Friday, April 18, 2025

HomeAmericaദൈവ സ്‌നേഹവും കുരുത്തോല പെരുന്നാളും (എ.എസ് ശ്രീകുമാര്‍)

ദൈവ സ്‌നേഹവും കുരുത്തോല പെരുന്നാളും (എ.എസ് ശ്രീകുമാര്‍)

spot_img
spot_img

കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്, ‘ഓശാന…ഓശാന…ദാവീദിന്റെ പുത്രന് ഓശാന…’ എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായര്‍ ആചരിക്കുന്നത്.

ബൈബിള്‍ വാക്യങ്ങളും പ്രഖ്യാപനങ്ങളും ശരാശരി മനുഷ്യജീവിതത്തിന്റെ ഭാഗഭാക്കാക്കുവാന്‍ സ്വയം പ്രതിജ്ഞ എടുക്കുന്ന നിമിഷങ്ങളാണിത്. ദിവസങ്ങളോളം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തി കുറിച്ചു കൊണ്ട് ഒരു ആഘോഷ കാലം വരവറിയിക്കുന്നു. ഒറ്റുകൊടുക്കലിന്റെ പെസഹ വ്യാഴത്തില്‍ നിന്ന് ദുഖം കണ്ണീര്‍ വീഴ്ത്തുന്ന ദുഖവെള്ളിയാഴ്ചയിലൂടെ കടന്ന് ദുഖശനിയും മറികടന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ നമുക്കുചുറ്റുമുള്ള അഭിനവ യൂദാസുകളെ തിരിച്ചറിയേണ്ടതുണ്ട്. ഓണവും വിഷുവും ഈസ്റ്ററും ക്രിസ്തുമസും എല്ലാം മനസ്സിനേയും ശരീരത്തെയും നിയന്ത്രിക്കുന്ന നോമ്പിന്റെ പരിസമാപ്തിയാകുന്നു.

നോമ്പു നോറ്റ് മനസിനേയും ശരീരത്തിനെയും ശുദ്ധരാക്കി എന്ന് വിളംബരം ചെയ്യുന്ന ഈ ആഘോഷ ദിനത്തില്‍ ദൈവ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ ഒരു കഥ പറയാം.

സൂര്യോദയം കാണുവാനായി ഒരു ദിവസം അതിരാവിലെ ഞാന്‍ എഴുന്നേറ്റു. ആ മനോഹര കാഴ്ച വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ആ മനോഹാരിത സൃഷ്ടിച്ച ദൈവത്തെ ഞാന്‍ വാഴ്ത്തി. ഉദയം ആസ്വദിച്ച് അങ്ങനെയിരുന്നപ്പോള്‍ എനിക്ക് ദൈവത്തിന്റെ അനിര്‍വചനീയമായ സാന്നിധ്യം അനുഭവപ്പെട്ടു. ദൈവം എന്നോട് ചോദിച്ചു, ”നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ…?”

”തീര്‍ച്ചയായും, അവിടുന്ന് എന്റെ ഈശ്വരനും രക്ഷകനുമാണ്…”

ദൈവം തുടര്‍ന്നു, ”നീ ഒരു വികലാംഗനാണെന്ന് വിചാരിക്കുക, അപ്പോഴും നീ എന്നെ സ്‌നേഹിക്കുമോ…?”

പെട്ടെന്ന് ഞാന്‍ അമ്പരന്നു എന്റെ കൈകാലുകളിലേക്കും ശരീരത്തിലേക്കും ഒന്നു നോക്കി. ഒരു കുഴപ്പവുമില്ല ദൈവദത്തമായ ഈ ശരീരം കൊണ്ട് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്നോര്‍ത്തു.

ഞാന്‍ പറഞ്ഞു, ”അല്പം ബുദ്ധിമുട്ടുണ്ട് പിതാവേ എങ്കിലും ഞാന്‍ അങ്ങയെ സ്‌നേഹിക്കും…”

വീണ്ടും ദൈവം, ”നീ ഒരു അന്ധനാണെങ്കില്‍ എന്റെ സൃഷ്ടിയെ നീ സ്‌നേഹിക്കുമോ…”

കാഴ്ചയില്ലാതെ ഒന്നിനെ ഞാന്‍ എങ്ങിനെയാണ് സ്‌നേഹിക്കുക…? അപ്പോള്‍ ഞാന്‍ ആലോചിച്ചു. ലോകത്ത് കാഴ്ചയില്ലാത്ത എത്രയോ ലക്ഷം പേരുണ്ട്. അവരില്‍ എത്ര പേര്‍ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് ഞാന്‍ ചിന്തിച്ചു. ”ചിന്തിക്കാന്‍ വിഷമം ഉണ്ട് പ്രഭോ എന്നാലും ഞാന്‍ ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു…” എന്റെ മറുപടി

ദൈവം പിന്നെയും ചോദിച്ചു, ”കേള്‍വി ശക്തിയില്ലാത്തവനാണ് നീ എങ്കില്‍ എന്റെ വാക്കുകള്‍ നീ കേള്‍ക്കുമോ…?”

