എ.എസ് ശ്രീകുമാര്‍
”ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍…” എന്ന് ബൈബിള്‍ പറയുന്നു. ഇവിടെ തനിക്ക് തിട്ടിയ സൗഭാഗ്യങ്ങളെല്ലാം ദൈവസന്നിധിയില്‍ അര്‍പ്പിച്ച് 105-ാം പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വം കൊണ്ടാടിയിരിക്കുകയാണ് തിരുവല്ല അമിച്ചകരി, പുറമത്തടയില്‍ കല്ലുപുരയ്ക്കല്‍ ശോശാമ്മ ടീച്ചര്‍. പരേതനായ റിട്ടയേഡ് അധ്യാപകന്‍ പി.വി എബ്രഹാം സാറിന്റെ ഭാര്യയും ലോകപ്രശസ്തമായ എറക് ഷൂ കമ്പനി ഉടമയും ഹാനോവര്‍ ബാങ്കിന്റെ സ്ഥാപകനും ഡയറക്ടറുമായ വര്‍ക്കി എബ്രഹാമിന്റെ അമ്മയുമാണ് അനുഗ്രഹീതയായ ശോശാമ്മ ടീച്ചര്‍.


സ്വവസതിയില്‍ നടന്ന ഈ അപൂര്‍വ ജന്‍മദിന ആഘോഷത്തില്‍ ശോശാമ്മ ടീച്ചര്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ മതമേലധ്യക്ഷന്‍മാരും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉറ്റവരും ഉടയവരുമെല്ലാം നിറമനസോടെ എത്തി. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത യുയാക്കിം മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. വൈകിട്ട് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപോലീത്തയുടെ സാന്നിധ്യത്തില്‍ നടന്ന യോഗം വേറിട്ടതായി.

”പ്രിയപ്പെട്ട അമ്മച്ചി ഒരു അദ്ധ്യാപികയായിട്ട് ആയുസ്സ് വിനിയോഗിച്ച മഹദ് വ്യക്തിയാണ്. ആ നാളുകളിലെല്ലാം അനേകരെ ജാതി-മത ഭേദങ്ങളില്ലാതെ പഠിപ്പിച്ച് നേരായ ദിശയില്‍ അവരെയെല്ലാം വഴി നടത്തി. അമ്മച്ചിയുടെ നിയോഗം വളരെ ശ്രദ്ധേയമായിരുന്നുവെന്ന് ഇത്തരുണത്തില്‍ നമുക്ക് ഓര്‍ക്കാം. ഇനിയുമേറെ ദൗത്യം നിറവേറ്റുവാന്‍ തക്കവണ്ണം പ്രാര്‍ത്ഥിച്ച് ഈ അമ്മയെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം. 105-ാം വയസ്സിലേക്ക് പ്രവേശിച്ച അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുകൊണ്ട് ദൈവത്തെ സ്തുതിക്കാം…” തിയോഡോഷ്യസ് പിതാവ് ആശംസിച്ചു.

ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ സ്തുതിഗീതങ്ങള്‍ ആലപിച്ചപ്പോള്‍ അതിനൊപ്പം പുഞ്ചിരി തൂകി കൈയടിച്ച് ഏറ്റുപാടിക്കൊണ്ട് ശോശാമ്മ ടീച്ചര്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. തനിക്ക് ഓര്‍മവച്ച നാള്‍ മുതല്‍ വളരെ ലളിതമായ ജീവിത ശൈലിയാണ് അമ്മച്ചി പിന്തുടരുന്നതെന്ന് വര്‍ക്കി എബ്രഹാം പറഞ്ഞു. വീട്ടിലാദ്യം ഉണരുകയും അവസാനം ഉറങ്ങാന്‍ കിടക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു അമ്മച്ചിയുടേത്. കാര്‍ഷിക കുടുംബം ആയിരുന്നതിനാല്‍ അക്കാലത്ത് വീട്ടില്‍ ധാരാളം ജോലിക്കാരുണ്ടായിരുന്നു. അവര്‍ക്കെല്ലാം ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത് വീട്ടിലെ ചുമതലകളെല്ലാം നിര്‍വഹിച്ച ശേഷമാണ് അമ്മച്ചി സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോയിരുന്നതെന്ന് മൂത്ത മകനായ വര്‍ക്കി എബ്രഹാം വ്യക്തമാക്കി.


പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ അധ്യാപന കര്‍മ്മം നിര്‍വഹിച്ചിരുന്ന ശോശാമ്മ ടീച്ചര്‍ സ്‌കൂളിലെ മറ്റ് ആക്ടിവിറ്റികളിലും സജീവമായിരുന്നു. പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുകയും അവരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത് ഏവര്‍ക്കും പ്രിയപ്പെട്ട ടീച്ചറായി. തിരുവല്ല എസ്.സി.എസ് സ്‌കൂളിലാണ് ശോശാമ്മ ടീച്ചര്‍ തന്റെ അധ്യാപന സപര്യയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് തലവടി ടി.എം.ടി ഹൈസ്‌ക്കൂളില്‍ എത്തിയ ടീച്ചര്‍ ദീര്‍ഘകാലത്തെ അധ്യാപനത്തിനു ശേഷം അവിടെ നിന്നാണ് വിരമിച്ചത്. ഭര്‍ത്താവ് എബ്രഹാം സാറും ഇതേ സ്‌കൂളില്‍ അധ്യാപകനായിരുന്നു.


