വാഷിങ്ടൺ: റഷ്യ – യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി യുഎസ്. റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇനി ചർച്ച നീളാൻ പാടില്ല, ഇങ്ങനെ നീണ്ടുപോകുകയാണെങ്കിൽ സമാധാന ചർച്ച ഉപേക്ഷിക്കാൻ ട്രംപ് തയ്യാറാണ്. സമാധാന ചർച്ചയിൽ വരുംദിവസങ്ങളിൽ വിഷയത്തിൽ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ അമേരിക്ക പിന്മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അന്ത്യശാസനം നൽകി.
സമാധാന ചർച്ചയിൽ വളരെ വേഗത്തിൽ തീരുമാനത്തിൽ എത്തണം. ആഴ്ചകളോ മാസങ്ങളോ വലിച്ച് നീട്ടാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. സമാധാനകരാർ വരുന്ന ആഴ്ചകൾക്കുള്ളിൽ തന്നെ നടപ്പാക്കണം. അല്ലെങ്കിൽ അമേരിക്ക ചർച്ചയിൽ നിന്നും പിന്മാറുമെന്നും തങ്ങൾക്ക് മറ്റ് കാര്യങ്ങൾക്കായി മുൻഗണന നൽകേണ്ടതുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. പാരിസ് സന്ദർശനത്തിനിടെയാണ് റഷ്യ – യുക്രൈൻ സമാധാന ചർച്ച വൈകുന്നതിലുള്ള അമേരിക്കയുടെ അതൃപ്തി റൂബിയോ തുറന്ന് പറഞ്ഞത്.
റഷ്യയും യുക്രൈനും തമ്മിൽ ഒരു കരാറിലെത്താൻ വേണ്ടിയാണ് ഇപ്പോഴും ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നത്. ചർച്ചകൾ സ്തംഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അങ്ങനെയെങ്കിൽ യുഎസ് ഭരണകൂടം റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിന്മാറുമെന്ന് റുബിയോ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അലസിപ്പിരിഞ്ഞിരുന്നു. അധികാരത്തിലേറിയാൽ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ ഈ വിഷയത്തിൽ വലിയ പുരോഗതി ഉണ്ടാക്കാൻ ട്രംപിനായിട്ടില്ല എന്നത് തിരിച്ചടിയാണ്.