ന്യൂയോര്‍ക്ക്: രണ്ടാം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച തിരിച്ചടി തീരുവയ്ക്ക് പകരം അമേരിക്കയുമായി പുതിയ വ്യാപാരക്കരാർ ഉണ്ടാക്കുന്ന ആദ്യ രാജ്യം ഇന്ത്യ ആയിരിക്കുമെന്ന പ്രതീക്ഷയിൽ യു.എസ്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് പ്രതീക്ഷ പങ്കുവെച്ചത്. ലോകബാങ്കിന്റെ അന്താരാഷ്ട്ര നാണ്യനിധി വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബെസെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ വലിയതോതിൽ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുന്നില്ല. സർക്കാർ സബ്സീഡികളും കുറവാണ്. ഇത്തരം സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാര കരാറിൽ ഏർപ്പെടുക എളുപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം രണ്ടിനാണ് അമേരിക്ക തിരിച്ചടി തീരുവ പ്രഖ്യാപിച്ചത്. തുടർന്ന് രാജ്യങ്ങളുമായി ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി തീരുവ നടപ്പാക്കൽകരാര്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചു. 26 ശതമാനം പകരച്ചുങ്കമാണ് യുഎസ് ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചത്. ജൂലായ് എട്ടിന് ഈ പരിധി അവസാനിക്കാനിരിക്കേ യുഎസുമായി രാജ്യങ്ങളെല്ലാം വ്യാപാരചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യാ സന്ദർശനത്തിനെത്തിയ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യ താരിഫ് ഇതര തടസങ്ങൾ ഒഴിവാക്കാനും, വിപണികളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച് അമേരിക്ക ഇറക്കുമതി ചെയ്യുന്ന സാധനങ്ങളിൽ മൂന്നു ശതമാനം ഇന്ത്യയിൽ നിന്നുള്ളതാണ്.