വാഷിങ്ടൺ: നാടുകടത്താൻ കുടിയേറ്റക്കാരെ പരേതരുടെ പട്ടികയിൽപ്പെടുത്തി യു.എസ് ഭരണകൂടം. 6000ത്തിലേറെ കുടിയേറ്റക്കാരുടെ സാമൂഹിക സുരക്ഷ നമ്പറുകളാണ് സർക്കാർ റദ്ദാക്കിയത്. സാമൂഹിക സുരക്ഷ നമ്പർ ഇല്ലാതായതോടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള അടിസ്ഥാന സേവനങ്ങൾ കുടിയേറ്റക്കാർക്ക് ലഭിക്കില്ല. ജോലി ചെയ്യാനോ ആനുകൂല്യം നേടാനോ ഉള്ള സാധ്യത ഇല്ലാതാക്കി കുടിയേറ്റക്കാരെ രാജ്യം വിടാൻ സ്വയം നിർബന്ധിതരാക്കുകയാണ് ഭരണകൂടത്തിന്റെ പദ്ധതി. കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഉത്തരവുകൾ വിവിധ ഫെഡറൽ കോടതി ജഡ്ജിമാർ തടഞ്ഞ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കമെന്നാണ് സൂചന.
ട്രംപ് ഭരണകൂടത്തിലെ രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കുടിയേറ്റക്കാർ നിയമപരമായി സ്വന്തമാക്കിയ സാമൂഹിക സുരക്ഷ നമ്പറുകളാണ് ഭരണകൂടം മരണപ്പെട്ടവരുടെ പട്ടികയിലേക്ക് മാറ്റിയത്. അതേസമയം, റദ്ദാക്കാനുള്ള 6000ത്തിലേറെ സുരക്ഷ നമ്പറുകൾ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമല്ല.
ജോ ബൈഡൻ ഭരണകൂടത്തിന്റെ പദ്ധതി പ്രകാരം രാജ്യത്ത് താൽക്കാലികമായി തങ്ങുന്ന ഒമ്പത് ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.