Monday, May 5, 2025

HomeAmericaനിരീക്ഷണത്തിനു കീഴിലാകാനുള്ള സാധ്യത: യുഎസിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ബര്‍ണര്‍ ഫോണുകളും ബേസിക് ലാപ്‌ടോപ്പുകളും നല്‍കി യൂറോപ്യന്‍...

നിരീക്ഷണത്തിനു കീഴിലാകാനുള്ള സാധ്യത: യുഎസിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ബര്‍ണര്‍ ഫോണുകളും ബേസിക് ലാപ്‌ടോപ്പുകളും നല്‍കി യൂറോപ്യന്‍ യൂണിയൻ

spot_img
spot_img

ബ്രസല്‍സ്: നിരീക്ഷണത്തിനു കീഴിലാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി യുഎസിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് യൂറോപ്യന്‍ കമ്മിഷന്‍ ബര്‍ണര്‍ ഫോണുകളും ബേസിക് ലാപ്‌ടോപ്പുകളും നല്‍കിയതായി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് അതിർത്തിയിൽ എത്തുന്നതോടെ ജീവനക്കാര്‍ തങ്ങളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രത്യേക ഉറകളില്‍ സൂക്ഷിക്കണമെന്നും പകരം കമ്മിഷന്‍ അനുവദിച്ച ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കണമെന്നും യൂറോപ്യന്‍ യൂണിയന്റെ പ്രാഥമിക എക്‌സിക്യൂട്ടിവ് വിഭാഗമായ യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

താല്‍കാലിക ഉപയോഗത്തിനുവേണ്ടി രൂപകല്‍പന ചെയ്തിട്ടുള്ള വില കുറഞ്ഞ മൊബൈല്‍ ഫോണാണ് ബര്‍ണര്‍ ഫോണ്‍. ഉപയോഗത്തിനുശേഷം ഫോണ്‍ ഉപേക്ഷിക്കാം. ഒരു കമ്മ്യൂണിക്കേഷന്‍ പ്രൊവൈഡറുമായുള്ള ഔപചാരികമായ കരാര്‍ ഇല്ലാതെ പ്രീപെയ്ഡ് മിനിറ്റുകള്‍ ഉപയോഗിച്ചാണ് ഇത്തരം ഫോണുകളിലൂടെയുള്ള ആശയവിനിമയം. അതിനാല്‍ത്തന്നെ ഫോണുകള്‍ ചോര്‍ത്തിയുള്ള ചാരവൃത്തി സാധ്യമല്ല.

അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്-IMF), ലോകബാങ്ക് (World Bank) എന്നിവയുടെ യോഗങ്ങള്‍ക്കായി അടുത്തവാരം യു.എസിലേക്ക് പോകുന്ന കമ്മിഷണര്‍മാരും ഉന്നത ഉദ്യോഗസ്ഥരും ഈ സുരക്ഷാപരിധിയില്‍ ഉള്‍പ്പെടും. ചൈനയിലേക്കും യുക്രൈനിലേക്കും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് സാധാരണ ഇത്തരം സുരക്ഷാ മുന്‍കരുതലുകള്‍ യൂറോപ്യന്‍ കമ്മിഷന്‍ സ്വീകരിച്ചുവരുന്നത്. കമ്മിഷന്റെ സംവിധാനങ്ങളിലേക്ക് യുഎസിന്റെ നുഴഞ്ഞുകയറ്റം ഉണ്ടായേക്കാമെന്ന ആശങ്കയാണ് നിലവില്‍ ഈ നടപടിക്കു പിന്നിലെന്ന് കമ്മിഷനുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചു. വൈറ്റ് ഹൗസോ യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലോ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന വ്യാപാരനയങ്ങള്‍ ആഗോളവിപണിയില്‍ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉളവാക്കുന്നതിനിടെയാണ് ഇത്തരമൊരു നടപടി യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ട്രംപിന്റെ നയങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നുള്ള അതൃപ്തിക്കും കാരണമായിട്ടുണ്ട്. യുഎസിനെ തളര്‍ത്താനാണ് യൂറോപ്യന്‍ യൂണിയന്‍ രൂപവത്കരിച്ചതെന്നാണ് ട്രംപിന്റെ ആരോപണം. അധിക തീരുവ നടപ്പാക്കുന്നത് 90 ദിവസത്തേക്കു മരവിപ്പിച്ചതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ മേല്‍ ചുമത്തിയ 20 ശതമാനം പകരച്ചുങ്കം പകുതിയായി കുറച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments