Thursday, December 26, 2024

HomeAmericaമാറ്റത്തിന്റെ ശംഖൊലി; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്

മാറ്റത്തിന്റെ ശംഖൊലി; ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള നേതാവ്

spot_img
spot_img

ബിജു ചെമ്മാട്

ഫൊക്കാനയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി തുടങ്ങി. വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രമുഖ വ്യവസായിയും സാമുഹിക- സംഘടനാ- സന്നദ്ധ പ്രവര്‍ത്തകനുമായ ഡോ. ബാബു സ്റ്റീഫന്‍ പ്രസിഡണ്ട് ആയി മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ഫൊക്കാനയില്‍ മാറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയത്. നേരത്തെ ഫൊക്കാനയുടെ വനിതാ നേതാവായ ലീല മാരേട്ട് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുമെന്ന അവസ്ഥയില്‍ നിന്നാണ് ഇക്കുറി തെരഞ്ഞെടുപ്പിനുള്ള സൂചനകള്‍ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ലീലയെ ഇത്തവണ പ്രസിഡണ്ട് ആയി എതിരില്ലാതെ തെരഞ്ഞെടുക്കാമെന്ന് എതിര്‍ത്തവര്‍ വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ പൂര്‍ണ ജനാതിപത്യ സ്വഭാവമുള്ള സംഘടനയില്‍ അംഗത്വും യോഗ്യതയുമുള്ള ആര്‍ക്കു വേണമെങ്കിലുംണ്സ്ഥാ നാര്‍ത്ഥിയാകാമെന്നിരിക്കെയാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്ന് ഡോ. ബാബു സ്റ്റീഫന്റെ കടന്നു വരവ്.

ഫൊക്കാനയെ മറ്റൊരുതലത്തിലേക്ക് നയിക്കാന്‍ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിന് കഴിയുമെന്ന തിരിച്ചറിവ് അംഗ സംഘടനകളില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വ്യാപകമായി തുടങ്ങി. നേരത്തെ ലീലയെ പിന്തുണച്ചിരുന്നവര്‍ പോലും ഇപ്പോള്‍ ബാബു സ്റ്റീഫന് പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയാണ്.

വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ഈ മലയാളി വ്യവസായ പ്രമുഖന് ഫൊക്കാന പ്രസിഡണ്ട് ആകുന്നതില്‍ എന്ത് നേട്ടമെന്നാണ് പലരും ചോദിക്കുന്നത്. കച്ചവട താല്‍പ്പര്യം? ഏയ് ! അല്ലെ അല്ല. കാരണം അദ്ദേഹത്തിന്റെ ബിസിനസിന് മലയാളികളുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയ താല്‍പ്പര്യം? മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ കേരള രാഷ്ട്രീയത്തിലെ ഒട്ടു മിക്ക ഉന്നത നേതാക്കന്മാരുമായി വ്യക്തി ബന്ധമുള്ള അദ്ദേഹത്തിന് കേരള രാഷ്ട്രീയ നേതാക്കളെ കാണാന്‍ ഫൊക്കാനയുടെ സഹായം ആവശ്യമില്ല. പിന്നെഅമേരിക്കന്‍ ദേശീയ രാഷ്ട്രീയം? വൈറ്റ് ഹൗസുമായി ഇത്രയടുത്ത് ബന്ധമുള്ള, കാലഘങ്ങളിലായി പല പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍, സെനേറ്റര്‍മാര്‍, വിവിധ വകുപ്പുകളിലെ സെക്രെട്ടറിമാര്‍, അംബാസിഡര്‍മാര്‍ തുടങ്ങിയവരുമായി ഇത്ര ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിട്ടുള്ള മറ്റൊരു അമേരിക്കന്‍ മലയാളി വ്യവസായിഉണ്ട് എന്ന് തോന്നുന്നില്ല. പ്രശസ്തി? സ്വന്തമായി രണ്ടു പത്രം, കൈരളി ടി.വിയുടെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍, മാധ്യമ ലോകത്തെ ഒട്ടനവധി കുലപതികളുമായി അടുത്ത ബന്ധമുള്ളയാള്‍… ഇങ്ങനെയൊരാള്‍ക്ക് പ്രശസ്തി നേടാന്‍ ഫൊക്കാന പ്രസിഡണ്ട് ആകേണ്ടതുണ്ടോ?

