Friday, May 9, 2025

HomeAmericaഅന്ത്യ അത്താഴ സ്മരണകളുണര്‍ത്തി ഇന്ന് പെസഹാ ആചരണം

അന്ത്യ അത്താഴ സ്മരണകളുണര്‍ത്തി ഇന്ന് പെസഹാ ആചരണം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ശിഷ്യരുമൊത്തുള്ള യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെഹസാ വ്യാഴം ആചരിക്കുന്നു. വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനദിനമാണ് പെസഹ. അപ്പത്തിലും വീഞ്ഞിലും തന്റെ ശരീരവും രക്തവും യേശു ശിഷ്യര്‍ക്ക് നല്‍കിയെന്നാണ് വിശ്വാസം.

വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുന്‍പ് വരുന്ന വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മക്കായാണ് പെസഹാ ആചരിക്കുന്നത്. പെസഹാ എന്ന വാക്കിന്റെ അര്‍ത്ഥം കടന്നുപോകല്‍ എന്നാണ്.

”ഇതെന്റെ ശരീരമാകുന്നു…” എന്ന് പറഞ്ഞ് അപ്പവും ”രക്തമാകുന്നു…” എന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് ഇന്ന്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് എല്ലാ ഞായറാഴ്ച്ചകളിലും ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അനുഷ്ടിക്കുന്നതെന്നാണ് വിശ്വാസം.

യേശു അവസാനമായി ആചരിച്ച പെസഹായുടെയും അദ്ദേഹത്തിന്റെ അന്ത്യഅത്താഴത്തിന്റെയും വിവരണം ബൈബിള്‍ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിലും കാണുന്നുണ്ട്. ലൂക്കാ എഴുതിയ സുവിശേഷത്തിലെ 22-#ാ#ം അധ്യായം 7 മുതല്‍ 20 വരെയുള്ള വാക്യങ്ങള്‍ ഇപ്രകാരമാണ്:

  • പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിനം വന്നുചേര്‍ന്നു.
  • യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങള്‍ ചെയ്യുവിന്‍.
  • അവര്‍ അവനോടു ചോദിച്ചു: ഞങ്ങള്‍ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്..?
  • അവന്‍ പറഞ്ഞു: ഇതാ, നിങ്ങള്‍ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവന്‍ നിങ്ങള്‍ക്കെതിരേ വരും. അവന്‍ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങള്‍ അവനെ പിന്തുടരുക.
  • ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യന്‍മാരോടുകൂടെ ഞാന്‍ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്..?
  • സജ്ജീകൃതമായ ഒരു വലിയ മാളിക മുറി അവന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. അവിടെ ഒരുക്കുക.
  • അവര്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു; പെസഹാ ഒരുക്കുകയും ചെയ്തു.
  • സമയമായപ്പോള്‍ അവന്‍ ഭക്ഷണത്തിനിരുന്നു; അവനോടൊപ്പം അപ്പസ്തോലന്‍മാരും.
  • അവന്‍ അവരോടു പറഞ്ഞു: പീഡയനുഭവിക്കുന്നതിനുമുമ്പ് നിങ്ങളോടു കൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാന്‍ അത്യധികം ആഗ്രഹിച്ചു.
  • ഞാന്‍ നിങ്ങളോടു പറയുന്നു: ദൈവരാജ്യത്തില്‍ ഇതു പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ ഇനി ഇതു ഭക്ഷിക്കയില്ല.
  • അവന്‍ പാനപാത്രം എടുത്തു കൃതജ്ഞതാസ്തോത്രം ചെയ്ത തിനുശേഷം പറഞ്ഞു: ഇതുവാങ്ങി നിങ്ങള്‍ പങ്കുവയ്ക്കുവിന്‍.
  • ഞാന്‍ നിങ്ങളോടു പറയുന്നു, ഇപ്പോള്‍ മുതല്‍ ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തില്‍ നിന്ന് ഞാന്‍ പാനം ചെയ്യുകയില്ല.
  • പിന്നെ അവന്‍ അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചെയ്ത്, മുറിച്ച് അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍.
  • അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവന്‍ പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാന പാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.

