ഷോളി കുമ്പിളുവേലി പി.ആര്‍.ഒ, ഫോമ
ന്യൂയോര്‍ക്: ലോകത്തിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ‘ഫോമ’യില്‍ (ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) പുതിയതായി മൂന്നു അസ്സോസിയേഷനുകള്‍ക്കുകൂടി അംഗത്വം നല്‍കിയതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

മോന്‍സി വര്‍ഗീസ് പ്രസിഡന്റായിട്ടുള്ള ‘കേരള സമാജം ഓഫ് യോങ്കേഴ്സ്’, ജെയിംസ് മാത്യു പ്രസിഡന്റായിട്ടുള്ള ‘മലയാളി അസോസിയേഷന്‍ ഓഫ് ലോങ് ഐലന്‍ഡ്’, ബിനീഷ് ജോസഫ് പ്രസിഡന്റായിട്ടുള്ള ‘മലയാളി സമാജം ഓഫ് ലീഗ് സിറ്റി’ എന്നീ സംഘനകള്‍ക്കാണ് പുതിയതായി ഫോമയില്‍ അംഗത്വം ലഭിച്ചത്. ഇതോടുകൂടി ഫോമയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം എണ്‍പത്തിയെട്ടായി ഉയര്‍ന്നു.

ചെയര്‍മാന്‍ വിജി ഏബ്രഹാമിന്റെ നേതൃത്വത്തില്‍, സെക്രട്ടറി ടോജോ തോമസ്, കോര്‍ഡിനേറ്റര്‍ തോമസ് കര്‍ത്തനാല്‍, കമ്മിറ്റി അംഗങ്ങളായ ജോണ്‍ പട്ടപതി, ചാക്കോച്ചന്‍ ജോസഫ് എന്നിവര്‍ അടങ്ങിയ ഫോമാ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റി സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷം നല്‍കിയ ശുപാര്‍ശ, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇനിയും മറ്റുചില അസോസിയേഷനുകളുടെ അപേക്ഷകള്‍ ക്രെഡന്‍ഷ്യല്‍സ് കമ്മിറ്റിയുടെ പരിഗണയില്‍ ഉണ്ടെന്നും, ശുപാര്‍ശകള്‍ ലഭിക്കുന്നതനുസരിച്ചു അവര്‍ക്കും ഫോമയില്‍ അംഗത്വം ലഭിക്കുന്നതാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറില്‍ എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയതായി ഫോമയില്‍ അഫിലിയേറ്റ് ചെയ്ത ‘കേരളം സമാജം ഓഫ് യോങ്കേഴ്സ്’, ‘മലയാളി അസോസിയേഷന്‍ ഓഫ് ലോങ് ഐലന്‍ഡ്’, ‘മലയാളി സമാജം ഓഫ് ലീഗ് സിറ്റി’ എന്നീ മൂന്നു അസോസിയേഷനുകളും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളാണെന്നും, ഈ സംഘടനകളുടെ അംഗത്വം ഫോമക്ക് മുതല്‍ക്കൂട്ടാണെന്നും ഫോമാ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി എന്നിവര്‍ പറഞ്ഞു.
പുതിയതായി അംഗത്വം ലഭിച്ച മൂന്നു അസോസിയേഷനുകളെയും ഫോമയിലേക്ക് ഫാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.