പിന്നെന്തിനു ബാബു സ്റ്റീഫന്‍ ഫൊക്കാന പ്രസിഡണ്ട് ആകണം? അതറിയണമെങ്കില്‍ ആദ്യം ഡോ. ബാബു സ്റ്റീഫന്‍ ആരെന്നറിയണം. മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഡോ. ബാബു സ്റ്റീഫന്‍ ഫൊക്കാനയില്‍ നേതൃ നിരയിലേക്ക് വരുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന വഴി അമേരിക്കന്‍ മലയാളികള്‍ക്കും അതോടൊപ്പം കേരളത്തിലെ മലയാളികള്‍ക്കും വേണ്ടി വ്യകതിപരമായും ഒരുപാട് കാര്യങ്ങള്‍ ഫോക്കാനയിലൂടെ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുണ്ട്.

മികച്ച സംഘാടകന്‍, വ്യവസായി, മാധ്യമ പ്രവര്‍ത്തകന്‍, പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡിസി കേന്ദ്രമായുള്ള പ്രമുഖ വ്യവസായിയും മാധ്യമ സംരംഭകനുമാണ്. വാഷിംഗ്ടണ്‍ ഡി.സി യിലെ ഏറ്റവും മികച്ച മലയാളി വ്യവസായികളിലൊരാളായ ഡോ. ബാബു സ്റ്റീഫന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദി സ്റ്റീഫന്‍ ഫൗണ്ടേഷന്‍(ഠവല ടലേുവലി എീൗിറമശേീി) എന്ന പേരില്‍ ഒരു സന്നദ്ധ സംഘടനയും നടത്തുന്നുണ്ട്. തന്റെ ലാഭവിഹിതത്തില്‍ നിന്ന് മാന്യമായ ഒരു വിഹിതമാണ് വര്‍ഷം തോറും ലോകമെമ്പാടുമുള്ള നിര്‍ധനരും ആലംബഹീനരുമായവരുടെ ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്.

കേരളത്തിലെ കഴിഞ്ഞ മഹാ പ്രളയകാലത്തും കോവിഡ് മഹാമാരിയിലും കോടിക്കണക്കിനു രൂപയാണ് സംസ്ഥാന സര്‍ക്കാരിന് സ്റ്റീഫന്‍ ഫൗണ്ടഷനില്‍ നിന്ന് നല്‍കിയത്. ഇതുപോലെ കേരളത്തിലെ ഒരു പാട് നിര്ധനര്‍ക്കും രോഗികള്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങായിട്ടുള്ള ഡോ. ബാബു സ്റ്റീഫന്‍ നിരവധി ഭാവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് ആശ്രയം നല്‍കിയിട്ടുണ്ട്. തന്റെ വ്യവസായ ശൃംഘലകളെ നയിക്കാന്‍ പ്രാപ്തരായ പ്രൊഫഷനുകളെ തലപ്പത്തിരുത്തി മേല്‍നോട്ടം വഹിച്ചു വരുന്ന ഡോ. ബാബു സ്റ്റീഫന് ഇനിയുള്ള കാലം സംഘടനാ- സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കി കൂടുതല്‍ ജനോപകാരപ്രദമാക്കണമെന്നാണ് ആഗ്രഹം.

ഫൊക്കാനയുടെ ഭാഗമായിട്ട് കാലങ്ങളേറെയായ ഡോ ബാബു സ്റ്റീഫന്‍ കഴിഞ്ഞ രണ്ടു തവണത്തെ ഭരണ സമിതിയിലും വാഷിംഗ്ടണ്‍ ഡി.സി. മേഖലയുടെ ആര്‍. വി. പിയായി സ്തുത്യര്‍ഹ്യമായ സേവനം അനുഷ്ഠിച്ചു വരികയാണ്.. വാഷിംഗ്ടണ്‍ ഡി.സിയിലെ അഞ്ചോളം വരുന്ന അംഗസംഘടനകളാണ് അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. അദ്ദേഹത്തെ അടുത്തറിയുന്ന, അദ്ദേഹത്തിന്റെ കഴിവുകളുടെയും സാമ്പത്തിക ശ്രോതസുകളുടെയും പൊരുളറിയുന്ന ഡി.സി.ക്കാര്‍ക്കറിയാം അദ്ദേഹം ഫൊക്കാന പ്രസിഡണ്ട് ആയാല്‍, ഫൊക്കാന അതിന്റെ പൂര്‍വ്വപ്രതാപത്തോടെ മടങ്ങിയെത്തുമെന്ന്. പിളര്‍പ്പിനും വഴക്കിനുമൊക്കെ ശേഷം പലരും കളം വിട്ടു മറ്റു സംഘടനകളിലേക്ക് ചേക്കേറിയെങ്കിലും അമേരിക്കന്‍ മലയാളികളുടെ ‘അമ്മ’ സംഘടനയായ ഫൊക്കാനയെ തള്ളിപറയാതെ ഇപ്പോഴും കൂടെ നില്‍ക്കുന്ന ‘മക്കള്‍’ സംഘടനകളുണ്ടെന്ന തിരിച്ചറിവാണ് മറ്റെങ്ങും പോകാതെ ഫൊക്കാനയില്‍ തന്നെ അതിന്റെ പ്രതിസന്ധികലഘട്ടങ്ങളില്‍ പോലും ഉറച്ചുനില്‍ക്കാന്‍ ബാബു സ്റ്റീഫനെ പ്രേരിപ്പിച്ചത്.

