സൂയസ്: അമേരിക്കൻ സൈനിക, വാണിജ്യ കപ്പലുകളെ പനാമ, സൂയസ് കനാലുകളിലൂടെ സൗജന്യമായി കടന്നുപോകാൻ അനുവദിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ വിഷയത്തിൽ ഉടനടി നടപടിയെടുക്കാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് ട്രംപ് നിർദ്ദേശിച്ചു. അമേരിക്കയിൽ നിന്നുള്ള കപ്പലുകളെ – സൈനികവും വാണിജ്യവുമായവയെ – പനാമ, സൂയസ് കനാലുകളിലൂടെ പണം ഈടാക്കാതെ സൗജന്യമായി കടത്തിവിടണം. യുഎസിന്റെ ഇടപെടലില്ലാതെ രണ്ട് ജലപാതകളും നിലനിൽക്കില്ല എന്നും ട്രംപ് പ്രസ്താവിച്ചു.
പനാമ കനാലിന്റെ മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണം വേണമെന്ന് ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൂയസ് കനാലിനെയും ഉൾപ്പെടുത്തി പുതിയ പ്രസ്താവന. സുരക്ഷാ ഭീഷണികൾക്കു മുമ്പ് ആഗോള സമുദ്ര വ്യാപാരത്തിന്റെ 10 ശതമാനവും സൂയസ് കനാൽ വഴിയാണ് നടന്നിരുന്നത്. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള നിർണായക കണ്ണിയായി നിൽക്കുന്ന കനാലിന്റെ മേൽ ആധിപത്യം സ്ഥാപിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് പുതിയ പ്രസ്താവനയോടെ ഉയരുന്ന ആശങ്ക.