അനില്‍ ആറന്മുള
ന്യൂ യോർക്ക്: 2025 ഓഗസ്ററ് 17 മുതൽ 19 വരെ അറ്റ്ലാന്റിക് സിറ്റിയിൽ എം ജി എം റിസോർട്ടിൽ നടക്കുന്ന വിരാട് 2025 എന്ന് പേരിട്ടിരിക്കുന്ന കെ എച് എൻ എ രജതജൂബിലി ആഘോഷങ്ങളിൽ മുൻ കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനി
രാജീവ് ചന്ദ്രശേഖർ, സ്വാമി ചിദാനന്ദപുരി, സ്വാമി സർവപ്രിയനാന്ദ, ജെ നന്ദകുമാർ, ശ്രീജിത്ത് പണിക്കർ, അഡ്വ. ജയശങ്കർ, ശരത് ഹരിദാസൻ എന്നിവർ പ്രധാന അതിഥികളായിരിക്കുമെന്നു കെ എച് എൻ എ എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
കെ എച് എൻ എ പ്രസിഡണ്ട് ഡോ. നിഷ പിള്ള, ജനറൽ സെക്രട്ടറി മധു ചെറിയേടത്ത്, ട്രെഷറർ രഘുവരൻ നായർ, വൈസ് പ്രസിഡണ്ട് സുരേഷ് നായർ, കൺവെൻഷൻ ചെയർമാൻ സുനിൽ പൈങ്കോൾ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ് എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തിൽ നടന്ന പ്രസ് മീറ്റിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ് മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, മധു കൊട്ടാരക്കര നിയുക്ത പ്രസിഡണ്ട് രാജു പള്ളത്ത്, ജോജോ കൊട്ടാരക്കര, സജി എബ്രഹാം, ബിജു കൊട്ടാരക്കര, മാത്തുക്കുട്ടി ഈശോ എന്നിവർ ഇന്ത്യ പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
ചലച്ചിത്ര രംഗത്തുനിന്നും ധ്യാൻ ശ്രീനിവാസൻ, ഗോവിന്ദ് പദ്മസൂര്യ, തുടങ്ങിയ താരങ്ങളോടൊപ്പം രമേശ് നാരായണനും മകൾ മധുശ്രീയും ചേർന്ന് നടത്തുന്ന ഹിന്ദുസ്ഥാനി സംഗീത പരിപാടി, കലാമണ്ഡലത്തിലെ കലാകാരമ്മാർ അവതരിപ്പിക്കുന്ന ക്ഷേത്ര കലകൾ കോർത്തിണക്കിയ വിവിധ കലാ പരിപാടികൾ , പകൽപ്പൂരം, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ ‘അഗം’ എന്ന മ്യൂസിക്കൽ ബാൻഡ് ഷോ, ആത്മീയനേതാക്കളുടെ പ്രഭാഷണം, സമഷ്ടി, വിമൻസ് ഫോറം അവതരിപ്പിക്കുന്ന ‘ലീല’ എന്നു പേരിട്ടിരിക്കുന്ന ഫാഷൻഷോ, അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഭക്തിമഞ്ജരി എന്ന ഭക്തിഗാന പരിപാടി എന്നിവ പ്രധാന ആകർഷണങ്ങളാണെന്നത് കൺവെൻഷൻ ചെയർമാൻ സുനിൽ വിശദീകരിച്ചു.
താമസം എം ജി എം റിസോർട്ടിലാണെങ്കിലും ഭക്ഷണം ഒരുക്കാൻ പഴയിടം നമ്പൂതിരി തന്നെ എത്തുമെന്നതും കെ എച് എൻ എ യിലെ പത്യേകതയാണെന്നു പ്രസിഡണ്ട് പറഞ്ഞു. ഈവർഷം കേരളത്തിൽ നടത്തിയിട്ടുള്ള പരിപാടികളെക്കുറിച്ചും പ്രസിഡണ്ട് വിശദീകരിച്ചു. ആർഷഭാരത പുരസ്‌കാരം കെ എച് എൻ എ വര്ഷങ്ങളായി നടത്തിവരുന്നതാണെന്നും ഈ വർഷം പ്രമുഖ സാഹിത്യകാരി ശ്രീമതി എം ലീലാവതിക്കായിരുന്നു നൽകിയതെന്നും കൂടാതെ ഏതാണ്ട് ഒരുകോടിയോളം രൂപ കേരളത്തിലെ വിദ്യാർത്ഥികളും ആദിവാസി സമൂഹവും ഉൾപ്പടെയുള്ളവർക്കായി നൽകിയിട്ടുണ്ട് എന്ന് പ്രസി ഡന്റ് ഡോ നിഷ പറഞ്ഞു. ഒരു കോടി രൂപ സംഭാവന ചെയ്യാൻ എവിടെനിന്നാണ് ഫണ്ട് ലഭിക്കുക എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് അമേരിക്കയിലെ നല്ലവരായ ഹിന്ദുക്കളും വ്യവസായികളും ഒക്കെ നൽകുന്ന സംഭാവനകളും പിന്നെ കൺവെൻഷന് രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും ലഭിക്കുന്ന തുകയുമാണ് വിനിയോഗിക്കുക എന്ന് ട്രെഷറർ രഘുവരൻ നായർ പറഞ്ഞു.