മുന്‍പൊക്കെ നാട്ടിലും ഇവിടെയും ഓരോ കണ്‍വന്‍ഷനുകള്‍, കുറച്ച് ചാരിറ്റി പ്രവര്‍ത്തനം എന്നിവ മാത്രമായിരുന്നു ഫൊക്കാനയില്‍ നടക്കുന്നു വന്നിരുന്നത്. ഫൊക്കാനയില്‍ പിളര്‍പ്പുണ്ടായി ഫോമയെന്ന സംഘടന വന്നപ്പോഴും രണ്ടു സംഘടനകളിലും കാര്യമായ മാറ്റമൊന്നും കണ്ടില്ല. ഫൊക്കാനയിലെ നിന്ന് കുറെ ആളുകള്‍ ഫോമയിലേക്ക് പോയി. അവര്‍ അവിടെ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ലാതെ കൂടു വിട്ടു കൂടുമാറ്റമായി സമാന്തര പ്രവര്‍ത്തനം നടത്തി വരുന്നു. വിഭജനത്തോടെ ഫൊക്കാനയിലെ അംഗസംഘടനകളുടെ എണ്ണം കുറഞ്ഞു. എങ്കിലും പ്രതാപത്തിനു അല്‍പ്പം പോലും കോട്ടം തെറ്റിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍ ആചാരങ്ങള്‍ക്കും അനുഷ്ട്ടാനങ്ങള്‍ക്കും യാതൊരു മാറ്റവും സംഭവിച്ചില്ല.

അങ്ങനെയിരിക്കെ, കഴിഞ്ഞ 4 വര്‍ഷമായി ഫൊക്കാനയോട് അടുത്തു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ചില മാറ്റങ്ങളൊക്കെ ഫൊക്കാനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അതില്‍ പ്രധാനമായും യുവ ജനങ്ങള്‍ നേതൃനിരകളിലേക്ക് കടന്നുവരുന്നതും അവരിലൂടെ നൂതനമായ ആശയങ്ങള്‍ ഫൊക്കാനയില്‍ പ്രാവര്‍ത്തികമാക്കപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടുതുടങ്ങിയത്. താന്‍ കാലാകാലങ്ങളിലായി ആഗ്രഹിച്ച പല കാര്യങ്ങളുടെയും തുടക്കം അവരില്‍ നിന്നു കണ്ടു തുടങ്ങിയപ്പോള്‍ ഫൊക്കാനയുടെ നേതൃനിരയില്‍ സജീവമായി എത്തുവാനുള്ള അഭിനിവേശം വര്‍ധിച്ചു.

കഴിഞ്ഞ രണ്ടു ഭരണസമിതിയിലും സ്ഥാനമേറ്റയുടന്‍ അടുത്ത കണ്‍വെന്‍ഷനെക്കുറിച്ചുള്ള ചര്‍ച്ചകളല്ല, മറിച്ച് അടുത്ത രണ്ടു വര്‍ഷം എന്തല്ലാം ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണം എന്ന ചര്‍ച്ചകളും അവ പ്രാവര്‍ത്തികമാക്കാനുള്ള ഉപചര്‍ച്ചകളും മാത്രമാണ് കണ്ടു വന്നത്. അതിന്റെ ഫലമായി ഫൊക്കാനയില്‍ മാറ്റത്തിന്റെ സൂചനകളും കണ്ടു തുടങ്ങി. കോവിഡ് മഹാമാരി മൂലം കണ്‍വെന്‍ഷന്‍ ഉപേക്ഷിച്ചെങ്കിലും മഹാ പ്രളയത്തിലും കോവിഡ് മഹാമാരിയിലും കേരളത്തിന് കൈത്താങ്ങാകുവാനും കേരളത്തിലെ ഭാവനരഹിതര്‍ക്ക് വലിയ തോതില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും മുന്‍ ഭരണ സമിതിക്കു കഴിഞ്ഞു. അതിന്റെ അനന്തരഫലമായിട്ടാവണം ഇത്തവണത്തെ ഭരണസമിതി ചുമതലയേറ്റപ്പോള്‍ മുതല്‍ ഫൊക്കാനയിലേക്ക് കൂടുതല്‍ യുവാക്കളും അംഗസംഘടനകളും കടന്നു വരാന്‍ തുടങ്ങിയത്. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റത് കോവിഡ് മഹാമാരി അതിന്റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുമ്പോഴാണ്. എന്നിട്ടും നൂറില്‍പ്പരം കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പില്‍ വരുത്തിയപ്പോള്‍ ഏറെ അഭിമാനം തോന്നി. കോവിഡ് മഹാമാരിയുടെ പരിമിതിക്കുള്ളില്‍ നിന്നുപോലും വെര്‍ച്ച്വല്‍ ആയും നേരിട്ടും പല പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നിലവിലുള്ള കമ്മിറ്റിയുടെ പ്രവര്‍ത്തന ആര്‍ജ്ജവമാണ് ഫൊക്കാനയുടെ നേതൃ തലത്തിലേക്ക് എത്തേണ്ട സമയമായി എന്ന ചിന്ത ജനിപ്പിച്ചതെന്ന് ഡോ. ബാബു സ്റ്റീഫന്‍ പറയുന്നു.

