പി.പി ചെറിയാന്‍
കോര്‍പസ് ക്രിസ്റ്റി : സ്‌നേക്ക് ഷോയുടെ ഇടയില്‍ പാമ്പിന്റെ കടിയേറ്റു പരിശീലകന്‍ മരിച്ചു. ടെക്‌സസില്‍ ഏപ്രില്‍ 3ന് കെന്റല്‍ കൗണ്ടി ഫെയര്‍ അസോസിയേഷന്‍ റാറ്റില്‍ സ്‌നേക്ക് റൗണ്ട് അഫ് ഇവന്റിലാണു സംഭവം. പാമ്പിനെ കുറിച്ചു വിശദീകരിക്കുന്നതിനിടയില്‍ പരിശീലകന്‍ യൂജിന്‍ ഡി. ലിയോണിന്റെ തോളില്‍ റാറ്റില്‍ സ്‌നേക്ക് കടിക്കുകയായിരുന്നു. ഉടനെ കോര്‍പസ് ക്രിസ്റ്റി ആശുപത്രിയില്‍ പ്രവേശിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.
യൂജിന്‍ ഡി. ലിയോണ്‍ സീനിയര്‍ പാമ്പിനെ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതുതന്നെ അദ്ദേഹത്തിന്റെ ജീവനെടുത്തെന്നും സംഘാടകനായ ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു. പാമ്പിനെ എവിടെ കണ്ടാലും യൂജിനെയായിരുന്നു സമീപ പ്രദേശത്തുള്ളവര്‍ വിളിച്ചിരുന്നത്. യൂജിന്‍ പാമ്പിനെ വളരെ വിദഗ്ധമായി പിടിച്ചിരുന്നുവെന്നു സമീപ പ്രദേശങ്ങളിലുള്ളവര്‍ പറഞ്ഞു. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരംഗം കൂടിയായിരുന്നു യൂജിന്‍.
നിരവധി ടിവി ഷോകളിലും യൂജിന്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കുകയും അവയുമായി അടുത്ത് ഇടപെടുകയും ചെയ്തിരുന്നു. ടെക്‌സസില്‍ മാരക വിഷമുള്ള ചുരുക്കം ചില പാമ്പുകളില്‍ പ്രധാനപ്പെട്ടതാണ് റാറ്റില്‍ സ്‌നേക്ക്. പാമ്പുകള്‍ യൂജിന്റെ ഒരു പാഷനായിരുന്നുവെന്നും നിരവധി വര്‍ഷമായി യൂജിന്‍ ഇതില്‍ ആനന്ദം കണ്ടെത്തിയിരുന്നുവെന്നും സഹോദരി സാക്ഷ്യപ്പെടുത്തി.