വാഷിങ്ടണ്‍: ഇറാഖ് യുദ്ധത്തിനിടെ തങ്ങളുടെ നാട്ടുകാരെ കൊന്നുതള്ളിയതിന് പ്രതികാരമായി മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിനെ വധിക്കാന്‍ യുഎസില്‍ രാഷ്ട്രീയ അഭയം തേടിയ ഇറാഖ് സ്വദേശി പദ്ധതിയിട്ടിരുന്നതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ്.
52കാരനായ ഷിഹാബ് അഹമ്മദ് ഷിഹാബ് ആണ് പദ്ധതി തയാറാക്കിയത്. ബുഷിനെ വധിക്കാന്‍ യുഎസിലേക്ക് നാല് ഇറാഖ് പൗരന്മാരെ കടത്താനും ഷിഹാബ് ഒരുങ്ങിയതായി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എഫ്ബിഐ വ്യക്തമാക്കി.
മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ ഇവരെ യുഎസിലേക്ക് കടത്താനാണ് ശ്രമിച്ചത്. 2003ല്‍ ഇറാഖ് ആക്രമിക്കാന്‍ ഉത്തരവിട്ടതിന് തിരിച്ചടിയായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഷിഹാബും മറ്റൊരാളും ബുഷിനെ വധിക്കാനുള്ള പദ്ധതി കൊളംബസ് നഗരത്തില്‍ ആസൂത്രണം ചെയ്തു. തോക്കുകളും കൃത്രിമ യൂണിഫോം സംഘടിപ്പിക്കുന്നതും ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ സംബന്ധിച്ചും ഇവര്‍ ചര്‍ച്ച നടത്തിയതായും ഇസ്‌ലാമിക് സ്‌റ്റേറ്റ് അംഗങ്ങളും ഇറാഖ് ഇന്റലിജന്‍സ് ഏജന്റുമാരെയും ചേര്‍ത്തു സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചതായും എഫ്ബിഐ അവകാശപ്പെട്ടു.