താന്‍ സ്വപ്നം കണ്ട, വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ പറ്റിയ സമയം ഇതാണെന്ന തിരിച്ചറിവാണ് തെരെഞ്ഞെടുപ്പ് രംഗത്തേക്ക് തന്നെ അടുപ്പിച്ചത്. ഫൊക്കാനയിലെ നേതൃത്വത്തിലേക്ക് ഒരു വ്യവസായ പ്രമുഖന് എന്ത് കാര്യം എന്ന ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരം. നന്നായി ബിസിനസ് നടത്താമെങ്കില്‍ ഫൊക്കാന പോലുള്ള സഘടനകളെ അതിഗംഭീരമായി നയിക്കാനും കഴിയും. പണം, സ്വാധീനം, സഹാനുഭൂതി, പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനുള്ള പ്രൊഫഷണലിസം, മറ്റു സാമ്പത്തിക ശ്രോതസുകള്‍ കണ്ടുപിടിക്കാനുള്ള കഴിവ്, അംഗസംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ ചെയ്യാന്‍ നല്ല ഒരു ബിസിനസുകാരനെ കഴിയുകയുള്ളു. അതിനുള്ള യോഗ്യത തനിക്കുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം.

കണ്‍വെന്‍ഷന്‍ നടത്തുകയും ലൊട്ടുലൊടുക്ക് പരിപാടികള്‍ സംഘടിപ്പിച്ച് ഫോട്ടോയ്ക്ക് പോസുചെയ്യുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല സംഘടനാ പ്രവര്‍ത്തനം. ജനങ്ങളിലേക്ക് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. കണ്‍വെന്‍ഷന്‍ ഭംഗിയായി നടത്തേണ്ടത് ആവശ്യം തന്നെ. അതിനായി രണ്ടു വര്‍ഷം മുഴുവന്‍ ചെലവഴിക്കേണ്ടതുണ്ടോ? രണ്ടാം വര്‍ഷത്തിന്റെ ആരംഭത്തിലാണ് ഇപ്പോഴത്തെ കമ്മിറ്റി കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ബാക്കി സമയം മുഴുവന്‍ മറ്റു ജനോപകാരപ്രദമായ പരിപാടികള്‍ക്കായി മാറ്റി വയ്ക്കുകയായിരുന്നു. ഇത് അനുകരണീയമായ മാതൃകയാണ്.

ഫൊക്കാന ഇപ്പോള്‍ വളര്‍ച്ചയുടെയും പ്രതാപത്തിന്റെയും ഉച്ഛസ്ഥായിയില്‍ നില്‍ക്കുന്ന സമയമാണ്. ഇനിയും ഒരുപാടു ദൂരം മുന്നോട്ട് സഞ്ചരിക്കാനുണ്ട്. അതിനുള്ള പ്രയാണത്തിന് നേതൃത്വം നല്‍കാന്‍ തനിക്ക് കഴിയുമെന്ന ഉത്തമ ബോധ്യമുണ്ടെന്ന് ഡോ. ബാബു സ്റ്റീഫന്‍ ഉറപ്പു നല്‍കുന്നു.

