വത്തിക്കാൻ സിറ്റി: യുക്രെയ്നിലെ ജനവാസ മേഖലകളിൽ നടത്തിയ ആക്രമണങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപിന്റെ വിമർശനം.
‘‘ഒരുപക്ഷേ അദ്ദേഹം യുദ്ധം നിർത്താൻ ആഗ്രഹിക്കുന്നില്ലായിരിക്കാം’’ എന്നാണ് ട്രംപിന്റെ പോസ്റ്റ്. പുട്ടിനെ വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടി വന്നേക്കാമെന്ന് റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന സൂചന നൽകി ട്രംപ് പറഞ്ഞു.
‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുട്ടിൻ അകാരണമായി ജനവാസമേഖലകളിലേക്കും നഗരങ്ങളിലേക്കും മിസൈലുകൾ തൊടുക്കുന്നു. യുദ്ധം നിർത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലായിരിക്കാം. സാമ്പത്തികം അല്ലെങ്കിൽ ‘ദ്വിതീയ ഉപരോധങ്ങൾ’ വഴി വ്യത്യസ്തമായി കൈകാര്യം ചെയ്യേണ്ടിവരുമെന്ന് എനിക്ക് തോന്നുന്നു. ഒട്ടേറെ ആളുകൾ മരിക്കുന്നു!.’’– ട്രംപ് കുറിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനായി വത്തിക്കാനിലെത്തിയപ്പോഴാണ് ട്രംപും സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള സംസാരം 15 മിനിറ്റോളം നീണ്ടു. വൈറ്റ് ഹൗസിലെ തെറ്റിപ്പിരിയലിന് ശേഷം ഇരുവരും ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.