ന്യൂയോർക്ക്: അമേരിക്കയിൽനിന്ന് ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തുന്നത് യുഎസ് ഫെഡറൽ കോടതി തടഞ്ഞു. പഠനം പൂർത്തിയാകാൻ ആഴ്‌ചകൾ ബാക്കിനിൽക്കേയാണ് വിസ്‌കൻസിൻ മാഡിസൺ സർവകലാശാലയിലെ എൻജിനിയറിങ് വിദ്യാർഥിയായ കൃഷ്‌ലാൽ ഇസർദസനിയുടെ സ്‌റ്റുഡന്റ് വിസ അധികൃതർ റദ്ദാക്കിയത്. മുന്നറിയിപ്പ് നൽകുകയോ വിശദീകരണം തേടുകയോ ചെയ്യാതെയാണ് പഠനവിവരങ്ങൾ ഉൾപ്പെടെ ഡാറ്റാബേസിൽനിന്ന് നീക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യക്കാരിയായ ചിൻമയി ദിയോറെ ഉൾപ്പെടെ മിഷിഗൺ സർവകലാശാലയിലെ നാലു വിദ്യാർഥികൾ തങ്ങളുടെ വിസയും പഠനരേഖകളും റദ്ദാക്കിയ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിനെതിരെ കോടതിയെ സമീപിച്ചു. ന്യൂഹാംഷയർ, ഇൻഡ്യാന, കലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി വിദ്യാർഥികൾ കോടതിയെ സമീപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴാണ് നിയമപോരാട്ടവും ശക്തമാകുന്നത്.