ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിൽ ഉണ്ടായ വെടിവയ്പ്പിൽ രൂക്ഷ പ്രതികരണവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാമ്പസിനുള്ളിൽ നടത്തിയ വെടിവെയ്പിനെ ലജ്ജാകരമെന്നാണ് ട്രംപ് പരാമർശിച്ചത്.ഒപ്പം ഇത്തരം ആക്രമങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
തോക്ക് കൈവശം വയ്ക്കുന്നതിൽ നിയന്ത്രണമുണ്ടാവുമോ എന്ന ചോദ്യത്തിന് നിയമ നിര്‍മാണം വളരെ കാലമായി നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. പൗരന്മാര്‍ക്ക് ആയുധം കൈവശം വയ്ക്കാൻ അവകാശം നൽകുന്നതാണ് അമേരിക്കൻ ഭരണഘടനയുടെ രണ്ടാം ഭേദഗതി. സർവകലാശാലയിൽ തോക്കുമായെത്തിയ വിദ്യാർത്ഥിയാണ് രണ്ട് പേരെ വെടിവെച്ചു കൊന്നത്. ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
പൊലീസുകാരന്റെ മകൻ കൂടിയാണ് വെടിയുതിര്‍ത്ത വിദ്യാർഥി ഇയാളെ പൊലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു.20കാരനായ ഇയാൾ തന്റെ പിതാവിന്റെ പഴയ സർവീസ് റിവോൾവറുമായാണ് കാമ്പസിലെത്തിയത്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. പിന്നാലെ പൊലീസെത്തി അക്രമിയെ വെടിവെച്ചിട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.