”ബധിരന്‍ എന്ന നിലയില്‍ എനിക്ക് എങ്ങനെ കേള്‍ക്കാന്‍ കഴിയും…?” അപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ദൈവവചനങ്ങള്‍ വെറും കാതുകള്‍ കൊണ്ടല്ല, ഹൃദയം കൊണ്ടാണ് കേള്‍ക്കുക. ഞാന്‍ പറഞ്ഞു, ” പ്രയാസമുള്ള കാര്യമാണ്. എങ്കിലും ഞാന്‍ അവിടുത്തെ സ്‌നേഹിക്കുന്നു…”

ദൈവത്തിന്റെ അടുത്ത ചോദ്യം, ”നീ ഊമയാണെങ്കില്‍ എന്റെ നാമത്തെ എങ്ങനെ വാഴ്ത്തും…?”

”ശബ്ദമില്ലാതെ എങ്ങനെയാണ് സ്തുതിക്കാനാവുക…?” നമ്മുടെ ഹൃദയത്തില്‍ നിന്നും ആത്മാവില്‍ നിന്നുമുള്ള ഗീതമാണ് ദൈവം ആഗ്രഹിക്കുന്നത്. വെറുതെ ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല. ദൈവത്തെ സ്തുതിക്കാന്‍ എപ്പോഴും ഗാനങ്ങള്‍ തന്നെ വേണമെന്നില്ല. നമ്മെ വീഴ്ചകളില്‍ നിന്ന് കൈ പിടിച്ചുയര്‍ത്തുമ്പോള്‍ നന്ദി സൂചകമായി വാക്കുകള്‍ കൊണ്ടും നാം ദൈവത്തെ വാഴ്ത്തും. ഞാന്‍ മറുപടി നല്‍കി, ”ഊമയായ പാടാന്‍ കഴിയില്ലെന്നാലും ഞാന്‍ അങ്ങയുടെ നാമത്തെ വാഴ്ത്തും…”

ദൈവം ചോദിച്ചു, ”നീ ശരിക്കും എന്നെ സ്‌നേഹിക്കുന്നുണ്ടോ…?”

പൂര്‍വാധികം ധൈര്യത്തോടും ദൃഢവിശ്വാസത്തോടും കൂടി ഞാന്‍ പറഞ്ഞു. ”ശരി പിതാവേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. കാരണം അങ്ങാണ് ശരിയായ സ്രഷ്ട്രാവ്, യഥാര്‍ത്ഥ ദൈവം…”

ദൈവത്തിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഭംഗിയായി മറുപടി നല്‍കി എന്ന് ഞാന്‍ കരുതി. അപ്പോഴും വരുന്നു മറ്റൊരു ചോദ്യം, ”നീ എന്തിനാണ് പാപം ചെയ്യുന്നത്…?”

”ഞാന്‍ ഒരു കേവല മനുഷ്യന്‍ മാത്രമാണ് ഒരിക്കലും പൂര്‍ണനല്ല…” എന്നു മറുപടി

ദൈവം വിട്ടില്ല, ”അങ്ങനെയെങ്കില്‍ വിഷമഘട്ടങ്ങളില്‍ മാത്രം നീ എന്തിനാണ് ദൈവത്തെ വിളിക്കുന്നത്…?” എനിക്ക് മറുപടിയില്ലായിരുന്നു. എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി വന്നു.

ദൈവം തുടര്‍ന്നു, ”ധ്യാനനേരങ്ങളില്‍ മാത്രം എന്തിനാണ് നീ സ്തുതി ഗീതങ്ങള്‍ ആലപിക്കുന്നത്…? ആരാധന സമയത്തു മാത്രം എന്തിനാണ് എന്റെ സാന്നിധ്യം നീ ആഗ്രഹിക്കുന്നത്…? ഇത്ര സ്വാര്‍ത്ഥതയോടെ എന്തിനാണ് കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്…? സത്യസന്ധതയില്ലാതെ പലപ്പോഴും ദൈവത്തെ വിളിക്കുന്നത് എന്തിനാണ്…?”

എനിക്ക് കരച്ചില്‍ അടക്കാന്‍ സാധിച്ചില്ല. ഒരു പക്ഷേ, കുറ്റബോധം കൊണ്ടോ പശ്ചാത്താപം കൊണ്ടോ ആയിരിക്കാം കണ്ണീരടക്കാന്‍ പറ്റാത്തത്. വീണ്ടും ദൈവവചനം, ”എന്തുകൊണ്ടാണ് നിനക്ക് ഇത്രയും കുറ്റബോധം…? ശുഭ വാര്‍ത്തകള്‍ നീ എന്തുകൊണ്ട് പ്രസരിപ്പിക്കുന്നില്ല…? ആപത്സന്ധികളില്‍ എന്റെ ചുമലിലേറ്റി നിന്നെ രക്ഷപ്പെടുത്താറില്ലെ…? എന്റെ നാമം വാഴ്ത്താന്‍ കിട്ടുന്ന അവസരങ്ങളില്‍ എന്തുകൊണ്ടാണ് ഒഴിവുകഴിവുകള്‍ പറയുന്നത്…?

