Monday, February 24, 2025

HomeAmerica'സീറോഫില്ലി' സീനിയേഴ്‌സിന്റെ പ്രഥമ സമ്മേളനം

‘സീറോഫില്ലി’ സീനിയേഴ്‌സിന്റെ പ്രഥമ സമ്മേളനം

spot_img
spot_img

ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ പള്ളിയിലെ സീനിയേഴ്‌സിന്റെ ആദ്യത്തെ സമ്മേളനം മെയ് 20 ശനിയാഴ്ച്ച നടന്നു. ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ ആത്മീയ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കപ്പെട്ട പ്രഥമസമ്മേളനത്തില്‍ ഇടവകയുടെ സ്ഥാപനത്തനും, പടിപടിയായുള്ള വളര്‍ച്ചയ്ക്കും കാരണക്കാരായ മുന്‍കൈക്കാരന്മാര്‍, മതബോധനസ്‌കൂളധികൃതര്‍, ഭക്തസംഘടനാനേതാക്കള്‍ ഉള്‍പ്പെടെയുള്ള എണ്‍പതിലധികം സീനിയേഴ്‌സ് പങ്കെടുത്തു.

ഉപരിപഠനത്തിനും, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടിയും 1970 കളില്‍ അമേരിക്കയില്‍ ചേക്കേറി ഫിലാഡല്‍ഫിയയില്‍ താമസമുറപ്പിച്ച മലയാളികള്‍ സഭാവ്യത്യാസംകൂടാതെ ഒരുമയോടെ മലയാളി സ്‌നേഹകൂട്ടായ്മകള്‍ പടുത്തുയര്‍ത്തുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കാലാവസ്ഥ, ഭാഷ, സംസ്‌കാരം, ജോലി എന്നീ പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്ത് കേരളതനിമയിലും, സംസ്‌കാരത്തിലുമുള്ള സ്‌നേഹകൂട്ടായ്മകള്‍ അവരുടെ പരിശ്രമഫലമായി രൂപംകൊണ്ടു. കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സഭാവ്യത്യാസം കൂടാതെ ഒന്നായി നിന്നിരുന്നവര്‍ ‘വളരുംതോറും പിളരും’ എന്ന തത്വത്തിലൂന്നി അവരവരുടെ പള്ളികള്‍ സ്ഥാപിക്കുകയും, ആരാധനാകാര്യങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.

സ്‌നേഹകൂട്ടായ്മയായി 1970 കളുടെ അവസാനം ആരംഭിച്ച ഫിലാഡല്‍ഫിയാ ക്രൈസ്തവസമൂഹം വളര്‍ന്ന് 1980 ന്റെ ആദ്യപകുതിയില്‍ ഫിലാഡല്‍ഫിയാ അതിരൂപതയുടെ കീഴില്‍ 3 കത്തോലിക്കാ റീത്തുകള്‍ക്കായി സീറോമലബാര്‍, സീറോമലങ്കര, ഇന്‍ഡ്യന്‍ ലത്തീന്‍ എന്നിങ്ങനെ മിഷനുകള്‍ അനുവദിക്കപ്പെട്ടു. ത്വരിതഗതിയില്‍ വളര്‍ച്ച നേടിയ സീറോമലബാര്‍ മിഷന്‍ 2001 ല്‍ സ്ഥാപിതമായ ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ രൂപതയുടെ കീഴിലായി.

ഫിലാഡല്‍ഫിയാ സീറോമലബാര്‍ മിഷന്‍ 2005 ല്‍ ഇടവകദേവാലയമായി ഉയര്‍ത്തപ്പെട്ടതിനൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനവും ക്രമീകരിക്കപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദേവാലയപാര്‍ക്കിങ്ങ് ലോട്ട് വിപുലീകരണം, ദേവാലയപുനര്‍നിര്‍മ്മാണം, മദ്ബഹാ നവീകരണം, ഗ്രോട്ടോ നിര്‍മ്മാണം തുടങ്ങിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ യുവജനശാക്തീകരണം, അത്മായസംഘടനകളുടെ രൂപീകരണം എന്നിവ പടിപടിയായി നിര്‍വഹിക്കപ്പെട്ടു. ഇതിനെല്ലാം കാരണഭൂതരായ സീനിയേഴ്‌സിനെ അംഗീകരിച്ചാദരിക്കേണ്ട സമയമാണിപ്പോള്‍.

പ്രവാസജീവിതത്തില്‍ മാതൃഭാഷയില്‍ ബലിയര്‍പ്പിക്കാന്‍ വൈദികരോ സ്വന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ പ്രതികൂലസാഹചര്യങ്ങളിലൂടെ കഠിനാധ്വാനംചെയ്ത് സ്വന്തം കുടുംബത്തെയും ബന്ധുമിത്രാദികളെയും അമേരിക്കയിലെത്തിച്ച് അവര്‍ക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുത്ത ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ മക്കളും, കൊച്ചുമക്കളുമൊത്തോ, ഒറ്റക്കോ ഇന്ന് റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരാണ്. അമേരിക്കയിലെ മലയാളി സമൂഹവളര്‍ച്ചയ്ക്കും, മാതൃരാജ്യപുരോഗതിക്കും ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്.

ദേവാലയകേന്ദ്രീകൃതമായ വിശ്വാസജീവിതവും, ക്രൈസ്തവമൂല്യങ്ങളും മുറുകെപിടിച്ചിരുന്ന സീനിയേഴ്‌സ് തങ്ങള്‍ക്ക് പൂര്‍വികരില്‍നിന്നു ലഭിച്ച വിശ്വാസചൈതന്യം സ്വന്തം മക്കളിലേക്കും കൈമാറി. കുട്ടികളുടെ വിശ്വാസപരിശീലനം, യുവജനപങ്കാളിത്തം, ആഘോഷാവസരങ്ങളില്‍ ഒത്തുചേരല്‍ എന്നിവ എല്ലാപ്രവാസി സമൂഹങ്ങളും കൃത്യമായി പാലിച്ചുപോന്നു. സെക്കന്റ് ജനറേഷനില്‍നിന്നും സഭാശുശ്രൂഷക്കായി വൈദികരെയും, കന്യാസ്ത്രികളെയും, അമേരിക്കന്‍ സമ്പത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടായി ധാരാളം പ്രൊഫഷണലുകളെയും സംഭാവന നല്‍കിയിട്ടുണ്ടെന്നതില്‍ നമുക്ക് അഭിമാനിക്കാം.

ദിവ്യബലിക്കും, പ്രഭാതഭക്ഷണത്തിനും ശേഷം ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ പ്രാര്‍ത്ഥനാശംസകളോടെ ആരംഭിച്ച സമ്മേളനത്തില്‍ ദമ്പതികളായും, വ്യക്തികളായും എണ്‍പതോളം പേര്‍ അത്യുല്‍സാഹത്തോടെ പങ്കെടുത്തു. സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഡോ. ജയിംസ് കുറിച്ചി എല്ലാവരെയും സ്വാഗതം ചെയ്തു. വിന്‍സന്റ് ഇമ്മാനുവല്‍, ജോസ് ജോസഫ്, രാജു പടയാറ്റില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജോസ് മാളേയ്ക്കല്‍ സമ്മേളനത്തിന്റെ മോഡറേറ്ററായി.

ഡോ. ജയിംസ് കുറിച്ചി, വിന്‍സന്റ് ഇമ്മാനുവല്‍, ജോസ് ജോസഫ്, ജോര്‍ജ് വേലാച്ചേരി, രാജു പടയാറ്റില്‍, ജോസ് മാളേയ്ക്കല്‍, സണ്ണി പടയാറ്റില്‍, ജോസ് ആറ്റുപുറം എന്നിവരാണ് ‘സീറോഫില്ലി’ സീനിയേഴ്‌സിന്റെ പ്രഥമ സമ്മേളനം വിളിച്ചുകൂട്ടാന്‍ മുന്‍കൈ എടുത്തത്. രണ്ടുമാസത്തിലൊരിക്കള്‍ അടുത്ത സമ്മേളനം കൂടുതല്‍ പരിപാടികളുമായി ജൂലൈ 22 ന് കൂടാന്‍ തീരുമാനിച്ച് സമ്മേളനം പിരിഞ്ഞു.

ഫോട്ടോ ക്രെഡിറ്റ്: ടോം പറ്റാനിയില്‍, ജെറി കുരുവിള

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments