചികിത്സയുമെത്തി. ശാരീരിക, കേൾവി വൈകല്യമുള്ള വളരെ നിര്ഥന കുടുംബത്തിൽ നിന്നും ഉള്ള ഗിഫ്റ്റിക്ക് 46000/- രൂപ വിലയുള്ള ഈ കേൾവിയന്ത്രം വാങ്ങുന്നതിനു പൂർണ്ണമായും സഹായിച്ചത് ജോസഫ് ചാണ്ടിയായിരുന്നു. ഈ ആവശ്യം പറഞ്ഞപ്പോൾത്തന്നെ ഒരു മടിയും കൂടാതെ സഹായിക്കാൻ തയ്യാറായ ആ നല്ല മനസിന് കട്ടപ്പന കോളേജ് അധികൃതരും ഗിഫ്റ്റിയുടെ കുടുംബവും നന്ദിരേഖപ്പെടുത്തി. ജീവകാരുണ്യ ട്രസ്റ്റ് വഴി ജോസഫ് ചാണ്ടി ഇതേവരെ ഏതാണ്ട് 14 കോടിയിലേറെ രൂപ വിവിധ ആവശ്യങ്ങൾക്കായി ധനസഹായം നൽകിയിട്ടുണ്ട്. ഈ വലിയ കാരുണ്യത്തിനായി ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് ഇടുക്കി കോഡിനേറ്റർ ജോർജ് ജേക്കബും കോളേജിലെ വൈസ്പ്രിൻസിപ്പാൾ പ്രൊഫ.ഒ.സി.അലോഷ്യസുമാണ് ജോസഫ് ചാണ്ടിയെ സമീപിച്ചത്.