ഫൊക്കാന പ്രസിഡണ്ട് ആകുക എന്നത് എന്റെ ജന്മാഭിലാഷമല്ല. താന്‍ ഫൊക്കാന നേതൃത്വത്തില്‍ വരണമെന്ന് ഡെലിഗേറ്റുമാര്‍ തീരുമാനിച്ചാല്‍ അടുത്ത രണ്ടു വര്‍ഷം ഫൊക്കാനയെ ആഗോള തലത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുന്ന സഘടനയാക്കി മാറ്റും. മറിച്ചാണ് അവര്‍ ചിന്തിക്കുന്നതെങ്കില്‍ തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടും. അല്ലാതെ തോറ്റുവെന്ന് കരുതി കേസിനു പോയി മറ്റുള്ളവരുടെ കാശു കളയാനൊന്നും തന്നെ കിട്ടില്ല. അധ്വാനിച്ചു പണമുണ്ടാക്കുന്നവന്റെ ബുദ്ധിമുട്ടെന്തെന്ന് നേരിയിടാനുഭവിച്ചറിഞ്ഞവനാണ് താനെന്നു പറഞ്ഞ ഡോ. ബാബു സ്റ്റീഫന്‍ ഇത്തരം അനാവശ്യ ചെലവുകള്‍ പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിനാകട്ടെയെന്നും അഭിപ്രായപ്പെട്ടു.

ഒരു കേസിനു പോയാല്‍ ഫൊക്കാനയ്ക്ക് നഷ്ട്ടമാകുന്നത് കുറഞ്ഞത് ഒരു ലക്ഷം ഡോളറെങ്കിലുമാകും. പലരില്‍ നിന്നും സ്വരുക്കൂട്ടിയാണെകിലും പണം പണം തന്നെയാണ്. അങ്ങനെ സ്വാര്‍ത്ഥ തലപ്പര്യങ്ങള്‍ക്കായി വ്യവഹാരത്തിനു പോയി നേതൃത്വത്തിനു മുന്‍പില്‍ വില പേശി കേസ് പിന്‍വലിച്ചുള്ള സ്ഥാനമാനങ്ങളൊന്നും ഡോ. ബാബു സ്റ്റീഫനു വേണ്ട. താന്‍ ഫൊക്കാനയുടെ നേതൃത്വത്തില്‍ വന്നാല്‍ ഫൊക്കാനയ്ക്കും മറ്റുള്ളവര്‍ക്കും ഗുണമുണ്ടാകണമെന്ന് വിശ്വസിക്കുന്ന ഡെലിഗേറ്റുമാര്‍ തന്നെ തെരഞ്ഞെടുക്കുമെന്ന പൂര്‍ണ വിശ്വാസം തനിക്കുണ്ട്.

ഓരോ തവണ പരാജയപ്പെട്ടപ്പോഴും ഫൊക്കാനയ്ക്കെതിരെ ലീല നല്‍കിയ കേസുകള്‍ ഇപ്പോഴും കോടതിയുടെ പരിഗണയില്‍ നില്‍ക്കവെയാണ് ഇക്കുറിയും ലീല മത്സര രംഗത്തുള്ളത്. കേസുകളില്‍ നിന്ന് ലീല പിന്മാറിയെങ്കിലും ലീലയ്ക്കൊപ്പം കക്ഷി ചേര്‍ന്ന ഏതാനും പേര്‍ കേസുമായി മുന്നോട്ടു പോകുകയാണ്. ഈ കേസുകളുടെ നടത്തിപ്പിന് വന്ന സാമ്പത്തിക ബാധ്യത ആരുടെ പോക്കറ്റില്‍ നിന്നാണ് പോയതെന്ന് നിങ്ങള്‍ അറിയണം. ഞാനാണ് കേസ് കൊടുത്തതെങ്കില്‍ തെറ്റ് മനസിലാക്കി മടങ്ങി വന്നാല്‍, കേസ് പിന്‍വലിക്കുക മാത്രമല്ല, അതിന്റെ മുഴുവന്‍ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ കേസില്‍ അന്തിമ വിജയം നേടും വരെ കേസിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ സ്വയം ഏറ്റെടുത്ത് നേതൃത്വത്തിനൊപ്പമുണ്ടാകും.

