ഫിലാഡൽഫിയ: നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ വിഷു ആഘോഷം ഏപ്രിൽ 19 നു ബെഥേൽ മാർത്തോമ്മാ ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് പ്രൗഢ ഗംഭീരമായി കൊണ്ടാടി. വിളവെടുപ്പിന്റെ ഉത്സവനാളിൽ കണി കണ്ടുണരാൻ സംഘടനാ അംഗങ്ങൾ മനോഹരമായ വിഷുക്കണി ഒരുക്കി.
കാർഷിക സമ്യദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും കണി കണ്ട് കൊണ്ട് വിഷു പരിപാടികൾക്ക് തുടക്കം കുറിച്ചു . നേഹ അനീഷ് ആലപിച്ച പ്രാർത്ഥനാഗാനത്തിനു ശേഷം, സെക്രട്ടറി ആശാകുമാരി ലക്ഷ്മികുട്ടിയമ്മ സ്വാഗത പ്രസംഗവും, പ്രസിഡന്റ് അഷിത ശ്രീജിത്ത് അധ്യക്ഷ പ്രസംഗവും നടത്തി.

അമ്പാടിക്കണ്ണനായി ഏവരുടെയും മനം കവർന്ന് ദിയ രാകേഷ് അവിടമാകെ ചൈതന്യം നിറച്ചു. സംഘടനയിലെ മുതിർന്ന അംഗങ്ങളായ പൊന്നമ്മ പിള്ള, വിശ്വനാഥൻ പിള്ള എന്നിവർ വിഷുകൈനീട്ടം നൽകി. തുടർന്ന് അനിൽകുമാർ കുറുപ്പ്, സോയ നായർ, അഞ്‌ജന കുറുപ്പ്, ലത കുറുപ്പ്, അഷിത ശ്രീജിത്ത്, രെഞ്ചു സുധീപ് ,അഞ്ജു ഹരി,ആശാകുമാരി എന്നിവരുടെ നേത്യത്വത്തിൽ “കണികാണും നേരം” എന്ന പ്രശസ്തമായ വിഷു ഗാനം ആലപിക്കുകയും വിഷു ആഘോഷത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും , വിഷുക്കണി ഒരുക്കുന്നതെങ്ങനെയെന്നും, അതിലെ ഓരോ പൊരുളുകളും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നതിനെപ്പറ്റിയും, പല ദേശങ്ങളിൽ വിഷു എങ്ങനെ കൊണ്ടാടുന്നുവെന്നതിനെകുറിച്ചും ശ്രീമാൻ കൃഷ്ണൻ നായർ പ്രഭാഷണം നടത്തി.

ലത കുറുപ്പ് ഭഗവത് ഗീതയിലെ 12 ആം അദ്ധ്യായം പാരായണം ചെയ്തു. അഞ്ജന കുറുപ്പ്, അനിൽകുമാർ കുറുപ്പ് എന്നിവർ പ്രോഗ്രാം കോ ഓർഡിനേററർ ആയി പ്രവർത്തിച്ചു. തുടർന്ന് നടന്ന കലാപരിപാടികളിൽ രഘുനാഥൻ നായർ, ശ്രീകല പിള്ള, അനിൽകുമാർ കുറുപ്പ് എന്നിവർ വിഷു ഗാനങ്ങൾ ആലപിക്കുകയും നേഹ അനീഷ് , ധ്യാൻ രാകേഷ് എന്നിവർ കീർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ശ്രേയ സുധീപ് , നിഷ ചിറ്റിലേടത്ത് എന്നിവർ പ്രശസ്തമായ വിഷു ഗാനങ്ങളുടെ ന്യത്താവിഷ്കാരം കാഴ്ച വെയ്ക്കുകയും ചെയ്തു.

സോയ നായർ സ്വന്തമായി രചിച്ച്, ഈണം നൽകിയ വിഷു ഗാനം വേദിയിൽ അവതരിപ്പിച്ചു. “ചിരി തൂകി കളിയാടി വാ വാ കണ്ണാ” എന്ന മനോഹരമായ വിഷുഗാനം സംഘടനയിലെ കുട്ടികളുടെ ഭജനസംഘം (ഗായത്രി നായർ, നേഹ അനീഷ്, ശ്രേയ സുധീപ്, വൈദേഹി )ആലപിച്ചു . സംഘടനയിലെ അംഗങ്ങൾ വീടുകളിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന രുചിയേറും സദ്യവിഭവങ്ങളാൽ വിളമ്പിയ വിഷുസദ്യ വിഷു ആഘോഷത്തിനെ കെങ്കേമമാക്കി. ഇനി വരും മാസങ്ങളിൽ ഉള്ള സംഘടനാ പ്രവർത്തനങ്ങളിൽ വീണ്ടും കാണാം എന്നാശംസിച്ച് ,ട്രെഷറർ സതീഷ് ബാബു നായർ നന്ദി പ്രകാശനം നടത്തി.
റിപ്പോർട്ട് തയാറാക്കിയത്
സോയ നായർ