ചിക്കാഗോ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത്. അമേരിക്കയിലെ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ പൊളിച്ചടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നു ചിക്കാഗോയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.
പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ ജോ ബൈഡന്‍, ട്രംപ് ഭരണകൂടത്തിന്റെ സോഷ്യല്‍ സെക്യൂരിറ്റി സമീപനത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ തകര്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നു ബൈഡന്‍ പറഞ്ഞു.
പ്രസിഡന്റ് ട്രംപിനെതിരേ രൂക്ഷവിമര്‍ശനമാണ് ബൈഡന്‍ മുന്നോട്ടുവെച്ചത്.
തന്റെ പൊതുജീവിതത്തിനിടെയില്‍ കണ്ടതില്‍ ഏറ്റവും ഭീകരമായ സ്ഥിതിയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. നൂറു ദിവസത്തിനകം തന്നെ എത്രയോ നാശം സംഭവിച്ചു,’ ബൈഡന്‍ പറഞ്ഞു. ഇത്തരത്തില്‍ വിഭജന രീതിയില്‍ രാജ്യത്തിനു മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബൈഡന്റെ പ്രസംഗം അസംബന്ധമെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യുംഗ് പ്രതികരിച്ചത്.