ഉഴവൂര്‍: ഒരു നാടിന്റെയാകെ കൂട്ടായ്മ. അതിനൊപ്പം അമേരിക്കയിലെ മലയാളികളും. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉഴവൂരില്‍ ഉയര്‍ന്നത് ഉന്നത നിലവാരമുള്ള ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയം. മുന്‍ എം.എല്‍.എ ഇ.ജെ ലൂക്കോസ് എള്ളങ്കില്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒന്നേകാല്‍ കോടി രൂപ മുടക്കി ഒ.എല്‍.എല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലാണ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമായത്. മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, 400 വര്‍ഷം മുമ്പ് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കുമ്മനത്ത് ഉട്ടൂപ്പ് കത്തനാര്‍, മുന്‍ എം.എല്‍.എമാരായ ജോസഫ് ചാഴികാടന്‍, ഇ.ജെ ലൂക്കോസ് എന്നിവരുടെ അര്‍ധകായ പ്രതിമയും സമര്‍പ്പിക്കപ്പെട്ടു.

കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമത്തെ വികസനത്തിലേക്ക് നയിക്കുകയും രാഷ്ട്രീയ സാമൂഹ്യ സാമുദായിക രംഗങ്ങളില്‍ നേതൃത്വം വഹിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞവരുമായ മഹത് വ്യക്തികളുടെ ഓര്‍മ്മകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിനാണ് ഉഴവൂര്‍ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപം മെയിന്‍ റോഡ് സൈഡില്‍ പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന ഗാലറിയില്‍ ഇവരുടെ പ്രതിമകള്‍ സ്ഥാപിച്ചത്. ഗ്യാലറി, വ്യായാമത്തിനുള്ള നടപ്പാത, ഫ്‌ളഡ് ലൈറ്റുകള്‍ വി.ഐ.പി പവലിയന്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം.

സ്റ്റേഡിയത്തിന്റെ ഉദഘാടനം മുന്‍മന്ത്രി പി.ജെ ജോസഫും, ഫ്‌ളഡ് ലൈറ്റുകളുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എം.പിയും, സ്റ്റേഡിയത്തിനു ചുറ്റുമുള്ള നടപ്പാതയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍യുമാണ് നിര്‍വഹിച്ചത്. കെ.ആര്‍ നാരായണന്റെ പ്രതിമ മന്ത്രി പി പ്രസാദും, ഇ.ജെ ലൂക്കോസിന്റെ പ്രതിമ പി.ജെ ജോസഫും, കുമ്മനത്ത് ഇട്ടൂപ്പ് കത്തനാരുടെ പ്രതിമ കോട്ടയം അതിരൂപത വികാരി ജനറല്‍ റവ. ഫാദര്‍ തോമസ് ആനിമൂട്ടിലും, ജോസഫ് ചാഴികാടന്റെ പ്രതിമ മുന്‍മന്ത്രി കെ.സി ജോസഫും അനാച്ഛാദനം ചെയ്തു.
തുടര്‍ന്ന് സ്റ്റേഡിയത്തിലേക്ക് നടത്തിയ പദഘോഷയാത്ര ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച പൊതുയാഗം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുകയും കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്അ നുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. സമ്മേളനത്തില്‍ മുന്‍ എം.പി തോമസ് ചാഴികാടന്‍, കോട്ടയം അതിരൂപത വികാരി ജനറല്‍ റവ. ഫാദര്‍ തോമസ് ആനിമൂട്ടില്‍, ഉഴവൂര്‍ പള്ളി വികാരി റവ. ഫാദര്‍ അലക്‌സ് ആക്കപ്പറമ്പില്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് കെ എം തങ്കച്ചന്‍, സെനിത്ത് ലൂക്കോസ് എള്ളങ്കില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ട്രസ്റ്റ് ബോര്‍ഡ് അംഗം സാബു കോയിത്തറയുടെ ആമുഖ പ്രസംഗം നടത്തി. സ്‌പോര്‍ട്‌സ് ഗുഡ്സ് കൈമാറ്റം ഏഷ്യന്‍ ആം റെസ്ലിങ് ചാമ്പ്യന്‍ ബൈജു ലൂക്കോസ് നിര്‍വഹിച്ചു. ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി കെ.എം ജോസഫ് അഞ്ചക്കുന്നത്ത് സ്വാഗതവും ജനറല്‍ കണ്‍വീനറും നിര്‍മ്മാണ കമ്മിറ്റി കണ്‍വീണറുമായ സജോ വേലിക്കെട്ടേല്‍ നന്ദിയും പ്രകാശിപ്പിച്ചു ഇ.ജെ ലൂക്കോസ് എള്ളങ്കില്‍ മെമ്മോറിയല്‍ ചാരിറ്റബള്‍ ട്രസ്റ്റ് അംഗങ്ങള്‍ ചടങ്ങുള്‍ക്ക് നേതൃത്വം നല്‍കി. പൊതുയോഗത്തിനു ശേഷം നാഗര്‍ കോവില്‍ നൈറ്റ് ബേര്‍ഡ്‌സിന്റെ കലാ സന്ധ്യയും അരങ്ങേറി.