വാഷിങ്ടൻ : യുഎസ് ഉൽപന്നങ്ങൾക്ക് അന്യായ ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച് യുഎസ്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കമാണ് താൽകാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. അധികമായി കഴിഞ്ഞ ദിവസം ചുമത്തിയ തീരുവയാണ് മൂന്നു മാസത്തേക്ക് മരവിപ്പിച്ചത്. എന്നാൽ ചൈനയ്ക്ക് ഇളവ് നൽകാൻ തയാറാകാതിരുന്ന യുഎസ്, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.
യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.