”ജീവന്റെ ചൈതന്യം നിന്നില്‍ എന്നുമുണ്ട്. അത് ഒരിക്കലും നഷ്ടപ്പെടുത്താന്‍ ഞാന്‍ അനുവദിക്കുകയില്ല. എപ്പോഴൊക്കെ എന്നെ സ്‌നേഹിക്കാന്‍ നിനക്ക് ഞാന്‍ അവസരം തന്നപ്പോഴൊക്കെ എന്നില്‍ നിന്നും മാറി നില്‍ക്കാനാണ് നീ ശ്രമിച്ചിട്ടുള്ളത്. എന്റെ വചനങ്ങള്‍ ഞാന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതിന്റെ അറിവ് നിന്നിലേക്കെത്തിയിട്ടുമില്ല. ഞാന്‍ സംസാരിക്കുമ്പോള്‍ നീ കേട്ടിരുന്നില്ല. എന്റെ ആശിര്‍വദിക്കുമ്പോള്‍ നീ കണ്ണും പൂട്ടിയിരുന്നു. പക്ഷേ, നിന്റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ കേള്‍ക്കുകയും മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. നീ ശരിക്കും എന്നെ സ്‌നേഹിക്കുന്നുവോ…?

എനിക്ക് മറുപടി പറയുവാന്‍ പറ്റുന്നില്ല. അതെങ്ങനെ സാധിക്കും. വിശ്വാസത്തിന്റെ ആലിംഗനത്തില്‍ പെട്ടുപോയിരിക്കുകയാണ് ഞാന്‍. എനിക്ക് ഇനി മാപ്പിരക്കാനാവില്ല. എന്താ ഞാന്‍ പറയേണ്ടത്. കരച്ചിലും കണ്ണീരുമായി നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു, ”അവിടുന്ന് എന്നോട് ക്ഷമിക്കേണമേ, ഞാന്‍ അങ്ങയുടെ എളിയ പുത്രനാണ്…”

ദൈവം മറുപടി പറഞ്ഞു, ”എനിക്ക് സന്തോഷമായി പ്രിയ പുത്രാ…” ഞാന്‍ ചോദിച്ചു, ”വീണ്ടും വീണ്ടും അങ്ങ് എന്തിനാണ് മാപ്പ് നല്‍കുന്നത്…? എന്തുകൊണ്ടാണ് എന്നെ ഇത്രയധികം സ്‌നേഹിക്കുന്നത്…?”

ദൈവം പറഞ്ഞു, ”കാരണം നീ എന്റെ സൃഷ്ടിയാണ്. നീ എന്റെ പുത്രനാണ്. ഒരിക്കലും നിന്നെ ഞാന്‍ ഉപേക്ഷിക്കുകയില്ല. നീ കരയുമ്പോള്‍ ആര്‍ദ്രതയോടെ വാത്സല്യത്തോടെ നിനക്കൊപ്പം ഞാനും കരയും. നീ സന്തോഷം കൊണ്ട് മതിമറക്കുമ്പോള്‍ നിന്നോടൊപ്പം ഞാനും പൊട്ടിച്ചിരിക്കും. നീ തളരുമ്പോള്‍ ഞാന്‍ നിന്നെ ഉണര്‍ത്തും. നീ വീഴുമ്പോള്‍ ഞാന്‍ കൈ പിടിച്ചുയര്‍ത്തും. നീ ക്ഷീണിക്കുമ്പോള്‍ ഞാന്‍ നിന്നെ തോളിലേറ്റി കൊണ്ടുപോകും. ജീവിതത്തിന്റെ അവസാന നാളുവരെ നിനക്കൊപ്പം ഞാനുണ്ടാവും. എന്നെന്നേയ്ക്കുമായി ഞാന്‍ നിന്നെ സ്‌നേഹിക്കുകയും ചെയ്യും…”

വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു ഞാന്‍ അപ്പോള്‍. ഇതിനു മുമ്പ് ഇത്രമേല്‍ ശക്തിയായി ഞാന്‍ കരഞ്ഞിട്ടില്ല. ഞാന്‍ എങ്ങനെയാണ് ഇത്ര മൃദുവായി സംസാരിക്കാന്‍ തുടങ്ങിയത്…? ഞാന്‍ ദൈവത്തോട് ചോദിച്ചു, ”അങ്ങ് എന്നെ എത്രമേല്‍ സ്‌നേഹിക്കുന്നു…?”

ദൈവം തന്റെ ഇരുകരങ്ങളും നീട്ടി എന്നെ ആശ്ലേഷിച്ചു. ദൈവത്തിന്റെ കണ്ണുകളില്‍ ഞാനതുവരെ കാണാത്ത പ്രകാശം കണ്ടു. ക്രിസ്തുവിന്റെ കാല്‍ക്കല്‍ വീണ് ഞാന്‍ നമസ്‌കരിക്കുകയാണ്. എന്റെ രക്ഷകനോട് അന്നാദ്യമായാണ് സത്യസന്ധമായി ഞാന്‍ കേണപേക്ഷിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments