ഷാജീ രാമപുരം
ഡാളസ് : വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള നോര്‍ത്ത് ടെക്സാസിലെ ഏക ദേവാലയമായ ഇര്‍വിംഗ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ഈ വർഷം നടത്തപ്പെട്ട സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ അനുഗ്രഹസാന്ദ്രമായി കൊടി ഇറങ്ങി.
മെയ് 6 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, മെയ് 7 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കും സന്ധ്യാ പ്രാർത്ഥനയോടും, ഗാന ശുശ്രുഷയോടും കൂടെ ആരംഭിച്ച ഓർമ്മപ്പെരുന്നാൾ ശുശ്രുഷയിൽ ഹ്യൂസ്റ്റൺ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഇടവക വികാരിയായിരിക്കുന്ന റവ.ഫാ. ഐസക് ബി. പ്രകാശ് മുഖ്യ സുവിശേഷ പ്രഭാഷണം നടത്തി. ഡാളസിലെ വിവിധ ഓർത്തഡോക്സ് ഇടവകളിലെ വൈദികർ ശ്രുശ്രുഷകൾക്കു സഹ കാർമ്മികത്വം വഹിച്ചു.
ശനിയാഴ്ച വൈകിട്ട് 8 മണിയോടെ അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോടു കൂടി ഭക്തി നിർഭരവും നിറപകിട്ടാർന്നതുമായ റാസയിൽ നാനാ മതസ്ഥരായ അനേകം വിശ്വാസികൾ സംബന്ധിച്ചു. തുടർന്ന് ആശിർവാദവും നേർച്ച വിളമ്പും നടത്തപ്പെട്ടു. കൂടാതെ അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെയും സൺഡേ സ്കൂളിന്റേയും നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും പെരുന്നാളിന് നാടൻ തനിമ പകർന്നു.
മെയ് 8 ഞായറാഴ്ച്ച രാവിലെ 8 :30 ന് പ്ലേനോ സെൻറ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി വെരി. റവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിലും റവ. ഫാ . ജോൺ കുന്നത്തുശ്ശേരിയിൽ, റവ. ഫാ. ജോഷ്വാ ജോർജ് എന്നി വൈദികരുടെ സഹ കാർമികത്വത്തിലും പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബ്ബാനയും, റാസ, നേർച്ച വിളമ്പ്, പെരുന്നാൾ സ്നേഹ വിരുന്ന് എന്നീ ശുശ്രുഷകൾക്ക് ശേഷം ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടി ഇറങ്ങി.
ഇടവക വികാരി റവ.ഫാ. ജോഷ്വാ ജോർജ്, സെക്രട്ടറി സാജൻ ചാമത്തിൽ, ട്രസ്റ്റി രാജൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.