സൈമണ്‍ മുട്ടത്തില്‍
ചിക്കാഗോ: ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ വേദിക്ക് ക്‌നായിതോമാ നഗര്‍ എന്ന് പേരിട്ടു. കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തില്‍ കൂടിയ കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മറ്റി ഐകകണ്‌ഠേനയാണ് ഈ തീരുമാനം എടുത്തത്.
ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് പുത്തനുണര്‍വ് നല്‍കി പുഷ്ടിപ്പെടുത്തുകയും കേരളത്തിന്റെ സാംസ്‌കാരികവും, സാമൂഹികവും, സാമ്പത്തിക മേഖലയിലും സമഗ്ര സംഭാവനകള്‍ നല്‍കുകയും ചെയ്ത ക്‌നായിതോമായുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് യോഗം വിലയിരുത്തി. പ്രേഷിത കുടിയേറ്റത്തിന് നേതൃത്വം നല്‍കിയ ക്‌നാനായ സമുദായത്തിന്റെ ഗോത്രത്തലവന്‍ ക്‌നായി തോമായെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സംഭാവനകള്‍ ഭാവിതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനുംവേണ്ടിയാണ് വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളുടെ മാമാങ്കമായ ക്‌നാനായ കണ്‍വന്‍ഷന്‍ സെന്ററിന് ക്‌നായിതോമാ നഗര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളില്‍നിന്നും വളരെ മികച്ച രജിസ്‌ട്രേഷനാണ് ഇത്തവണത്തെ കണ്‍വന്‍ഷന് ലഭിച്ചിരിക്കുന്നതെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റിക്കുവേണ്ടി കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കണ്‍വന്‍ഷന്‍ സെന്ററില്‍ കൂടുതല്‍ മുറികള്‍ ലഭിച്ചതിനാല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ മെയ് 31 വരെ ദീര്‍ഘിപ്പിച്ചെന്ന് കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ വളരെ ഭംഗിയായി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ആയതിനാല്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുവാനുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണി കുസുമാലയം അറിയിച്ചു.
കുട്ടിള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം മുന്‍ഗണന നല്‍കുന്ന ക്‌നാനായ സമുദായം കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ മികവുറ്റ പരിപാടികളാണ് കുട്ടികള്‍ക്കും വനിതകള്‍ക്കുംവേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് കെ.സി.സി.എന്‍.എ. ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍ അറിയിച്ചു. വടക്കേ അമേരിക്കയിലും കേരളത്തില്‍നിന്നുമുള്ള രാഷ്ട്രീയ, സാമുദായിക, സാമൂഹി, കായികരംഗത്തെ അനേകം പ്രതിഭകള്‍ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടനെതന്നെ അറിയിക്കുന്നതാണെന്നും കെ.സി.സി.എന്‍.എ. ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ അറിയിച്ചു.