വാഷിങ്ടൺ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അതിന്റെ മൂര്‍ധന്യത്തിലെത്തി നിൽക്കുന്നതിനിടയിൽ പരിഹസിക്കപ്പെടുകയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ്. ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലല്ല, പരിഹാസ പാത്രമായി കരോലിൻ മാറിയതെന്നാണ് കൗതുകം. ‘ചൈനയ്ക്കാണ് ഞങ്ങളുമായി ധാരണയിലെത്തേണ്ടത്, അല്ലാതെ ഞങ്ങൾക്കല്ല’ എന്ന ശക്തമായ നിലപാട് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ലെവിറ്റ്, ഈ സമയം ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലാണ് പരിഹസിക്കപ്പെടുന്നത്.
ലെവിറ്റിനെ പരിഹസിച്ചുകൊണ്ട് ഇന്തോനേഷ്യയിലെ ഡെൻപസാറിലെ കോൺസൽ ജനറലായ ചൈനീസ് നയതന്ത്രജ്ഞൻ ഷാങ് ഷിഷെങ് പങ്കുവച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ചൈനയിൽ നിര്‍മിച്ച വസ്ത്രമാണ് ലെവിറ്റ്, ചൈനയുടെ ഉൽപ്പന്നങ്ങൾക്കും, ചൈനീസ് വിപണിക്കുമെതിരെ സംസാരിക്കുമ്പോൾ ധരിച്ചിരുന്നത് എന്നാണ് ഷിഷെങ് അവകാശപ്പെടുന്നത്. വസ്ത്രം ചൈനീസ് നിര്‍മിതമാണെന്ന് ഒരു ചൈനീസ് നിര്‍മാണ ശാലയിലെ ജീവനക്കാരൻ സ്ഥിരീകരിച്ചതായും സോഷ്യൽ മീഡിയ കുറിപ്പിൽ ഷിഷെങ് പറയുന്നു.

ചുവപ്പും കറുപ്പും നിറമുള്ള വസ്ത്രം ധരിച്ചുള്ള ലെവിറ്റിന്റെ ഒരു ഫോട്ടോയും ഷാങ് പങ്കുവച്ചിട്ടുണ്ട്, ചൈനയിലെ മാബുവിലെ ഒരു ഫാക്ടറിയിലാണ് ഇത് നിർമ്മിച്ചത്. “ചൈനയെ കുറ്റപ്പെടുത്തുന്നത് ബിസിനസ്സാണ്. പക്ഷെ ചൈനയിൽ നിന്ന് വാങ്ങുന്നത് ജീവിതമാണ്” എന്നും ഷാങ് എഴുതി. അതിവേഗം വൈറലായ പോസ്റ്റിന് പിന്നാലെ വലിയ ട്രോളുകൾക്കും ഇത് കാരണമായി. സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ട്വിസ്റ്റാണ് ലെവിറ്റിന്റെ പത്രസമ്മേളനത്തിന് പിന്നാലെ ഉണ്ടായിരിക്കുന്നത് എന്നാണ് രസകരമായ വിമര്‍ശനം.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ തീരുവ 245 ശതമാനം വരെയെന്നാണ് അവസാനം പുറത്തുവന്ന കണക്ക്. നേരത്തെയുള്ള 100 ശതമാനവും ഇപ്പോൾ ഉയര്‍ത്തിയ 145 ശതമാനവും കൂട്ടിയാണ് ഈ റെക്കോര്‍ഡ് തീരുവ ചില ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതേ നാണയത്തിൽ തിരിച്ചടിക്കുന്ന ചൈന 125 ശതമാനമാണ് അമേരിക്കയക്ക് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്.