എബ്രഹാം സാറിനും ശോശാമ്മ ടീച്ചര്‍ക്കും അഞ്ച് മക്കളാണുള്ളത്. എബ്രഹാം വര്‍ക്കിയാണ് മൂത്തമകന്‍. മറ്റൊരു മകനായ എബ്രഹാം പി എബ്രഹാം അകാലത്തില്‍ മരണമടഞ്ഞു. മറ്റ് മക്കളായ മാമ്മന്‍ എബ്രഹാമും സിസ്റ്റര്‍ മേഴ്‌സി എബ്രഹാമും അമേരിക്കയിലാണ്. മറ്റൊരു മകള്‍ ആനി എബ്രഹാം നാട്ടിലുണ്ട്. മാര്‍ത്തോമാ സഭയുടെ വൈദിക ട്രസ്റ്റി സ്ഥാനം വഹിച്ച റവ. ലാല്‍ ചെറിയാന്‍ അച്ചനാണ് ആനി എബ്രഹാമിന്റെ ജീവിത പങ്കാളി. തിരുവല്ലയിലെ പുരാതന പ്രശസ്തമായ പാറയ്ക്കാമണ്ണില്‍ കുടുംബാംഗമാണ് ശോശാമ്മ ടീച്ചര്‍.

കഠിനാദ്ധ്വാനവും ചിട്ടയായ ജീവിതവുമാണ് ശോശാമ്മ ടീച്ചറുടെ ആരോഗ്യത്തിന്റെ രഹസ്യം. വളരെ പ്രത്യേകതയുള്ളതാണ് അമ്മച്ചിയുടെ ഭക്ഷണ ക്രമമെന്ന് വര്‍ക്കി എബ്രഹാം ചൂണ്ടിക്കാട്ടി. അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്ന ശീലം പണ്ടു തൊട്ടേയുണ്ട്. അതിപ്പോഴും തുടരുന്നു. ബ്രേക്ക് ഫാസ്റ്റിന് ഏറ്റവും ഇഷ്ടം ഇഡ്ഡലിയും സാമ്പാറുമാണ്. ഉച്ചയ്ക്കു മുമ്പ് 11 മണിക്ക് അരമുറി നാടന്‍ ഏത്തയ്ക്കാ നിര്‍ബന്ധമാണ്. കൃത്യ സമയത്ത് ഉച്ചഭക്ഷണം കഴിക്കും. നാല് മണിക്ക് കാപ്പിയോടൊപ്പം അരമുറി ഏത്തയ്ക്കായും കഴിക്കും. പ്രാര്‍ത്ഥിച്ച ശേഷം രാത്രി ഉറങ്ങുന്നതിനു മുമ്പ് ലഘു ഭക്ഷണമാണ്. മിക്കവാറും കുത്തരിക്കഞ്ഞിയാണ് കുടിക്കുക.

വാര്‍ധക്യസഹജമായ അസുഖം മൂലം 79-ാമത്തെ വയസ്സിലാണ് എബ്രഹാം സാര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ശോശാമ്മ ടീച്ചര്‍ക്ക് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ യാതൊരു അസുഖങ്ങളുമില്ല. കണ്ണട വയ്ക്കാതെ ഇപ്പോഴും നന്നായി വായിക്കും. രാവിലെയുള്ള പത്രവായന ഇപ്പോഴും തുടരുന്നു. മണ്‍മറഞ്ഞ മകന്‍ എബ്രഹാം പി എബ്രഹാമിന്റെ ഭാര്യ ലാലി എബ്രഹാം ആണ് ശോശാമ്മ ടീച്ചറിനെ പരിപാലിക്കുന്നത്. പിന്നെ രണ്ടു പേര്‍ മുഴുവന്‍ സമയവും അമ്മച്ചിക്കൊപ്പം ഉണ്ടാവും. അമേരിക്കയില്‍ നിന്ന് വീഡിയോ കോളിലൂടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കുമ്പോള്‍ എല്ലാവരെയും തിരിച്ചറിഞ്ഞ് അമ്മച്ചിയും സംഭാഷണം സരസമാക്കും.

