Monday, April 21, 2025

HomeAmericaഅക്ഷര്‍ധാം മുതല്‍ മോദിക്കൊപ്പം അത്താഴം വരെ; ജെഡി വാന്‍സ് കുടുംബ സമേതം ഇന്ത്യയില്‍

അക്ഷര്‍ധാം മുതല്‍ മോദിക്കൊപ്പം അത്താഴം വരെ; ജെഡി വാന്‍സ് കുടുംബ സമേതം ഇന്ത്യയില്‍

spot_img
spot_img

ന്യൂഡല്‍ഹി: ആദ്യ ഇന്ത്യ സന്ദര്‍ശനത്തിനായി യു.സ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ന് എത്തും. ഇന്ത്യന്‍ വംശജ കൂടിയായ ഭാര്യ ഉഷ ചിലുകുരി, മൂന്ന് മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് വാന്‍സിന്റെ ഇന്ത്യ സന്ദര്‍ശനം. വാന്‍സും കുടുംബവും നാല് ദിവസം ഇന്ത്യയില്‍ തുടരും. അതേസമയം ഡൊണള്‍ഡ് ട്രംപ് സര്‍ക്കാര്‍ ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 26 ശതമാനം പകരം തീരുവ ചുമത്തിയതിനിടെയാണ് ജെഡി വാന്‍സിന്റെ ഇന്ത്യ സന്ദര്‍ശനം. ഡല്‍ഹിയില്‍ വിമാനമിറങ്ങുന്ന യുസ് വൈസ് പ്രസിഡന്റിനെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

ഇന്ത്യന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന വാന്‍സ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ഭൗമരാഷ്ട്രീയ മുന്‍ഗണനകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഡല്‍ഹി, ജയ്പുര്‍, ആഗ്ര എന്നിവിടങ്ങള്‍ വാന്‍സ് സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. രാജ്യത്തെ വിവിധ സംസ്‌കാരിക കേന്ദ്രങ്ങള്‍ വൈസ് പ്രസിഡന്റും കുടുംബവും സന്ദര്‍ശിക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന ജെഡി വാന്‍സ് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ വാന്‍സ് പങ്കെടുക്കും. കൂടിക്കാഴ്ചയില്‍, നിര്‍ദിഷ്ട ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പുരോഗതി ഉള്‍പ്പെടെ ഇരു നേതാക്കളും വിലയിരുത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്ര എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും. വാന്‍സിനൊപ്പം അഞ്ച് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരാകും ഉണ്ടാകുക.

ഡല്‍ഹിയിലെ ഐടിസി മയൂര്യ ഷെറാട്ടണ്‍ ഹോട്ടലിലാണ് വാന്‍സും കുടുംബവും തങ്ങുക. സന്ദര്‍ശനത്തിനിടെ, വാന്‍സും കുടുംബവും ഡല്‍ഹിയിലെ സ്വാമിനാരായണ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിക്കും. കൂടാതെ, പരമ്പരാഗത ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലും സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച രാത്രി രാജസ്ഥാനിലെ ജയ്പുരിലേക്ക് പോകുന്ന വാന്‍സും കുടുംബവും പ്രസിദ്ധമായ രാംബാഗ് കൊട്ടാരത്തിലാണ് തങ്ങുക.

22-ന് യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജയ്പുരിലെ അമേര്‍ കോട്ട ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ട്രംപ് ഭരണകൂടത്തിന് കീഴിലെ ഇന്ത്യ-യുഎസ് ബന്ധം എന്ന വിഷയത്തില്‍ സംസാരിക്കും. 23-ന് വാന്‍സും കുടുംബവും ആഗ്രയില്‍ എത്തി ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സന്ദര്‍ശിക്കും. ആഗ്രയിലെ ശില്‍പഗ്രാമവും വാന്‍സ് സന്ദര്‍ശിക്കും. വൈകുന്നേരം ജയ്പുരിലേക്ക് മടങ്ങുന്ന സംഘം 24-ന് ജയ്പുരില്‍നിന്ന് യു.എസിലേക്ക് മടങ്ങും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments