വാഷിംഗ്ടൺ: ലോക സമ്പദ്വ്യവസ്ഥയെ തന്നെ പിടിച്ചുലച്ച യുഎസ്– ചൈന വ്യാപാരയുദ്ധത്തിന് അറുതി വരുന്നുവെന്ന് സൂചന. ചൈനയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഭീമമായ തിരിച്ചടിത്തീരുവ ക്രമേണെ കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അതൊരിക്കലും പൂര്‍ണമായി എടുത്തുകളയില്ലെന്നും അദ്ദേഹം ഓവല്‍ ഓഫിസില്‍ മാധ്യമങ്ങളോട് പറഞ്ഞു.’ 145 ശതമാനം നികുതി വളരെ കൂടുതലാണ്. അത്രയും ഉയരാന്‍ പാടില്ല. എവിടെയും അത്രയും തീരുവയില്ല. അത് ക്രമേണെ കുറയും പക്ഷേ ഒരിക്കലും പൂജ്യത്തിലേക്കെത്തില്ല. ഒരുകാലത്ത് അങ്ങനെ ആയിരുന്നു. അന്ന് യുഎസിനെ നിലംപരിശാക്കിക്കളഞ്ഞിരുന്നു. ആ സ്ഥിതി ഇനി ഉണ്ടാവില്ല’- ട്രംപ് വിശദീകരിച്ചു. ചൈനയ്ക്ക് യുഎസുമായി ധാരണയിലെത്തേണ്ടി വരുമെന്നും അല്ലാത്തപക്ഷം അമേരിക്കയില്‍ വ്യാപാരം നടത്തുക അസാധ്യമാകുമെന്നതാണ് വാസ്തവമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയോടുള്ള ട്രംപിന്‍റെ നിലപാട് അമേരിക്കയുടെ സാമ്പത്തിക അടിത്തറ ഇളക്കുന്നതാണെന്ന വിദഗ്ധോപദേശവും ട്രഷറി സെക്രട്ടറിയുടെ മുന്നറിയിപ്പും പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് അയഞ്ഞത്. ചൈനയുമായുള്ള വ്യാപാരത്തില്‍ നിലവില്‍ പ്രശ്നമൊന്നും ഇല്ലെന്നും ചൈനയോട് താന്‍ നല്ല രീതിയിലാണ് ഇടപെടുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് അടിച്ചേല്‍പ്പിച്ച 145 ശതമാനം തിരിച്ചടിത്തീരുവയ്ക്ക് മറുപടിയായി ചൈന 125 ശതമാനം തീരുവയും ഏര്‍പ്പെടുത്തിയിരുന്നു. ചുരുക്കം ചില ഇലക്ട്രോണിക് സാധനങ്ങളെ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാക്കിയത്.
നിലവിലെ സ്ഥിതി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വാഷിങ്ടണില്‍ പ്രസ്താവിച്ചത്. ചൈനയും അമേരിക്കയും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ബെസന്‍റിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ എസ്ആന്‍റ്പി സ്റ്റോക്ക് 2.5 ശതമാനം ഉയര്‍ന്നു.
അതേസമയം, വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിനായി വാഷിങ്ടണും ബെയ്ജിങുമായുള്ള ഔദ്യോഗിക സന്ധിസംഭാഷണങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. ട്രംപ് പ്രഖ്യാപിച്ച തിരിച്ചടിത്തീരുവയിന്‍മേല്‍ ചര്‍ച്ചയ്ക്ക് നൂറോളം രാജ്യങ്ങള്‍ ഇതിനകം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും പക്ഷേ ചൈന അക്കൂട്ടത്തില്‍ ഇല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് പറഞ്ഞു.
യുഎസിന്‍റെ ഭീഷണിക്ക് വഴങ്ങില്ലെന്നും വ്യാപാരം നടത്താന്‍ കൃത്യമായി അറിയാമെന്നും ചൈന കടുത്ത നിലപാട് നേരത്തെ സ്വീകരിച്ചിരുന്നു. മാത്രവുമല്ല, യുഎസുമായി ചേര്‍ന്ന് ചൈനയ്ക്കെതിരെ തിരിയുന്ന രാജ്യങ്ങളും പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നെ മുന്നറിയിപ്പും ചൈന നല്‍കിയിരുന്നു.