താന്‍ ധനികനാണെന്നും പണം വാരിക്കോരി ചെലവാക്കുന്നുമെന്നുമാണ് അവരുടെ ആരോപണം. താന്‍ ധനികനായത് നിധി കിട്ടിയിട്ടൊന്നുമല്ല, കഷ്ട്ടപ്പെട്ട് അധ്യാനിച്ച് ഉണ്ടാക്കിയ പണമാണ് തന്റേത്. അത് വാരിക്കോരി കളയുകയല്ല, ഉപകാരപ്രദമായ കാര്യങ്ങള്‍ക്കു മാത്രമേ ചെലവഴിക്കൂ. തനിക്ക് ഒരു പങ്കുമില്ലാത്ത ഫൊക്കാനയുടെ കേസ് നടത്തുന്നതിന് കാശു കൊടുത്തു. ഫൊക്കാന കണ്‍വെന്‍ഷന് റോയല്‍ പേട്രണ്‍ ആകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അതും സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്? ലീല കരണമുണ്ടായ കേസിനോ ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തിപ്പിനോ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അവര്‍ എന്ത് നല്‍കി? വിമര്‍ശിക്കാന്‍ എളുപ്പമാണ് പക്ഷേ, നല്ല മാതൃക കാട്ടിയിട്ടായിരിക്കണമെന്നു മാത്രം. കൈ നനയാതെ മീന്‍ പിടിക്കുക സാധ്യമല്ല. തന്നെ ആരും കെട്ടിയിറക്കിയതുമല്ല. യോഗ്യതയുള്ള ആര്‍ക്കും ഫൊക്കാന പ്രസിഡണ്ട് ആകാന്‍ കഴിയും. താന്‍ മത്സരിക്കുന്നതുകൊണ്ട് ലീല പിന്മാറണമെന്ന് താന്‍ പറയില്ല. ജനാതിപത്യ സ്വഭാവമുള്ള ഭരണഘടനയുള്ള ഫൊക്കാനയില്‍ ആര് പ്രസിഡണ്ട് ആകണമെന്ന് ഡെലിഗേറ്റുമാര്‍ തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ നല്ലതല്ലേ? തോറ്റാല്‍ വിധി അല്ലെങ്കില്‍ നിധി; അതാണ് തന്റെ കാഴ്ചപ്പാട് – ഡോ. ബാബു സ്റ്റീഫന്‍ ചൂണ്ടിക്കാട്ടി.

കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നി രണ്ടു പത്രങ്ങളാണ് ആരംഭിച്ചത്. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്ന ബാബു സ്റ്റീഫന്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസര്‍ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച ബാബു സ്റ്റീഫന്‍ വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. അതിനു പുറമെ, അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍ നടത്തിയ ചൈനാ യാത്രാ ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉള്‍പ്പെട്ടിരുന്നു. അത്ര ആഴത്തിലുള്ള ബന്ധങ്ങളാണ് ഈ തിരുവനന്തപുരത്തുകാരന്‍ സൃഷ്ടിച്ചത്. എന്നാല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാന്‍ ഒരിക്കലും താത്പര്യം കാട്ടിയില്ല. പ്രധാന കാരണം അത് തന്റെ ബിസിനസ് രംഗത്തെ ബാധിക്കുമെന്നതും.

ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ് അദ്ദേഹം. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ ബാബു സ്റ്റീഫന്‍ 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി.

ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ച് ഫൊക്കാനയ്ക്ക് ഒരു പുതിയ പ്രതിച്ഛായ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. രാഷ്ട്രീയരംഗത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ നമ്മുടെ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താമെന്നോ എന്നൊന്നും ഒരു ധാരണയുമില്ല. ഇപ്പോള്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 190-ല്‍പ്പരം ഇന്ത്യക്കാര്‍ വാഷിംഗ്ടണില്‍ ഉന്നത സ്ഥാനങ്ങളിലുണ്ടെങ്കിലും മലയാളികള്‍ നാമമാത്രം. ഇതിനൊരു മാറ്റം വേണം. ഫെഡറല്‍ തലത്തില്‍ ഒരു ഡപ്യൂട്ടി സെക്രട്ടറി സ്ഥാനമൊക്കെ മലയാളികള്‍ക്ക് കിട്ടാവുന്നതേയുള്ളൂ.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പിതാവിനൊരു ഏലത്തോട്ടമുണ്ടായിരുന്നു. എലയ്ക്കാ ബിസിനസും. അവിടെ നല്ല സ്‌കൂളില്ലാതിരുന്നതിനാല്‍ വിവിധ സ്ഥലങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കരയില്‍ ഏഴാം ക്ലാസ് വരെ. പിന്നെ നാസിക്കല്‍ പഠിച്ച് സ്‌കൂള്‍ ഫൈനല്‍ പാസായി.

ഇടയ്ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലായ സായിപ്പിനെ ആക്രമിച്ചുവെന്നതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി എന്ന ചീത്തപ്പേരും അദ്ദേഹത്തിന്റെ ചരിത്രത്തിലുണ്ട്.

അല്ലലൊന്നും അറിയാതെ, സമ്പന്ന കുടുംബ പശ്ചാത്തലത്തില്‍ ജനിച്ച അദ്ദേഹം ബി.കോം പഠനം കഴിഞ്ഞ് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാതെ കഴിയുമ്പോള്‍, മസ്‌കറ്റ് ഹോട്ടലിലെ നിത്യ സന്ദര്‍ശനതിനിടെ ഒരു ദിവസം അവിചാരിതമായി ഒരാളെ പരിചയപ്പെട്ടു. കുശലമൊക്കെ പറഞ്ഞപ്പോള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയാണെന്ന് അറിയിച്ചു. എന്നാല്‍ പിന്നെ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പൊയ്ക്കോ, പേപ്പറൊക്കെ ശരിയാക്കി തരാം എന്നായി അദ്ദേഹം. ജയ്ഹിന്ദ് ട്രാവല്‍സ് ഉടമ ടി.കെ.എസ് ജോര്‍ജ് ആയിരുന്നു അത്.

