ന്യൂഡൽഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ച നടന്നത്.
ഊര്‍ജം, പ്രതിരോധം, തന്ത്രപ്രധാനമായ സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള സഹകരണം തുടരാനും ചര്‍ച്ചയില്‍ തീരുമാനമായി. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള ആശംസയും മോദി കൈമാറി. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ട്രംപ് എത്തുമെന്നാണ് കരുതുന്നത്.
തന്റെ വസതിയിലെത്തിയ ജെ ഡി വാന്‍സിനും ഉഷ വാന്‍സിനും കുഞ്ഞുങ്ങള്‍ക്കും ഊഷ്മളമായ സ്വീകരണമാണ് പ്രധാനമന്ത്രി നല്‍കിയത്. ഉഷ വാന്‍സുമായും പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികളെ ഓമനിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മൂന്ന് പേര്‍ക്കും മയില്‍പീലികള്‍ പ്രധാനമന്ത്രി സമ്മാനിക്കുകയും ചെയ്തു.
രാവിലെ 9.45ഓടെ ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലിറങ്ങിയ വാന്‍സിനേയും കുടുംബത്തേയും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സ്വീകരിച്ചു. ട്രൈ സര്‍വീസസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ഇന്ത്യ യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും ആദരവറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തമാക്കാനും ഫെബ്രുവരി 13ല്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കുമാണ് വാന്‍ഡ് ഇന്ത്യയിലെത്തിയിരിക്കുന്നത്. കൂടാതെ വിവിധ മേഖലകളില്‍ യുഎസ്- അമേരിക്ക ബന്ധത്തിന്റെ പുരോഗതിയും വാന്‍സും സംഘവും വിലയിരുത്തും. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ കൂടി പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം.