ന്യൂയോർക്ക്: പൊതുജനങ്ങള്‍ക്കായി 30 ലക്ഷം ഡോളറിന്റെ ലൂണാ റീസൈക്കിള്‍ ചലഞ്ചുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാന്ദ്ര ദൗത്യങ്ങള്‍ക്കിടെ മനുഷ്യര്‍ ചന്ദ്രനില്‍ ഉപേക്ഷിച്ച മനുഷ്യ മാലിന്യമടങ്ങിയ ബാഗുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പരിഹാര മാര്‍ഗം കണ്ടെത്തുന്ന ആര്‍ക്കും നാസ 30 ലക്ഷം ഡോളര്‍ (25.82 കോടി രൂപയോളം) നല്‍കും.
ദീര്‍ഘകാല ചാന്ദ്ര ദൗത്യങ്ങളിലും, ബഹുദൂര ബഹിരാകാശ യാത്രകളിലും മലം, മൂത്രം, ഛര്‍ദ്ദി പോലുള്ള മനുഷ്യമാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പുനരുപയോഗം ചെയ്യുന്നതിനും സാധിക്കുന്ന സംവിധാനങ്ങള്‍ രൂപകല്‍പന ചെയ്യാനാണ് ലൂണാ റീസൈക്കിള്‍ ചലഞ്ചിലൂടെ നാസ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഈ ആശയം ചന്ദ്രനില്‍ ദീര്‍ഘകാലം താമസിച്ചുകൊണ്ടുള്ള ദൗത്യങ്ങള്‍ ഉള്‍പ്പടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ നടപ്പിലാക്കും.
അപ്പോളോ ദൗത്യകാലത്ത് മലവും, മൂത്രവും, ഛര്‍ദ്ദിയും ഉള്‍പ്പെടുന്ന മാലിന്യങ്ങള്‍ അടങ്ങിയ 96 ബാഗുകളാണ് ചന്ദ്രനില്‍ ഉപേക്ഷിച്ച് പോന്നത്. സ്യൂട്ടുകളും, ഉപയോഗശൂന്യമായ ഉപകരണങ്ങളും അന്ന് ചന്ദ്രനില്‍ ഉപേക്ഷിച്ചവയില്‍ ഉള്‍പ്പെടുന്നു. ചന്ദ്രനില്‍ നിന്നുള്ള പാറയും മണ്ണുമെല്ലാം ശേഖരിച്ച് കൊണ്ടുവരേണ്ടതിനാല്‍, പേടകത്തിന്റെ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യേണ്ടി വന്നത്.
ഇപ്പോള്‍ വീണ്ടും ചന്ദ്രനെ ലക്ഷ്യമിട്ട് ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് മനുഷ്യമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രകൃതിക്ക് അനുയോജ്യമായ പരിഹാരം കാണാനും നാസ ശ്രമിക്കുന്നത്. ഈ മാലിന്യങ്ങള്‍ വളവും ഊര്‍ജ്ജവും ആക്കി മാറ്റാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് നാസ കണക്കാക്കുന്നത്.
മാര്‍ച്ച് 31 ന് ചലഞ്ചിനായുള്ള എന്‍ട്രികള്‍ നല്‍കേണ്ട അവസാന തീയ്യതി അവസാനിച്ചു. ഇതിനകം ലഭിച്ചുകഴിഞ്ഞ ആശയങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ് അവയില്‍ മികച്ചവ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. വിജയികള്‍ക്ക് 30 ലക്ഷം ഡോളര്‍ സമ്മാനമായി നല്‍കും.