വാഷിംഗ്ടണ്‍: ട്രംപിന്റെ തിരിച്ചടി തീരുവയില്‍ ദിവസങ്ങളായി ഉലഞ്ഞ അമേരിക്കന്‍ ഓഹരി വിപണിയില്‍ ഇന്ന് ശുഭ സൂചന.
അമേരിക്കന്‍ വിപണിയില്‍ എസ് ആന്‍ഡ് പി 3.8 ശതമാനം ഉയര്‍ന്നു. സാങ്കേതിക മേഖലയിലുള്ള നാസ്ഡാക്ക് ഏകദേശം നാലു ശതമാനത്തോളമാണ് ഉയര്‍ന്നത്. .ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി 3.6 ഉയര്‍ച്ച രേഖപ്പെടുത്തി. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട മേഖലയിലെ ഓഹരികള്‍ക്ക് മികച്ച നേട്ടമാണ് ഇന്നുണ്ടായിട്ടുള്ളത്.
മെഡികെയര്‍ ആന്‍ഡ് മെഡികെയ്ഡ് സര്‍വീസസ് അടുത്ത വര്‍ഷത്തെ മെഡികെയര്‍ പേയ്മെന്റുകളില്‍ 5.6 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ചതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ദൃശ്യമായി. എന്നാല്‍ ഈ മേഖലയില ചിലര്‍ സൂചിപ്പിക്കുന്നത് ഓഹരികളുടെ വ്യാപാരം കുറഞ്ഞ അളവിലുള്ളതിനാലാണ് ഇപ്പോഴുള്ള മുന്നേറ്റമെന്നാണ്. വിപണികള്‍ താരതമ്യേന ദുര്‍ബലവും അവ്യക്തവുമായി തുടരുന്നതായി ഇന്ററാക്ടീവ് ബ്രോക്കേഴ്സ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് സോസ്നിക് പറഞ്ഞു.
ദീര്‍ഘകാലബന്ധമുള്ള സഖ്യകക്ഷി രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ ആരംഭിക്കുകയാണെന്ന് വൈറ്റ് ഹൗസ് സൂചിപ്പിച്ചതിനു പിന്നാലെ ജപ്പാന്റെ നിക്കി സ്റ്റോക്ക് സൂചികയില്‍ ആറു ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്.