അങ്ങനെ 1978-ല്‍ അമേരിക്കയില്‍ സ്റ്റുഡന്റ്സ് വിസയില്‍ എത്തി. ജീവിതത്തിലെന്നും ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. അവരെ എന്നും നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ എം.ബി.എ എടുത്തു. ഇതിനിടെ വിവിധ ആശുപത്രികളുമായി ബന്ധം സ്ഥാപിക്കുകയും അവര്‍ക്കായി നഴ്സുമാരെ അമേരിക്കയിലെത്തിക്കുകയും ചെയ്തു. ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ കുറ്റമായി കണ്ടു. രാജ്യംവിടാന്‍ നിര്‍ദേശം കിട്ടി.

പിന്നീട് ആ ഉദ്യമം വിട്ട് ഇന്ത്യന്‍ എംബസിയില്‍ ജോലിക്ക് കയറി. ഡിപ്ലോമാറ്റിക് സ്റ്റാറ്റസ് എന്നതായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വാഷിംഗ്ടണ്‍ മേയറുടെ പ്രചാരണത്തിന്റെ ഭാഗമായി മാറിയതോടെ അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ബിരുദമുള്ളതിനാല്‍ സ്വന്തം ബിസിനസ് തുടങ്ങാന്‍ മേയര്‍ മാരിയോണ്‍ ബാരി ആണ് നിര്‍ദേശിച്ചത്. എം.ബി.എ എടുത്തത് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനിലായിരുന്നതിനാലും ഭാര്യയ്ക്ക് സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഉണ്ടായിരുന്നതിനാലും നഴ്സിംഗ് ഹോം തുടങ്ങാന്‍ അനുമതി ലഭിച്ചു.

അതിനു പണം വേണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.സി അലക്സാണ്ടറാണ് സഹായിച്ചത്. അദ്ദേഹത്തിന്റെ ശിപാര്‍ശയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു മൂന്നു മില്യന്‍ ഡോളര്‍ വായ്പ ലഭിച്ചു. അങ്ങനെ 1984-ല്‍ ബിസിനസ് രംഗത്തേക്ക് കാലെടുത്തുവച്ചു.

ബാബു സ്റ്റീഫന്‍ എന്ന ബിസിനസുകാരന്‍ ഇന്നത്തെ നിലയില്‍ എത്തിയത് ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചു തന്നെയാണ്. വിവേചനങ്ങളൊന്നും നേരിട്ടിട്ടില്ലെങ്കിലും മാര്‍ഗനിര്‍ദേശം തരാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ചില അബദ്ധങ്ങളും പറ്റി. ഇരുപത്തിരണ്ടാം വയസില്‍ ഒരു ഹോട്ടലില്‍ നൈറ്റ് ഓഡിറ്റര്‍ ജോലിക്ക് ചെന്നു. രാത്രിയിലെ വരവ് ചെലവ് കണക്കുകള്‍ എഴുതുകയാണ് ജോലി. പത്തു വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടെന്നു കള്ളംപറഞ്ഞു. അപ്പോള്‍ 12 വയസില്‍ ജോലി തുടങ്ങിയോ എന്നു ചോദ്യം. ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കുറച്ച് പ്രായമുള്ള ഒരു സായിപ്പ് വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സായിപ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്തും. ഹോട്ടിലിന്റെ ജനറല്‍ മാനേജരായിരുന്നു അത്. തിരുവനന്തപുരം ബന്ധത്തിന്റെ പേരില്‍ എന്തായാലും അദ്ദേഹം ജോലി നല്‍കി. ഒരു വര്‍ഷം അത് ചെയ്തു. അന്നു സോഷ്യല്‍ സെക്യൂരിറ്റി നമ്പരിന്റെ കാര്യം പോലും അറിയില്ലായിരുന്നുവെന്നു പറഞ്ഞാല്‍ സ്ഥിതി മനസിലാകുമല്ലോ.

പൂനെയിലൊക്കെ പഠിച്ചതുകൊണ്ട് ഹിന്ദി നന്നായി അറിയാം. അതിനാല്‍ മലയാളികള്‍ക്ക് പകരം നോര്‍ത്ത് ഇന്ത്യക്കാരുമായിട്ടായിരുന്നു എന്നും കൂടുതല്‍ ബന്ധം. എന്നിരുന്നാലും മലയാളി സമൂഹവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം മറന്നില്ല. ഇന്ത്യന്‍ അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍ ആയിരുന്ന അദ്ദേഹം രണ്ട് കണ്വന്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.

