യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യവിവരങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ ട്രംപിനെതിരെ നടന്ന വധശ്രമത്തിന്റെ ഭാഗമായി വലത് ചെവിയുടെ മുകളില്‍ മുറിവേല്‍പ്പിച്ചുകൊണ്ടാണ് വെടിയുണ്ട പാഞ്ഞുപോയത്. ആ മുറിപ്പാട് ഇപ്പോഴുമുണ്ടെന്നും എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ട്രംപിന്റെ ധാരാണാശേഷിയും ശാരീരിക ആരോഗ്യവും മികച്ചരീതിയിലാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ ഷോണ്‍ ബാബബെല്ല അറിയിച്ചു.
ധാരണാശേഷി അളക്കുകയും മറവിരോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന മോന്‍ഡിയല്‍ കൊഗ്‌നിറ്റീവ് അസെസ്‌മെന്റ് നടത്തിയിരുന്നു. ഇതില്‍ മൃഗങ്ങളുടെ പേരുകള്‍, ക്ലോക്കിന്റെ ചിത്രം വരയ്ക്കുക, അഞ്ച് മിനിറ്റിനു ശേഷം വാക്കുകള്‍ ആവര്‍ത്തിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. ഈ ടെസ്റ്റില്‍ ട്രംപിന് 30ല്‍ 30 മാര്‍ക്കും കിട്ടി.
പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഹൃദയ, ശ്വാസകോശ,നാഡീവ്യൂഹ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. 5 മണിക്കൂര്‍ നീണ്ടു നിന്ന് പരിശോധനയിലൂടെയാണ് 78 വയസ്സുള്ള ട്രംപിന്റെ ആരോഗ്യത്തെപ്പറ്റി പൂര്‍ണമായ വിവരങ്ങള്‍ എടുത്തത്. രക്തപരിശോധനകളും, ഹൃദയാരോഗ്യ ചെക്കപ്പുകളും, അള്‍ട്രാസൗണ്ട് ടെസ്റ്റും നടത്തി. ട്രംപ് പൂര്‍ണ ആരോഗ്യവാനാണെന്നും കമാന്‍ഡര്‍ ഇന്‍ ചീഫ്, ഹെഡ് ഓഫ് സ്റ്റേറ്റ് പദവികളിലെ കൃത്യനിര്‍വഹണത്തിന് യാതൊരു തടസ്സവും വരില്ലെന്നും ഡോക്ടര്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദമോ. വിഷാദമോ പോലുള്ള യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും മെമോയില്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നു ഡോക്ടര്‍ പറഞ്ഞതായി ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍, ഹൃദ്രോഗം തടയാന്‍ ആസ്പിരിന്‍, ചര്‍മരോഗത്തിനുള്ള മരുന്ന് എന്നിവയാണ് ഉപയോഗിച്ചുവരുന്നതെന്നും മെമോയില്‍ പറയുന്നു.
ആറടി മൂന്ന് ഇഞ്ച് ഉയരമുള്ള ട്രംപിന് 101 കിലോ ഭാരമാണുള്ളത്.