അമ്മച്ചിയെ രണ്ടു തവണ അമേരിക്കയില്‍ കൊണ്ടു വന്നിട്ടുണ്ടെന്ന് വര്‍ക്കി എബ്രഹാം പറഞ്ഞു. എന്നാല്‍ കൂടുതല്‍ കാലം ഇവിടെ നില്‍ക്കാന്‍ താത്പര്യമില്ലായിരുന്നു. നാട്ടില്‍ ജീവിക്കുന്നതാണ് അമ്മച്ചിക്ക് ഇഷ്ടം. എടത്വായ്ക്ക് സമീപം നീരേറ്റുപുറം അമിച്ചകരി പ്രദേശങ്ങള്‍ തനി കുട്ടനാടന്‍ ഗ്രാമീണതയുടെ ഉത്തമ ഉദാഹരണമാണ്. വീടിനു ചുറ്റുപാടുമുള്ളവരോട് സ്‌നേഹത്തോടെ ഇടപഴകുകയും കുശലപ്രശ്‌നങ്ങള്‍ നടത്തുകയും ചെയ്യുന്നതിനൊപ്പം അവരിലൊരാളായി ജീവിക്കുവാനുമാണ് ശോശാമ്മ ടീച്ചര്‍ക്ക് ഏറെയിഷ്ടം. അവരെ കരുതുകയും അവരാല്‍ കരുതപ്പെടുകയും ചെയ്യുന്ന ജീവിത സാഹചര്യം ശോശാമ്മ ടീച്ചറെ ഏറെ സന്തോഷവതിയാക്കുന്നു.
നെടുമ്പ്രം ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ഇടവകയിലാണ് ശോശാമ്മ ടീച്ചറുടെ വീട്. ജന്മദിന പ്രാര്‍ത്ഥനാ യോഗത്തില്‍ നെടുമ്പ്രം ക്രിസ്റ്റോസ് മാര്‍ത്തോമ്മാ പള്ളി വികാരി ജിന്‍സണ്‍ എബ്രഹാം അച്ചന്‍ സ്വാഗതം ആശംസിച്ചു. മാര്‍ത്തോമ്മാ സഭാ സെക്രട്ടറി എബി ടി മാമ്മന്‍ അച്ചന്‍, മാര്‍ത്തോമ്മാ സഭാ വൈദിക ട്രസ്റ്റി ഡേവിഡ് ഡാനിയേല്‍ അച്ചന്‍, ശോശാമ്മ ടീച്ചറുടെ ശിഷ്യനായ ഉമ്മന്‍ വി വര്‍ക്കി അച്ചന്‍, ജോഷ്വ ജോണ്‍ അച്ചന്‍, രാജ്യസഭയുടെ മുന്‍ ഡെപ്യൂട്ടി സ്പീക്കറും കുടുംബ സുഹൃത്തുമായ പ്രൊഫ. പി.ജെ കുര്യനും ആശംസകള്‍ നേര്‍ന്നു.

പാലായുടെ മാണിക്യമായ കെ.എം മാണിയുടെ കുടുംബവുമായി ശോശാമ്മ ടീച്ചര്‍ക്ക് ആത്മബന്ധമുണ്ട്. പ്രളയ കാലത്ത് അമേരിക്കയിലുള്ള മക്കള്‍ക്ക് അമ്മച്ചിയുമായി ബന്ധപ്പെടുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലാതിരുന്ന സമയത്ത് സഹായഹസ്തവുമായി വെള്ളത്തിലൂടെ നടന്ന് അവിടെയത്തിയത് ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ മാണിയാണ്. 105-ാം പിറന്നാള്‍ ദിനത്തിലും അമ്മച്ചിക്ക് ആശംസകളുമായി നിഷ എത്തി.

കേരളാ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, എക്‌സൈസ് മന്ത്രി എം.ബി രാജേഷ്, കൃഷി മന്ത്രി പി പ്രസാദ്, ആന്റോ ആന്റണി എം.പി, മാത്യു ടി തോമസ് എം.എല്‍.എ (ഇദ്ദേഹത്തിന്റെ അമ്മയും ശോശാമ്മ ടീച്ചറും സഹപാഠികളായിരുന്നു), ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങി നിരവധി പേര്‍ ശോശാമ്മ ടീച്ചര്‍ക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു.

തന്റെ ജീവിതപങ്കാളിയെ അടക്കിയ സ്ഥലത്ത് തന്നെയും അടക്കണമെന്ന ആഗ്രഹം അമേരിക്കയിലായിരുന്ന സമയത്തും അമ്മച്ചിയെയും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വര്‍ക്കി എബ്രഹാം പറഞ്ഞു. പൂര്‍ണ പ്രത്യാശയിലുള്ള ജീവിതമാണ് ശോശാമ്മ ടീച്ചറുടേത്. ഏതു സമയത്തും ലോകത്തു നിന്ന് പോകുവാന്‍ തനിക്ക് മടിയില്ല എന്നുറപ്പിച്ചുകൊണ്ടുള്ള സന്തോഷ ജീവിതമാണ് അമ്മച്ചി ഇപ്പോള്‍ നയിക്കുന്നതെന്ന് മകന്‍ പറയുന്നു. ”നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അത് നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും നിങ്ങള്‍ക്കറിയാമെങ്കില്‍ ജീവിതം രസകരമാണ്…” എന്ന് പറയുംപോലെ 105 വയസിലെത്തിയ ശോശാമ്മ ടീച്ചറും ഉത്തമ ബോധ്യത്തോടെ തന്റെ ജീവിതം അര്‍ത്ഥവത്തും സമ്പന്നവും രസകരവുമാക്കുന്നു.
”പ്രിയ അമ്മച്ചിക്ക് പ്രാര്‍ത്ഥനാ നിര്‍ഭരമായ ആശംസാമലരുകള്‍…”