പൊതുവില്‍ അമേരിക്കക്കാര്‍ നല്ല മനുഷ്യരാണെന്ന നിലപാടുള്ള അദ്ദേഹം ബന്ധത്തില്‍ ലോയല്‍ട്ടി പ്രധാനം ഘടകമാണെന്നും വിശ്വസിക്കുന്നു. പല വള്ളത്തില്‍ കാലു വയ്ക്കുന്നത് നല്ലതല്ല. മേയര്‍ സ്ഥാനത്തേക്ക് ഒരു സുഹൃത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തന്റെ പിന്തുണ നിലവിലെ മേയര്‍ക്കാണെന്നു തുറന്നുപറഞ്ഞു. അത് മേയര്‍ അറിഞ്ഞു. ആ വിശ്വസ്ഥത അദ്ദേഹം ഒരിക്കലും മറന്നില്ല.

ഒരു നഴ്സിംഗ് ഹോമില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ പതിനാറ് നഴ്സിംഗ് ഹോമുകളുണ്ട്. അവയുടെ ചുമതല ഭാര്യയ്ക്കാണ്. ആദ്യത്തെ നഴ്സിംഗ് ഹോം പണിതതില്‍ നിന്നാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കുള്ള ചുവടുവെയ്പ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ചുമതല ബാബു സ്റ്റീഫനാണ്. ആവശ്യക്കാര്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനു പുറമെ 62 കെട്ടിടങ്ങള്‍ സെമി ലീസിനു നല്‍കിയിരിക്കുന്നു. പലതും സര്‍ക്കാരിനാണ്. വാടകയും കിട്ടും. കണ്‍സ്ട്രക്ഷന്‍ രംഗം ഏറെ ആദായകരമാണെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഫൊക്കാന പ്രസിഡന്റായാല്‍ ആദ്യ വര്‍ഷം തന്നെ നാട്ടില്‍ 25 വീട് നിര്‍മിച്ചുനല്‍കും. തിരുവനന്തപുരത്തെ അമ്പൂരിയിലും മറ്റു പലയിടങ്ങളിലും തനിക്ക് സ്ഥലമുണ്ട്. കൂടുതല്‍ സ്പോണ്‍സര്‍മാരെ കിട്ടിയാല്‍ കൂടുതല്‍ വീടുകള്‍ വച്ചുനല്‍കും. കേരളത്തില്‍ നിന്ന് ഒട്ടേറെ പേരെ ജോലിക്കായി സ്പോണ്‍സര്‍ ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്. കഴിയുന്നത്ര പേരെ സഹായിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ല.

ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെപ്പറ്റിയും അവസരങ്ങളെപ്പറ്റിയും മിക്കവര്‍ക്കും ധാരണയൊന്നുമില്ല. നാട്ടിലെ ഡെന്റല്‍ ബിരുദത്തിന് ഇവിടെ അംഗീകാരമില്ലെങ്കിലും ഒരു വര്‍ഷം ഇവിടെ പഠിച്ച് അംഗീകാരം നേടാന്‍ പല സ്ഥാപനങ്ങളുമുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഫൊക്കാന പ്രസിഡന്റായി വിജയിച്ചാല്‍ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന് 500 ഡോളറില്‍ കൂടുതല്‍ വാങ്ങില്ല. 500 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തും.

കണ്‍വന്‍ഷനുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതിന് പകരം അമേരിക്കന്‍ രാഷ്ട്രീയ രംഗത്തു സ്വാധീനവും ശക്തിയും മലയാളി സമൂഹത്തിനും നേടിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവര്‍ത്തനമെന് അദ്ദേഹം പറഞ്ഞു. പതിവ് പരിപാടികളും ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടരുമെങ്കിലും മലയാളി സമൂഹത്തെ ശാക്തീകരിക്കാറും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും. എല്ലാ തലത്തിലും ഫൊക്കാന ശക്തിപ്പെടുത്താനും കൂടുതല്‍ ജനപങ്കാളിത്തം നേടാനും പദ്ധതികള്‍ ആവിഷ്‌കരിക്കും.

ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ നേടിയ ഇദ്ദേഹം 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ് കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ്പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ ഗ്രേസി സ്റ്റീഫന്‍ പുനലൂര്‍ സ്വദേശിയാണ്. മകള്‍ ഡോ. സിന്ധു സ്റ്റീഫന്‍ ഗ്യാസ്ട്രോ എന്ററോളജിസ്റ്റാണ്. ഭര്‍ത്താവ് ജിം ജോര്‍ജ്. മൂന്നു കൊച്ചുമക്കള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments