ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2020-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയില്‍ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍, എതിര്‍കക്ഷികളായ മാമ്മന്‍ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുരിയന്‍ പ്രക്കാനം, ജോര്‍ജി വര്‍ഗീസ് എന്നിവര്‍ നേരിട്ടോ കൗണ്‍സല്‍ മുഖേനയോ ജൂണ്‍ 1-ന് കോടതിയില്‍ ഹാജരാകണമെന്ന് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ ഫൊക്കാനയുടെ പേരില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും മെയ് 23-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
2020 ജൂണ്‍ 12-ന് നാഷണല്‍ കമ്മിറ്റി അംഗീകരിച്ച പ്രമേയം നിയമപരമായി സാധൂകരിക്കപ്പെടേണ്ടതാണെന്നും, 2020 ജൂലൈ 28-ന് നടന്ന തെരഞ്ഞെടുപ്പ് അനധികൃതമാണെന്നും, ആ തെരഞ്ഞെടുപില്‍ വിജയിച്ചവരെ അയോഗ്യരാക്കണമെന്നും, ചൂണ്ടിക്കാണിച്ച് ന്യൂയോർക്ക് ക്യൂൻസ് കൗണ്ടി കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവ്. 2020 ആഗസ്റ്റ് 12-ന് ക്വീന്‍സ് സുപ്രീം കോടതി പുറപ്പെടുവിച്ച നിയന്ത്രണാജ്ഞയ്ക്കെതിരെ (Restraining Order) എതിര്‍കക്ഷികള്‍ മെരിലാൻഡ് ഫെഡറൽ കോടതിയില്‍ അപ്പീലിനു പോകുകയും ചെയ്തു.
ഫൊക്കാന എന്ന സംഘടന മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, അവിടെ നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണെന്നുമാണ് എതിര്‍കക്ഷികളുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കൂടാതെ, പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും, എതിര്‍ കക്ഷികള്‍ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാല്‍ കേസിലെ ‘നാനാത്വം’ (diversity) കണക്കിലെടുക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേള്‍ക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയിലാണെന്നും എതിര്‍കക്ഷികള്‍ വാദിച്ചു.
എന്നാല്‍, കേസ് മെരിലാന്റ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് മെരിലാന്റ് ഫെഡറല്‍ കോടതി ജഡ്ജി ജോര്‍ജ് എച്ച് ഹേസല്‍ ഉത്തരവിട്ടു. തന്നെയുമല്ല, കേസ് ക്വീന്‍സ് കൗണ്ടി കോടതിയിലേക്കു തന്നെ തിരിച്ചയക്കാനും ഉത്തരവിട്ടു.
അതേസമയം, ക്വീന്‍സ് കോടതിയുടെ നിയന്ത്രണാജ്ഞ പത്തു ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ എന്നും, ഇപ്പോൾ യാതൊരു വിധ നിയന്ത്രണങ്ങളും കമ്മിറ്റിയുടെ മേൽ നിലവിലില്ല എന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും എതിര്‍കക്ഷികള്‍ വാദിക്കുകയും, വീണ്ടും അവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയും ചെയ്തു. 2022 ജൂലൈയില്‍ അടുത്ത തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ എതിര്‍കക്ഷികള്‍ നടത്തുന്നതിനിടയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.