കെ എച് എൻ എ ഇലെക്ഷൻ കമ്മിറ്റിയേയും തെരഞ്ഞെടുത്തതായി പ്രസിഡണ്ട് നിഷ പിള്ള അറിയിച്ചു. ഡോ. അനിത മേനോൻ (മെരിലാൻഡ്) ആയിരിക്കും ഇലെക്ഷൻ കമ്മിഷണർ. ശ്യാം കുമാർ (പെൻസിൽവാനിയ), ഡോ. രശ്മി മേനോൻ (അരിസോണ) എന്നിവർ ഇലെക്ഷൻ കമ്മിറ്റി അംഗങ്ങളായിരിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണോ കൂടുതൽ സ്ത്രീകൾ എന്ന പത്രപ്രവർത്തകരുടെ ചോദ്യത്തിന് മാർച്ചിൽ ന്യൂയോർക്കിൽ നടന്ന ജനറൽ ബോഡിയിൽ അംഗങ്ങൾ ഏകകണ്ഠമായി തന്നെ ഏല്പിച്ച ചുമതല അനുസരിച്ചാണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് എന്നും എല്ലാവരും കഴിവ് തെളിയിച്ചവരാണെന്നും പ്രസിഡന്റ് പറഞ്ഞു. ട്രസ്റ്റീ ബോർഡും ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ട്.
ട്രസ്റ്റീ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ ചെയർമാൻ ഗോപിനാഥക്കുറുപ് വിശദീകരിച്ചു. കേരളത്തിലെ അവശതയനുഭവിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് കൊടുക്കുക, മാട്രിമോണി വെബ്സൈറ്റ് നിയന്ത്രിക്കുക ഇലെക്ഷൻ നടത്തുക കെ എച് എൻ എ യുടെ സ്വത്തുക്കൾക്കു കസ്റ്റോഡിയൻ ആയിരിക്കുക എന്നിവയാണ് മുഖ്യ ചുമതലകൾ എന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള മാട്രിമോണി വെബ്സൈറ്റ് മൂന്നാഴ്ചക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ അദ്വൈത പുരസ്കാരം എന്ന പേരിൽ ട്രസ്റ്റീ ബോർഡ് ഏർപ്പെടുത്തുന്ന ‘പരാമംബിക’ പുരസ്‌കാരം മണ്ണാറശാല നാഗരാജ ക്ഷേത്രാധിപ മാതാ സാവിത്രി അന്തർജ്ജനത്തിനു മെയ് പതിനേഴാം തീയതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാറ്റിലും അപ്പുറം ഇവിടെ വളരുന്ന തലമുറയെ നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരവും പകർന്നു നൽകി ശരിയായ ദിശയിൽ നയിക്കുക എന്നത് മാത്രമാണ് കെ എച് എൻ എ യുടെ പ്രസക്തി എന്നും മറ്റു ചിന്തകൾക്കും തർക്കങ്ങൾക്കും -അത് മനുഷ്യ സഹജമാണെങ്കിൽ പോലും- ഒന്നും ഇവിടെ സ്ഥാനമില്ല എന്നും ഡോ നിഷ പിള്ള വ്യക്തമാക്കി. നിരവധി പ്രത്യേകതകളും, പ്രമുഖരായ അതിഥികളും ഒപ്പം വിശിഷ്ട കലാപരിപാടികളുമായി അറ്റ്ലാന്റിക് സിറ്റിയിൽ അരങ്ങേറുന്ന ‘വിരാട് 2025’ പകർന്നു നൽകുന്നത് അവാച്യമായ അനുഭൂതികളും വിലപ്പെട്ട ഓർമകളും ആയിരിക്കുമെന്നും അമേരിക്കയിലെ എല്ലാ സനാതന ധർമ്മ വിശ്വാസികളെയും ക്ഷണിക്കുന്നതായും പ്രസിഡണ്ട് അറിയിച്ചു.