വാഷിങ്ടൺ: സർവകലാശാലയ്ക്ക് നൽകി വന്നിരുന്ന ഫണ്ടുകൾ മരവിപ്പിക്കുകയും നിർത്തലാക്കുകയും ചെയ്ത നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹാർവാർഡ് സർവകലാശാല. 2.2 ബില്യൺ ഗ്രാന്റ് മരവിപ്പിച്ച നടപടിക്കെതിരെ സർവകലാശാല ട്രംപ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. സ്വയംഭരണമടക്കമുള്ള സർവകലാശാലയിലെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപിന്റെ ആവശ്യത്തെത്തുടർന്നാണ് വൈറ്റ് ഹൗസും ഹാർവാർഡും തമ്മിൽ തർക്കമാരംഭിച്ചത്.
സ്വയംഭരണാവകാശം അടിയറ വയ്‌ക്കില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസിന്റെ നിർദേശങ്ങൾ ഹാർവാർഡ് സർവകലാശാല തള്ളിയതോടെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ സ്ഥാപനം എന്ന് കണക്കാക്കി സർവകലാശാലയ്‌ക്ക് നികുതി ചുമത്തുമെന്നാണ് സമൂഹ മാധ്യമത്തിലൂടെ ട്രംപ് വെല്ലുവിളിച്ചത്. ട്രംപിന്റെ നിർദേശങ്ങൾ സർക്കാർ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹാർവാർഡ് തള്ളിയത്. ഇതോടെ ഓരോവർഷവും അനുവദിക്കുന്ന 220 കോടി ഡോളറിന്റെ സഹായം തടഞ്ഞുവയ്‌ക്കുകയും ആറ് കോടി ഡോളറിന്റെ സർക്കാർ കരാറുകൾ മരവിപ്പിക്കുകയും ട്രംപ് ഭരണകൂടം ചെയ്തിരുന്നു.
സർക്കാരിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ എതിർത്തതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചകളിലായി ഫെഡറൽ സർക്കാർ നിരവധി നടപടികൾ തങ്ങൾക്കെതിരെ സ്വീകരിച്ചതായി ഹാർവാർഡ് അധികൃതർ പറഞ്ഞു. ഫണ്ടിംഗ് മരവിപ്പിക്കൽ നിയമവിരുദ്ധവും സർക്കാരിന്റെ അധികാരത്തിന് അതീതവുമാണെന്നും അതിനെതിരെ കേസ് ഫയൽ ചെയ്യുകയാണെന്നും അധികൃതർ വ്യക്തമാക്കി.