പെസഹാ വ്യാഴത്തിലെ സന്ധ്യാപ്രാര്‍ത്ഥനകളോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റര്‍ ത്രിദിനങ്ങളായ ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റര്‍ ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയര്‍ത്തെഴുന്നേല്പും സ്മരിക്കുന്നു.

ദുഖ വെള്ളി ദിനം കുരിശു മരണത്തിന്റെ മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മ പുതുക്കാന്‍ കുരിശിന്റെ വഴി ചടങ്ങുകളും നടക്കും. അന്ത്യ അത്താഴത്തിന് മുന്‍പായി യേശു ശിഷ്യരുടെ കാല്‍ കഴുകിയതിനെ അനുസ്മരിച്ച് ഓരോ ദേവാലയത്തിനും കീഴിലുള്ള ഇടവകയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് പേരുടെ കാലുകള്‍ പുരോഹിതര്‍ കഴുകി ചുംബിക്കുന്ന ചടങ്ങാണ് പ്രധാനപ്പെട്ടത്.

തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിലൂടെ എളിമയുടെ സന്ദേശമാണ് യേശു ക്രിസ്തു നല്‍കിത്. ഇതിന്റെ ഓര്‍മപ്പെടുത്തലാണ് ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയും പ്രാര്‍ഥനകളും. അന്ത്യ അത്താഴവിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹാ വ്യാഴത്തില്‍ പെസഹാ അപ്പം ഉണ്ടാക്കും. അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്കായി കുടുംബാംഗങ്ങളും ബന്ധുക്കളുമൊക്കെ ഒത്തുചേരുകയും ചെയ്യും.

ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവത്തിനും നൂറ്റാണ്ടുകള്‍ മുന്‍പു തന്നെ പെസഹാ ആചരണം യഹൂദരുടെ ഇടയില്‍ ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നും അവര്‍ പെസഹയെ വിളിക്കുന്നു. ഇസ്രയേല്‍ ജനത്തിനെ മിസ്രയിമിലെ അടിമത്തത്തില്‍ നിന്നു ദൈവം മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് യഹൂദര്‍ പെസഹാ ആഘോഷിക്കുന്നത്.

യഹൂദര്‍ ദൈവത്തിന്റെ നിര്‍ദ്ദേശപ്രകാരം വീടുകളുടെ വാതിലിന്റെ കട്ടിളക്കാലുകളില്‍ ആടിന്റെ രക്തം തളിക്കുകയും അതു കണ്ട് സംഹാരദൂതന്‍ യഹൂദരുടെ വീടുകളെ കടന്നു പോവുകയും മിസ്രയീമ്യരുടെ കടിഞ്ഞൂലുകളെ നിഗ്രഹിക്കുകയും ചെയ്തതായി എബ്രായ ബൈബിളിലെ പുറപ്പാട് പുസ്തകത്തിലെ വിവരണത്തെ അടിസ്ഥാനമാക്കിയാണ് ‘കടന്നു പോകുക’ എന്നര്‍ഥമുള്ള പെസഹ എന്ന് ഈ പെരുന്നാളിനെ അവര്‍ വിളിക്കുന്നത്.

പെസഹാ ദിവസം കുടുംബനാഥന്റെ നേതൃത്വത്തില്‍ ബലിയാടിനെ കൊന്ന് അതിന്റെ രക്തം പാപപരിഹാരമായി അര്‍പ്പിക്കും. ഇതിന്റെ മാംസം ചുട്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ കൂടെ ഭക്ഷിക്കും. തീര്‍ത്ഥാടക പ്പെരുന്നാളുകള്‍ എന്നറിയപ്പെടുന്ന യഹൂദമതത്തിലെ മൂന്ന് പ്രധാന പെരുന്നാളുകളില്‍ ഒന്നാണ് പെസഹ. യേശുവിനു ശേഷം എ.ഡി. 70-ല്‍ ജറുസലേം ദേവാലയം നശിപ്പിക്കപ്പെടുന്നതു വരെ യഹൂദര്‍ ഈ പെരുന്നാള്‍ ആഘോഷപൂര്‍വം ആചരിച്ചു പോന്നിരുന്നു.

***

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments