വാഷിങ്ടൺ: ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പകരം തീരുവ ചുമത്താനുള്ള തീരുമാനത്തില്‍നിന്നു കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കി യുഎസ് ഭരണകൂടം. കംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും വില ഉയരുന്നത് യുഎസിലെ ജനങ്ങളെയും ടെക് കമ്പനികളെയും ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിനു പിന്നിൽ.
നിലവിൽ ഏറ്റവും കൂടുതൽ തീരുവയുള്ള ചൈനയിൽ നിന്നുള്ള ഉപകരണങ്ങള്‍, സെമി കണ്ടക്ടറുകള്‍, സോണാര്‍ സെല്ലുകള്‍, ഹാർഡ് ഡ്രൈവുകൾ തുടങ്ങിയ ഇലക്ട്രോണിക് ഘടകങ്ങളും ഉപകരണങ്ങളും പകരം തീരുവയിൽ നിന്നും ഒഴിവാക്കിയവയുടെ പട്ടികയിലുൾപ്പെടുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ തുടങ്ങിയവയാണ് ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇവ അമേരിക്കയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല.
ആഭ്യന്തര ഉത്പാദനം സാധ്യമാക്കാന്‍ ദീര്‍ഘകാലമോ ഒരുപക്ഷേ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം എന്ന സാഹചര്യത്തിലാണ് തീരുവയില്‍നിന്നുള്ള ഒഴിവാക്കല്‍ എന്നാണ് വിവരം. ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കുന്നവയുടെ പട്ടിക വെള്ളിയാഴ്ച വൈകിയാണ് (പ്രാദേശിക സമയം) യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പുറത്തിറക്കിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.